നഗരസഭ തിരഞ്ഞെടുപ്പിനുമുമ്പ് ഭരണമാറ്റം: ലക്ഷ്യം വിജയിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി.


ഗുവാഹാട്ടിയിലെ ഹോട്ടലിൽ ഏക്‌നാഥ് ഷിന്ദേ വിമത എം.എൽ.എ.മാർക്കൊപ്പം

മുംബൈ : ബി.എം.സി. ഉൾപ്പെടെ മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന നഗരസഭ തിരഞ്ഞെടുപ്പുകൾക്കുമുമ്പ് ഉദ്ധവ്താക്കറെ സർക്കാരിനെ മറിച്ചിടണമെന്നുള്ള ലക്ഷ്യം വിജയിക്കുമെന്നുള്ള പ്രതീക്ഷയിൽ ബി.ജെ.പി.

ഭരണത്തിലിരുന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ബി.എം.സി ഭരണം പിടിക്കാമെന്നാണ് ബി.ജെ. പി കരുതുന്നത്. ഏക്‌നാഥ് ഷിേന്ദയെപ്പോലെ ഒരു മറാഠി നേതാവിനെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞതിൽ ബി.ജെ.പി. വിജയിച്ചതായി വിലയിരുത്തുന്നു. താനെ മേഖലയിൽ ഷിന്ദേക്ക്‌ ശക്തമായ സ്വാധീനമുണ്ട്. താനെ നഗരസഭ ശിവസേനയാണ് തുടർച്ചയായി ഭരിച്ചുകൊണ്ടിരിക്കുന്നത്. കല്യാൺ-ഡോംബിവ്ിലി നഗരസഭയിലും ഷിന്ദേയുടെ അനുയായികൾ ഏറെയാണ്. ഷിന്ദേയുടെ മകൻ ശ്രീകാന്ത് ഷിന്ദേ കല്യാണിൽനിന്നുള്ള എം.പി.യാണ്. ഇതെല്ലാം കണക്കുകൂട്ടിയാണ് ഷിന്ദേയെ ദേവേന്ദ്ര ഫഡ്‌നവിസ് കൈയിലെടുത്തത്. പാർട്ടിയെ പിളർത്താൻ ഷിന്ദേ ശ്രമം നടത്തിക്കൊണ്ടിരുന്നതിനെക്കുറിച്ച് ശിവസേനാനേതൃത്വം അറിഞ്ഞിരുന്നില്ല. ഷിന്ദേ പാർട്ടി വിട്ടുപോകുകയില്ലെന്ന വിശ്വാസത്തിലായിരുന്നു ഉദ്ധവ്. താൻ കൈകാര്യംചെയ്യുന്ന നഗരവികസനവകുപ്പിൽ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നുള്ളത് ഷിന്ദേയെ അസംതൃപ്തനാക്കുന്നത് മുഖ്യമന്ത്രി ഗൗരവമായി എടുത്തില്ല.

മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പണം ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് എം.എൽ.എ.മാർക്കിടയിൽ വ്യാപകമായ അസംതൃപ്തിക്കിടയാക്കിയിരുന്നു. ഷിന്ദേയോടൊപ്പം കൂടുതൽ എം.എൽ.എ.മാർ പോകാൻ അത് കാരണമായതായും വിലയിരുത്തുന്നു. ശിവസേനയ്ക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയെക്കുറിച്ച് ശരദ്പവാറും മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. എന്നാൽ ഉദ്ധവ് പ്രശ്നം പരിഹരിക്കാൻ വൈകിയത് ബി.ജെ.പി.ക്ക് അനുകൂലമായി. മുംബൈയെ കൂടാതെ നവിമുംബൈ, താനെ, വസായ്‌-വിരാർ, കല്യാൺ-ഡോംബിവിലി, പുണെ, പിംപ്രി-ചിഞ്ച്‌വാഡ് തുടങ്ങി 15 നഗരസഭകളിലേക്കും വിവിധ ജില്ലാ പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഭരണത്തിലിരുന്ന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉദ്ധവിന്റെ നീക്കത്തിനാണ് ബി.ജെ.പി. വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..