ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ ഡിജിറ്റലാകുന്നു


ന്യൂഡൽഹി : തലസ്ഥാനത്തെ മൊഹല്ല ക്ലിനിക്കുകളിൽ ടാബ്‌ലെറ്റുകൾ വിതരണം ചെയ്യാൻ നടപടികളുമായി അധികൃതർ. വിവിധ രോഗങ്ങളുടെ അടിസ്ഥാനത്തിലുള്ള നയങ്ങൾ രൂപവത്‌കരിക്കുന്നതിനും രോഗികളുടെ സന്ദർശന വിവരങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമായാണ് ടാബുകൾ വിതരണം ചെയ്യുക. ഓരോ ക്ലിനിക്കിലും മൂന്ന് ടാബ്‌ലെറ്റുകൾ വീതം ഉണ്ടായിരിക്കും.

അവയിലൂടെ മാത്രമേ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവർ പ്രവർത്തിക്കുകയുള്ളൂ. ഇവരുടെ ജോലിസമയം കുറയ്ക്കാനും ജോലിഭാരം ലളിതമാക്കാനും ടാബ്‌ലെറ്റുകൾ സഹായിക്കും. എല്ലാവിവരങ്ങളും ഡിജിറ്റലായി ലഭ്യമാകുന്നതിനാൽ ക്ലിനിക്‌ സന്ദർശിക്കുന്ന രോഗികളുടെ കൃത്യമായ എണ്ണവും അവലോകനംചെയ്യാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഇതിനകം 260 മൊഹല്ല ക്ലിനിക്കുകളിൽ ടാബ്‌ലെറ്റുകൾ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന ക്ലിനിക്കുകളിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ മുഴുവൻ ലാബുകളിലും ടാബുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇവിടെയെല്ലാം ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നടപടികൾ വേഗത്തിലാക്കാൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വകുപ്പിനോട് ആവശ്യപ്പെട്ടു. നഗരത്തിലുടനീളം 100 മൊഹല്ല ക്ലിനിക്കുകൾകൂടി തുറക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ആകെ 519 മൊഹല്ല ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്. 212 വ്യത്യസ്തതരം പരിശോധനകൾ ഉൾപ്പെടെ രോഗികൾക്ക് സൗജന്യ പ്രാഥമികാരോഗ്യ സേവനങ്ങളാണ് മൊഹല്ല ക്ലിനിക്കുകളിൽ ലഭ്യമാകുന്നത്. പ്രതിദിനം 60,000-ത്തിലധികം ആളുകളാണ്‌ ഈ ക്ലിനിക്കുകളിൽ ചികിത്സ തേടുന്നത്. മൊഹല്ല ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ക്ലിനിക്കുകൾ സന്ദർശിക്കുന്ന രോഗികളുടെ എണ്ണത്തെ ആശ്രയിച്ചാണ് നൽകുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..