എം.എൽ.എ.മാർ ഭൂരിഭാഗവും മറുപക്ഷത്ത് : ശിവസേന നേരിടുന്നത് ചരിത്രത്തിലെ വലിയപ്രതിസന്ധി


ഉദ്ധവ്് താക്കറെക്ക്്് പിന്തുണയുമായി മാതോശ്രീക്ക്്് മുന്നിലെത്തിയ ശിവസേന പ്രവർത്തകർ

മുംബൈ: എം.എൽ.എ. മാരിൽ ഭൂരിഭാഗവും കൈവിട്ടതോടെ പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കുകയാണ് താക്കറേ കുടുംബം. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വിമതനേതാവ്‌ ഏക്‌നാഥ് ഷിന്ദേ രംഗത്തുവന്നതോടെ ശിവസേനയുടെ ചരിത്രത്തിലെതന്നെ വലിയവെല്ലുവിളിയാണ് പാർട്ടി പ്രത്യേകിച്ച്‌ ഉദ്ധവ്താക്കറേ നേരിടുന്നത്.

അധികാരം ഒഴിയാൻ സന്നദ്ധതപ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വർഷയിലെ താമസംമാറ്റി വസതിയായ വർഷയിലേക്ക് മാറിയ ഉദ്ധവിനെ പാർട്ടി പ്രവർത്തകർ വഴിനീളെ എതിരേറ്റുവെങ്കിലും അത്തരമൊരുനീക്കത്തിനും വിമതരെ സ്വാധീനിക്കാനായില്ല.

താക്കറേ കുടുംബത്തിന് പാർട്ടിയിൽ നിയന്ത്രണം നഷ്ടപ്പെടുന്നസാഹചര്യമാണ് നിലവിൽ. മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് പാർട്ടി ചിഹ്നത്തിനും കൊടിക്കുമായി വിമതപക്ഷം ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.

1966 ജൂൺ 19-നാണ് പാർട്ടി നിലവിൽവന്നത്. പിന്നീട് വിമതനീക്കങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും നെടുകെയുള്ള ഒരുപിളർപ്പിനെ പാർട്ടി ഇതാത്യമായിട്ടാണ് അഭിമുഖീകരിക്കുന്നത്. രണ്ടരവർഷത്തോളം ഭരണം വലിയപ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോഴാണ് ഷിന്ദേയുടെ നേതൃത്വത്തിൽ ശക്തമായ വിമതനീക്കം പാർട്ടിക്കുള്ളിലു ണ്ടായത്.

പാർട്ടി ദശാബ്ദങ്ങളായി അധികാരത്തിലിരിക്കുന്ന മുംബൈനഗരസഭ ഉൾപ്പെടെ വിവിധനഗരസഭകളിലേക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരുക്കുമ്പോഴാണ് പാർട്ടി പ്രതിസന്ധി നേരിടുന്നത്.

മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിൽനിന്നുള്ള എം.എൽ.എ.മാരും മന്ത്രിമാരും ഷിന്ദേയോടൊപ്പം കൂടിയിട്ടുണ്ട്. വിമതരെ അനുനയിപ്പിക്കാൻ ശക്തമായി പരിശ്രമങ്ങൾ പാർട്ടി നടത്തുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയതായിട്ടാണ് വിലയിരുത്തൽ.

പാർട്ടിക്ക്‌ നിലവിലെ പ്രതിസന്ധിമറികടക്കാൻ കുറച്ചെങ്കിലും പ്രയോജനപ്പെടുന്ന മന്ത്രി അനിൽപരബ് എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്നു. കൊങ്കണിൽനിന്നുള്ള നേതാവ് ദീപക് കെ. സർക്കാരാണ് സന്ധിസംഭാഷണക്കാരനായി രംഗത്തുള്ളത്. വിമതർ മടങ്ങിവന്നാൽ 20 പേരെങ്കിലും ഉദ്ധവിനടുത്ത് എത്തുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെടുന്നുണ്ട്. ഇതാദ്യമായിട്ടല്ല ശിവസേനയിൽ കാലപക്കൊടി ഉയരുന്നതെങ്കിലും ഭരണത്തിലിരിക്കുമ്പോഴുള്ള വിമതനീക്കം ആദ്യമാണ്.

ബാൽതാക്കറേയുടെ കാലത്തായിരുന്നു മുമ്പ് നടന്ന വിമതനീക്കങ്ങളെല്ലാം. പാർട്ടിയിൽ കലാപക്കൊടി ഉയർത്തി രംഗത്തുവന്ന ഛഗൻ ഭുജ്ബലിനോടൊപ്പം 18 എം.എൽ.എ. മാർ ഉണ്ടായിരുന്നുവെങ്കിലും വൈകാതെ 12 പേർ മടങ്ങിവന്നിരുന്നു.

അന്ന് കോൺഗ്രസിന്റെ ഭരണമായിരുന്നു. ഭുജ്ബലിനേയും കൂടെയുള്ളവരേയും പ്രത്യേകഗ്രൂപ്പായി സ്പീക്കർ സഭയിൽ പരിഗണിച്ചു. പിന്നീട് നാരായൺ റാണെയും ഗണേശ് നായിക്കും പാർട്ടിവിട്ടുപോയെങ്കിലും അതൊന്നും അത്ര വലിയചലനങ്ങൾ ഉണ്ടാക്കിയിരുന്നില്ല.

ഏക്‌നാഥ് ഷിന്ദെ വഞ്ചകൻ

മുംബൈ : മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ കടുത്ത രാഷ്ട്രീയപ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കെ വിമത എം.എൽ.എ.മാരെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്‌ന.

ഏക്‌നാഥ് ഷിന്ദെയെ വിശ്വാസവഞ്ചകനെന്നാണ് മുഖപത്രം വിലയിരുത്തിയത്. ശിവസേന ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എ.മാരായവർ ഇപ്പോൾ ബി.ജെ.പി.യുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇ.ഡി.യെയും സി.ബി.ഐ.യെയും ഭയന്നാണ് എം.എൽ.എ.മാർ ഓടിപ്പോയതെന്ന് സാമ്‌ന കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..