ഡൽഹി രാജേന്ദ്രനഗർ തിരഞ്ഞെടുപ്പ്‌: പോളിങ് 43.75 ശതമാനം


ന്യൂഡൽഹി : രാജേന്ദ്രനഗർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വ്യാഴാഴ്ച നടന്നു. പോളിങ് ശതമാനം കഴിഞ്ഞതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. സമ്മദിതായാവകാശം വിനിയോഗിച്ചത് 43.75 ശതമാനം മാത്രമാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ.) രൺബീർ സിങ് അറിയിച്ചു. കോവിഡ് പോസിറ്റീവായവർക്ക് മാറ്റിവെച്ച അവസാനമണിക്കൂർ 24 വോട്ടർമാർ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ വോട്ടവകാശമുള്ള 1,64,698 പേർ ഉണ്ടായിരുന്നെങ്കിലും 72,000-ത്തോളംപേർ മാത്രമാണ് വോട്ടുചെയ്തത്.

2020-ലെ പോളിങ് 58.27 ശതമാനമായിരുന്നു. അന്ന് 58.09 ശതമാനം പുരുഷന്മാരും 58.09 ശതമാനം സ്ത്രീകളുമാണ് വോട്ടു രേഖപ്പെടുത്തിയത്. ആഴ്ചകളായി നടന്ന ശക്തമായ പ്രചരണങ്ങൾക്കൊടുവിലാണ് വ്യാഴാഴ്ച ജനങ്ങൾ ബൂത്തുകളിലെത്തിയത്.

മണ്ഡലത്തിലെ എം.എൽ.എ. ആയിരുന്ന ആം ആദ്മി പാർട്ടിയുടെ രാഘവ് ഛദ്ദ പഞ്ചാബിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പതിന്നാല് സ്ഥാനാർഥികൾ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. ജലക്ഷാമവും സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായിരുന്നു തിരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയായത്. എം.സി.ഡി. ചുമതല വഹിച്ചിരുന്ന ആംആദ്മി പാർട്ടി നേതാവ് ദുർഗേഷ് പാഠക്കും കൗൺസിലറും ബി.ജെ.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന രാജേഷ് ഭാട്ടിയയും തമ്മിൽ കടുത്ത മത്സരമായാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് വോട്ടണ്ണൽ.

വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് സോനം കപൂർ

ന്യൂഡൽഹി : നിർണായകമായ നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എല്ലാവരും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം സോനം കപൂർ ജനങ്ങളോടഭ്യർഥിച്ചു. കൂടുതൽ ജനങ്ങളെ വോട്ടുചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഇലക്‌ഷൻ കമ്മിഷനധികൃതർ സോനം കപൂറിനെ പ്രചാരണത്തിനിറക്കുകയായിരുന്നു.

രാജേന്ദ്രനഗർ മണ്ഡലത്തിൽ 1,899 കന്നിവോട്ടർമാർ ഉൾപ്പെടെ 1,64,698 പോർക്കാണ് വോട്ടവകാശമുള്ളത്. വ്യാഴാഴ്ചരാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പിൽ ജനങ്ങളുടെ പൂർണപങ്കാളിത്തമുണ്ടാകണമെന്ന് നടി വീഡിയോയിൽ അഭ്യർഥിച്ചു. ന്യൂഡൽഹി ജില്ലയുടെ ഫേസ്ബുക്ക് പേജും ഇത് പങ്കുവെച്ചു. സമൂഹമാധ്യങ്ങളിൽ ഒട്ടേറെപേർ പിന്തുടരുന്ന സോനം കപൂർ വോട്ടർമാരെ, പ്രത്യേകിച്ചും യുവാക്കളെ ബൂത്തിലെത്തിക്കുമെന്ന് കണക്കുകൂട്ടിയായിരുന്നു കമ്മിഷൻ ഇവരെ പ്രചാരണത്തിനു തിരഞ്ഞെടുത്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..