സിഡ്കോ ഘെരാവോ പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയവർ ബേലാപ്പുരിൽ ഒത്തുചേർന്നപ്പോൾ
നവിമുംബൈ : നിർമാണം നടന്നുകൊണ്ടിരിക്കുന്ന നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡി.ബി. പാട്ടീലിന്റെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ച് ഓൾ പാർട്ടി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സിഡ്കോ ഘെരാവോ പ്രക്ഷോഭത്തിൽ ആയിരങ്ങൾ പങ്കെടുത്തു. താനെ, റായ്ഗഡ്, പാൽഘർ, മുംബൈ മേഖലകളിൽനിന്നുള്ളവർക്ക് പുറമെ പദ്ധതി ബാധിത മേഖലയിലെ ഗ്രാമങ്ങളിൽനിന്നുള്ള ഗ്രാമീണരും പ്രക്ഷോഭത്തിൽ പങ്കെടുത്തു.
ബേലാപ്പുർ ഗാവിനുസമീപം രാവിലെ പതിനൊന്നുമണിയോടെ ഒത്തുചേർന്ന പ്രക്ഷോഭകർ ജാഥയായി ബേലാപ്പുരിലെ സിഡ്കോ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയെങ്കിലും സിഡ്കോ ആസ്ഥാനത്തിന്റെ അരക്കിലോമീറ്റർ അകലെവെച്ച് പ്രക്ഷോഭകാരികളെ പോലീസ് തടഞ്ഞു. വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നൽകുമെന്ന് തുടക്കത്തിൽത്തന്നെ അധികൃതർ ഗ്രാമീണർക്ക് ഉറപ്പ് നൽകിയതാണ് എന്നാൽ പിന്നീട് തദ്ദേശീയരുമായി ആലോചിക്കാതെ പെട്ടന്ന് വിമാനത്താവളത്തിന് ശിവസേന സ്ഥാപകൻ ബാൽ താക്കറേയുടെ പേര് നൽകാൻ സിഡ്കോ തീരുമാനിക്കുകയായിരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരും ആക്ഷൻ സമിതി കോ-ഓർഡിനേറ്റർ ഷൈലേഷ് ഗാഗ് പറഞ്ഞു. പ്രശാന്ത് താക്കൂർ എം.എൽ.എ. ഉൾപ്പെടെ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. പ്രക്ഷോഭത്തിന്റെ മുന്നോടിയായി ബേലാപ്പൂർ മേഖലയിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരുന്നത്. പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..