രാജ്യസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ അപ്രതീക്ഷിതവിജയത്തിനു പിന്നില്‍ ഫഡ്‌നവിസിന്റെ തന്ത്രം


ദേവേന്ദ്ര ഫഡ്‌നവിസ്| Photo: ANI

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ അപ്രതീക്ഷിതവിജയത്തിലേക്ക് നയിച്ചത് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസിന്റെ തന്ത്രങ്ങൾ. 106 എം.എൽ.എ.മാർ മാത്രമുള്ള ബി.ജെ.പി.ക്ക്‌ രണ്ട് രാജ്യസഭാ സീറ്റുകളിൽ ജയം ഉറപ്പായിരുന്നു. എന്നാൽ, മൂന്നാം സീറ്റിൽ വിജയിക്കാൻ അവരുടെ ബാക്കി വോട്ടുകളോടൊപ്പം 17 വോട്ടുകൾകൂടി വേണമായിരുന്നു. ഇത്രയും വോട്ടുകൾ അവർക്ക് ലഭിക്കാൻ സാധ്യതയില്ലെന്നായിരുന്നു ശിവസേനയും എൻ.സി.പി.യും കോൺഗ്രസുമടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിന്റെ കണക്കുകൂട്ടൽ.

നിയമസഭയിലെ അംഗബലംവെച്ച് നോക്കുമ്പോൾ മഹാ വികാസ് അഘാഡി സഖ്യത്തിന് മൂന്നുസീറ്റുകളിൽ വിജയം ഉറപ്പായിരുന്നു. ചെറുകക്ഷികളും സ്വതന്ത്രരുമുൾപ്പെടെ 171 എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്ന് അവർ അവകാശപ്പെട്ടെങ്കിലും അത്രയും വോട്ടുകൾ നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പക്ഷത്തുണ്ട് എന്നു കരുതിയിരുന്ന ചില സ്വതന്ത്രരെയും ചെറുകക്ഷികളെയും മറുകണ്ടംചാടിക്കാനായി എന്നതാണ് ദേവേന്ദ്ര ഫഡ്‌നവിസിന്റെ വിജയം. ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 41 ആയിരുന്നു.

ശിവസേനയുടെ ഒന്നാം സ്ഥാനാർഥി സഞ്ജയ് റാവുത്തിന് അത്രയും വോട്ടുകൾ ലഭിച്ചപ്പോൾ സേനയുടെ ബാക്കി വോട്ടുകൾ(14) അവരുടെ രണ്ടാം സ്ഥാനാർഥി സഞ്ജയ് പാട്ടീലിന് ലഭിച്ചു.

എന്നാൽ, കോൺഗ്രസിന്റെ മുഴുവൻ വോട്ടുകളും(44) അവരുടെ സ്വന്തം സ്ഥാനാർഥിക്ക്‌ ലഭിച്ചപ്പോൾ എൻ.സി.പി.യുടെ പ്രഫുൽ പട്ടേലിന്(43) ലഭിച്ചതൊഴികെയുള്ള വോട്ടുകളും(10) പാട്ടീലിന് കിട്ടി.

ആകെ 24 വോട്ട്. വിജയിക്കാൻ 17 വോട്ടുകൾ വേണ്ട സ്ഥാനത്ത് സ്വതന്ത്രരും ചെറുകക്ഷികളുമായി സഞ്ജയ് പാട്ടീലിന് സ്വരൂപിക്കാൻ കഴിഞ്ഞത് വെറും ഒൻപത് വോട്ടും. രണ്ടാം വോട്ടുകളുടെ കണക്കെടുത്തപ്പോൾ ബി.ജെ.പി.യുടെ ധനഞ്ജയ് മഹാദിക് ഏറെ മുന്നിൽപ്പോകുകയും ചെയ്തു.

എം.വി.എ. സഖ്യത്തിലെ പ്രധാന പാർട്ടികളെല്ലാം വ്യത്യസ്ഥ ഹോട്ടലുകളിൽ താമസിച്ച് തങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ നീങ്ങിയപ്പോൾ ബി.ജെ.പി.ക്ക്‌ തങ്ങളുടെ മൂന്നാം സ്ഥാനാർഥിയെ ഏതുവിധേനയും വിജയിപ്പിക്കുക എന്നതായിരുന്നു പരിപാടി.

മൂന്നു പാർട്ടികളുടേയും രണ്ടാം വോട്ടുകൾ ഒന്നിപ്പിക്കുക എന്നതിൽപ്പോലും എം.വി.എ. സഖ്യം വിജയം കണ്ടില്ല. ചുരുക്കത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകൾ ഏകോപിപ്പിക്കാൻ അവരിൽ ഒരു കോ-ഓർഡിനേറ്റർ ഇല്ലാതെപോയി. ബി.ജെ.പി.ക്ക്‌ തങ്ങളുടെ മുഴുവൻ വോട്ടുകളും ഉറപ്പിച്ചതിനാൽ ബാക്കി 17 വോട്ടുകൾ കണ്ടെത്തുകയെന്നത് മാത്രമായിരുന്നു പ്രധാനമായും മുന്നിലുണ്ടായിരുന്നത്.

