Caption
പുണെ : പുണെ മെട്രോപാത 43 കിലോമീറ്റർകൂടി നീട്ടാൻ പുണെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയും (പി.എം.ആർ.ഡി.എ.) മഹാമെട്രോയും തീരുമാനിച്ചു. ഇതോടെ മെേട്രാ പാതയ്ക്ക് 23 കിലോമീറ്റർ ദൈർഘ്യമുള്ള ഹിഞ്ചേവാഡി ശിവാജിനഗർ പാതയടക്കം 66 കിലോമീറ്റർ നീളമുണ്ടാകും.
ഹിഞ്ചേവാഡി മുതൽ ശിവാജിനഗർവരെയുള്ള മെട്രോ പദ്ധതി പി.എം.ആർ.ഡി.എ.യും പിംപ്രി ചിഞ്ച്വാഡ് മുതൽ സ്വാർഗേറ്റ് വരെയുള്ള മെട്രോപാത മഹാമെട്രോയുമാണ് നിർമിക്കുന്നത്. ഈ രണ്ട് റൂട്ടുകളും വികസിപ്പിക്കാനാണ് പി.എം.ആർ.ഡി.എ.യും മഹാമെട്രോയും തീരുമാനിച്ചത്.
ഹിഞ്ചേവാഡി ശിവാജിനഗർ പാത ലോണികാൽഭോർ വരെനീട്ടാനും ഖക്വാസ്ല -ഖരാഡിപാത പുതുതായി നിർമിക്കാനുമാണ് പദ്ധതിയിടുന്നത്. ഹിഞ്ചേവാഡി ശിവാജിനഗർ റൂട്ട് ലോണികൽഭോറിലേക്ക് നീട്ടാനുള്ള പ്രവൃത്തി പി.എം.ആർ.ഡി.എ. യും ഖഡക്വാസ്ലയിൽ നിന്ന് ഖരാഡിയിലേക്കുള്ള 28 കിലോമീറ്റർ പാത മഹാമെട്രോയുമാണ് നിർമിക്കുക. ഈ പാതകളുടെ പ്രോജക്ട് റിപ്പോർട്ട് പുണെ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് മഹാമേട്രോയും പി.എം.ആർ.ഡി.എ. യും സമർപ്പിച്ചിട്ടുണ്ട്. പുണെ യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി പരിശോധിച്ചശേഷം സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും. നിലവിൽ പുണെ മെട്രോയുടെ 54 കിലോമീറ്റർ പാതയുടെ പണിയാണ് നടക്കുന്നത്.
വാനസ് മുതൽ മുതൽ രാംവാഡിവരെ 15 കിലോമീറ്റർ പാതയും പിംപ്രി-ചിഞ്ച്വാഡ് മുതൽ സ്വാർഗേറ്റ് വരെ 16 കിലോമീറ്റർ പാതയും ഹിഞ്ചേവാഡിമുതൽ ശിവാജിനഗർവരെ 23 കിലോമീറ്റർ പാതയും നിർമാണത്തിലാണ്.
പുതുതായിനിർമിക്കുന്ന 43 കിലോമീറ്റർ പാതയും കൂടുമ്പോൾ പുണെ മെട്രോപാതയുടെ നീളം 97 കിലോമീറ്ററാകും. ഇതിൽ ആദ്യ രണ്ടുപാതകളിലെ വാനസ് മുതൽ ഗർവാരെ കോളേജ്വരെയും പിംപ്രി മുതൽ - ഫുഗെവാഡി വരെയുമുള്ള രണ്ടു റൂട്ടുകളിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..