എൻ.എസ്.ഇ. സെർവർ തിരിമറി: സഞ്ജയ് ഗുപ്ത അറസ്റ്റിൽ


മുംബൈ : നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ സെർവർ തിരിമറിക്കേസിൽ ഒ.പി.ജി. സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടർ സഞ്ജയ് ഗുപ്തയെ സി.ബി.ഐ. അറസ്റ്റുചെയ്തു. എൻ.എസ്.ഇ. സെർവറിന്റെ കോ-ലൊക്കേഷൻ സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ചതുവഴി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാരോപണം നേരിടുന്ന ഓഹരിദല്ലാളാണ് സഞ്ജയ് ഗുപ്ത.

ബ്രോക്കർമാർക്കും ഓഹരി ഇടപാടുകാർക്കും വിപണി വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഇടപാടുകൾ വേഗം നടത്താനുമായി സ്റ്റോക്ക് എക്സ്ചേഞ്ചിനോടനുബന്ധിച്ച് സെർവറുകൾ വെക്കാൻ സൗകര്യം നൽകുന്നതാണ് കോ-ലൊക്കേഷൻ സംവിധാനം.

എൻ.എസ്.ഇ.യിൽ 2009-’10 കാലത്താണ് കോ-ലൊക്കേഷൻ സംവിധാനം തുടങ്ങിയത്. നടപടിക്രമം പാലിക്കാതെ സേവനം നടപ്പാക്കിയത് വലിയ ക്രമക്കേടുകൾക്ക് കാരണമായെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ. 2018-ൽ കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.

2010 മുതൽ 2014 വരെ സഞ്ജയ് ഗുപ്തയ്ക്കും മറ്റു ചില ബ്രോക്കർമാർക്കും കോ-ലൊക്കേഷൻ സംവിധാനത്തിൽ അൽഗോരിതം ഉപയോഗിച്ചുള്ള ഇടപാടിന് സോഫ്റ്റ്‌വേർ ഉൾപ്പെടുത്തിയിരുന്നതായി സെബി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി എൻ.സ്.ഇ.യുടെ ദ്വിതീയ സെർവറിലേക്ക് ഇവർക്ക് നേരിട്ട് പ്രവേശിക്കാൻ കഴിഞ്ഞു. കൃത്യമായ കാരണങ്ങളില്ലാതെ ദിവസേനയെന്നോണം ഒ.പി.ജി. സെക്യൂരിറ്റീസ്, എൻ.എസ്.ഇ.യുടെ ദ്വിതീയ സെർവറിൽ പ്രവേശിച്ചിട്ടുണ്ടെന്ന് സെബി കണ്ടെത്തി.

വീഴ്ച മുൻനിർത്തി എൻ.എസ്.ഇ. മുൻ മാനേജിങ് ഡയറക്ടർ ചിത്ര രാമകൃഷ്ണയ്ക്കും ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനും എൻ.എസ്.ഇ.ക്കും മറ്റും സെബി പിഴയിടുകയും ചെയ്തു. ഇതോടെയാണ് കേസിൽ അന്വേഷണം ശക്തിപ്പെട്ടത്. സി.ബി.ഐ. അറസ്റ്റുചെയ്ത ചിത്രയും ആനന്ദും നിലവിൽ ജയിലിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..