ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ഏക അംഗീകൃത അറവുശാലയായ ഗാസിപുർ അറവുശാല നാലാഴ്ചയിലേറെയായി അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ അനധികൃത അറവുകേന്ദ്രങ്ങൾ സജീവമാകുന്നതായി പരാതി. ഇത് തടയുന്നതിനും ഗാസിപുരിലെ അറവുശാല തുറക്കുന്നതിനും അനുമതി ആവശ്യപ്പെട്ട് ലഫ്. ഗവർണർ, മുനിസിപ്പൽ കമ്മിഷണർ, ഭക്ഷ്യവിതരണ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവർക്ക് ഡൽഹി മാംസ വ്യാപാരി അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് അർഷാദ് ഖുറേഷി കത്ത് നൽകി.
അനുമതിയില്ലാത്ത കുഴൽക്കിണറുകൾ ഉപയോഗിക്കുക, മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ഡൽഹി മലിനീകരണനിയന്ത്രണ കമ്മിറ്റിയാണ് മേയ് 30-ന് ശാല അടപ്പിച്ചത്. തങ്ങൾക്ക് മറ്റ് വരുമാനമാർഗങ്ങളില്ലാത്തതിനാൽ ഞങ്ങളുടെ ഉപജീവനം അപകടത്തിലാണെന്ന് മാംസ വ്യാപാരി യൂണിയൻ ജനറൽസെക്രട്ടറി ഇർഷാദ് ഖുറേഷി പറഞ്ഞു.
പരോക്ഷമായി അനധികൃത കശാപ്പിനെ പ്രോത്സാഹിപ്പിക്കുന്നനയമാണ് നിലവിൽ തുടരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ കശാപ്പ് ചെയ്യുന്ന മാംസമാണ് നിലവിൽ നഗരത്തിൽ വിതരണംചെയ്യുന്നത്. അതിനായി ഉപയോഗിക്കുന്ന കന്നുകാലികളിൽ രോഗം ബാധിച്ചവയുൾപ്പടെയുണ്ടാകാൻ സാധ്യതയുണ്ട്.
അറവുശാല അടച്ചുപൂട്ടുന്നത് മൂലം മൃഗത്തോൽ, മൃഗത്തീറ്റകൾ, കുളമ്പ്, മൃഗക്കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അനുബന്ധ വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..