ഡൽഹി രാജേന്ദ്ര നഗർ ഇന്ന് പോളിങ് ബൂത്തിലേക്ക്


ന്യൂഡൽഹി : ജലക്ഷാമവും സർക്കാരിന്റെ മദ്യനയവും ഉൾപ്പടെ ഒരുമാസം നീണ്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ രാജേന്ദ്ര നഗർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്.

പോളിങ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച ഉച്ചയോടെതന്നെ പൂർത്തിയായിട്ടുണ്ട്. 190 പോളിങ് ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭിന്നശേഷിക്കാർക്ക്‌ വോട്ടുചെയ്യാൻ വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ പ്രത്യേക സൗകര്യമൊരുക്കും. കള്ളവോട്ട് തടയാൻ പോളിങ്‌ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ഡൽഹി സി.ഇ.ഒ. ഓഫീസ് അറിയിച്ചു. മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകളോ പ്രശ്നസാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക.

14 സ്ഥാനാർഥികൾ മത്സരരംഗത്തുള്ള ഉപതിരഞ്ഞെടുപ്പിൽ 1,64,698 വോട്ടർമാരാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. കോൺഗ്രസിന്റെ സ്ഥാനാർഥി പ്രേംലതയാണ്. ആംആദ്മി സ്ഥാനാർഥി ദുർഗേഷ് പാഠക്കാണ്. രാജേഷ് ഭാട്ടിയയാണ് ബി.ജെ.പി. സ്ഥാനാർഥി. വോട്ടർമാരിൽ 92,221 പേർ പുരുഷന്മാരും 72,473 സ്ത്രീകളും നാലുപേർ മൂന്നാം ലിംഗക്കാരുമാണ്. 1899 വോട്ടർമാർ 18-19 പ്രായത്തിലുള്ളവരാണ്. മാസ്‌ക്, കൈയുറകൾ, തെർമൽ സ്‌കാനറുകൾ, സാമൂഹിക-അകലം അടയാളപ്പെടുത്തൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും വോട്ടിങ്. ക്രമസമാധാന പാലത്തിനായി ആറ് കമ്പനി സി.എ.പി.എഫ്‌. ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും 1000 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഡ്യൂട്ടിയിലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

സെൽഫി കിയോസ്‌കുകളും ഹരിത സ്റ്റേഷനും : പോളിങ് ബൂത്തുകളിൽ സെൽഫി കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. വോട്ടർമാർക്ക് സെൽഫിയെടുക്കാനും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുമാണിത്. പുസയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ.) മാതൃകാ പോളിങ് സ്റ്റേഷൻ സ്ഥാപിച്ചു. എല്ലാ പച്ച വസ്തുക്കളും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ പോളിങ് സ്റ്റേഷനാണിത്. ദസ്ഘരയിൽ ഒരു പോളിങ് ബൂത്തും ന്യൂ രജീന്ദർ നഗറിലെ ഡി.ഐ. ഖാൻ ഭാരതി സഭാ സീനിയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തും സ്ത്രീസൗഹൃദ ബൂത്തുകളാകും. ഈ പോളിങ് സ്റ്റേഷനിൽ വനിതാ പോളിങ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടാകൂ. സുരക്ഷാ ഉദ്യോഗസ്ഥരും സ്ത്രീകളായിരിക്കും.

വോട്ടവകാശം വിനിയോഗിക്കണമെന്ന് സി.ഇ.ഒ. :വോട്ടർമാരെല്ലാം സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ.) രൺബീർ സിങ് വോട്ടർമാരോട് അഭ്യർഥിച്ചു. മണ്ഡലത്തിലെ എക്കാലത്തെയും ഉയർന്ന വോട്ടിങ്‌ ശതമാനം രേഖപ്പെടുത്തി രാജ്യത്തിന് മുന്നിൽ മാതൃക കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സിങ് ചൊവ്വാഴ്ച മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ (ആർ.ഒ.) ഓഫീസ് സന്ദർശിച്ചു. സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് മുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബോധവത്‌കരണ കാമ്പെയ്നുകൾ നടത്തുകയും ചെയ്യുന്നതുവരെ തിരഞ്ഞെടുപ്പ് നീതിയുക്തവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡൽഹി സി.ഇ. ഒ. ഓഫീസ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. 2020-ലെ തിരഞ്ഞെടുപ്പിൽ രജീന്ദർ നഗറിലെ പോളിങ് 58.27 ശതമാനമായിരുന്നു- 58.09 ശതമാനം പുരുഷവോട്ടർമാരും 58.5 ശതമാനം സ്ത്രീ വോട്ടർമാരും. 14 പോളിങ് സ്റ്റേഷനുകളിൽ 50 ശതമാനത്തിൽ താഴെയായിരുന്നു പോളിങ്. കഴിഞ്ഞതവണ പോളിങ് ശതമാനം കുറവായിരുന്ന 50 പോളിങ് സ്റ്റേഷനുകളിൽ ഇത്തവണ പ്രത്യേക പ്രചാരണം നടത്തുമെന്ന് സി.ഇ. ഒ. നേരത്തേ അറിയിച്ചിരുന്നു.

ചരിത്രവിജയമുണ്ടാകുമെന്ന് ആം ആദ്മി: തള്ളി ബി.ജെ.പിയും കോൺഗ്രസും

: ഉപതിരഞ്ഞെടുപ്പിൽ ‘ചരിത്ര വിജയം’ രേഖപ്പെടുത്തുമെന്നും ബി.ജെ.പിക്ക് കനത്ത പരാജയം ഏൽക്കുമെന്നും എ.എ.പി. ചൊവ്വാഴ്ച അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് എ.എ.പി. എം.എൽ.എമാർ രജീന്ദർ നഗറിനെ അവഗണിച്ചതിൽ നിരാശരായ ജനങ്ങൾ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ തീരുമാനിച്ചുവെന്നതാണ് രണ്ടാഴ്ചത്തെ വിപുലമായ പ്രചാരണത്തിൽനിന്നുള്ള എന്റെ അനുഭവമെന്ന് ഡൽഹി ബി.ജെ.പി. അധ്യക്ഷൻ ആദേശ് ഗുപ്ത ചൊവ്വാഴ്ച പറഞ്ഞു. ഇരുവാദങ്ങളും തള്ളി വിജയം തങ്ങൾക്ക് സുനിശ്ചിതമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..