സ്വതന്ത്രരെയും ചെറുകക്ഷികളെയും തങ്ങളുടെ പക്ഷത്താക്കി അവർക്കത് നേടിയെടുക്കാനും കഴിഞ്ഞു. ഒാരോ പാർട്ടിയെയും വശത്താക്കാൻ ദേവേന്ദ്ര ഫഡ്‌നവിസ് പ്രത്യേക സംഘങ്ങൾ തന്നെ രൂപവത്കരിച്ചിരുന്നു.

ബി.ജെ.പി.യുടെ അട്ടിമറിവിജയം എം.വി.എ. സഖ്യത്തെ തത്കാലം ബാധിക്കില്ലെങ്കിലും തങ്ങളുടെ പക്ഷത്തുനിന്ന് കൂടുതൽ കൊഴിഞ്ഞുപോക്ക് ഉണ്ടാകാതെ നോക്കുകയെന്നത് അവർക്ക് പ്രധാനമാണ്.

ഒരാഴ്ചയ്ക്കുശേഷം നടക്കാനിരിക്കുന്ന നിയമസഭാ കൗൺസിലിലും ഇതേ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകൾ എം.വി.എ. സഖ്യം നടത്തേണ്ടതുണ്ട്. രഹസ്യ വോട്ടെടുപ്പായിരിക്കും കൗൺസിൽ തിരഞ്ഞെടുപ്പിൽ നടക്കുക എന്നതിനാൽ എം.വി.എ. സഖ്യത്തിലെ കൂടുതൽ വോട്ടുകൾ ബി.ജെ.പി. പക്ഷത്തേക്ക് പോകുമോ എന്ന ഭയമുണ്ട്. ഇതിനെയൊക്കെ മറികടക്കാൻ പുതിയ തന്ത്രങ്ങൾ അവർ മെനയേണ്ടിയിരിക്കുന്നു.

‘ഇ.ഡി. നിയന്ത്രണം ഞങ്ങൾക്കായിരുന്നെങ്കിൽ ഫഡ്‌നവിസും സേനയ്ക്ക് വോട്ടുചെയ്യുമായിരുന്നു’

മുംബൈ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നിയന്ത്രണം ശിവസേനയുടെ കൈയിലായിരുന്നുവെങ്കിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ്‌വരെ സേനയുടെ സ്ഥാനാർഥിക്ക് വോട്ടുചെയ്യുമായിരുന്നുവെന്ന് സഞ്ജയ്‌റാവുത്ത്.

മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ സ്ഥാനാർഥി സഞ്ജയ്‍പവാർ ബി.ജെ.പിയുടെ ധനഞ്ജയ് മഹാദിക്കിനോട് തോറ്റതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റാവുത്ത്.

ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ചെറിയകക്ഷികളുടെ ചില എം.എൽ.എമാരും ചില സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാർഥിയുടെ വിജയത്തിന് നിമിത്തമായിട്ടുണ്ടെന്ന് റാവുത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും ബി.ജെപി.യെ സഹായിക്കുന്ന തരത്തിലായിരുന്നുവെന്ന് റാവുത്ത് കുറ്റപ്പെടുത്തി.

ഹിതേന്ദ്ര താക്കൂർ നേതൃത്വം നൽകുന്ന ബഹുജൻ വികാസ് അഘാഡിയുടെ മൂന്ന് എം.എൽ.എ.മാരും സ്വതന്ത്ര അംഗം കർമാല സഞ്ജയ് മാമ ഷിന്ദേയും സ്വാഭിമാൻപക്ഷ എം.എൽ.എ. ദേവേന്ദ്ര ബയറും പെസൻസ് വർക്കേഴ്‌സ് പാർട്ടിയുടെ ശ്യാം സന്ദർ ഷിന്ദേയും മഹാവികാസ് അഘാഡി സഥാനാർഥിക്ക് വോട്ടുചെയ്തിട്ടില്ലെന്ന് റാവുത്ത് വെളിപ്പെടുത്തി.

ഇത്തരമൊരു സംഭവവികാസത്തെ ശിവസേന ജാഗ്രതയോടെയാണ് കാണുന്നതെന്നും പാർട്ടി സ്ഥാനാർഥിയുടെ തോൽവിയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിരാശനാണെന്നും റാവുത്ത് പറഞ്ഞു.

Content Highlights: devendra fadnavis's strategy made bjp victorious in maharashtra

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..