അജിത് പവാർ കോൺഗ്രസ് എം.എൽ.എ.മാരെ ബുദ്ധിമുട്ടിച്ചെന്ന് നാനാ പട്ടോളെ


മുംബൈ : എം.വി.എ. സഖ്യത്തിലെ ധനകാര്യ വകുപ്പ് മന്ത്രി അജിത് പവാർ കോൺഗ്രസ് മന്ത്രിമാരേയും എം.എൽ.എ. മാരെയും ബുദ്ധിമുട്ടിച്ചെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ നാനാ പട്ടോളെ ആരോപിച്ചു.

റിബൽ ശിവസേന എം.എൽ.എ.മാർ കഴിഞ്ഞ ദിവസം ഉന്നയിച്ച അതേ ആരോപണമാണ് സഖ്യത്തിലെ മറ്റൊരു കക്ഷിയായ കോൺഗ്രസും ഇപ്പോൾ ഉന്നയിക്കുന്നത്. നാനാ പട്ടോളെയുടെ പ്രസ്താവന എം.വി.എ. സഖ്യത്തിലെ എൻ.സി.പി.യെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണെങ്കിലും പ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നത് അജിത് പവാർ ആണെന്നും മുന്നണിയിലെ എല്ലാ എം.എൽ.എ. മാർക്കും ഒരേ രീതിയിൽ വികസന ഫണ്ട് നൽകാതെ അദ്ദേഹം സ്വന്തം പാർട്ടിയിലെ എം.എൽ.എ. മാരെ മാത്രമാണ് സഹായിക്കുന്നതെന്നും നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. കോൺഗ്രസ് എം.എൽ.എ. ഇക്കാര്യം പാർട്ടി ഹൈക്കമാന്റിൽ പരാതിപ്പെടുക പോലുമുണ്ടായി. നാനാ പട്ടോളയുടെ പ്രസ്താവന പുറത്തു വന്നപ്പോൾ എൻ.സി.പി. നേതാവ് ഛഗൻ ഭുജ്ബൽ ഇതിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്: 'പാർട്ടികളിൽ പോലും ചില നേതാക്കൾക്കെതിരേ മറ്റു നേതാക്കൾ പരാതി പറയാറുണ്ട്. അതുകൊണ്ട് ഇതത്ര വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.' ഏതായാലും മുന്നണിയിൽ എൻ.സി.പി. യുടെ മേൽക്കൈ നേരത്തേ തന്നെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി പ്രധാനപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻ.സി.പി. നേതാവ് ശരദ് പവാറിനെ മാത്രമേ വിളിക്കാറുള്ളൂവെന്നും മുന്നണിയുടെ ഭാഗമായിട്ടും കോൺഗ്രസ് നേതാക്കളെ ചർച്ചയിൽ ഉൾപ്പെടുത്താറില്ലെന്നും മുമ്പ് പരാതി ഉയർന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..