ഡിജിറ്റലാകാനൊരുങ്ങി ഡൽഹി സർക്കാർ : ഇവിടെയെല്ലാം ഇനി ‘ഇ’


Caption

ന്യൂഡൽഹി : സംസ്ഥാനത്ത് സർക്കാർ പ്രവർത്തനങ്ങളെല്ലാം സ്മാർട്ടാകുന്നു. ജൂൺ 30 മുതൽ, ഡൽഹി സർക്കാരിന്റെ എല്ലാ ഫയലുകളും അറിയിപ്പുകളും സർക്കുലറുകളും ഉത്തരുവുകളും ഇലക്‌ട്രോണിക് രൂപത്തിൽ കൈകാര്യംചെയ്യുന്ന തരത്തിൽ ഡിജിറ്റൽ പ്രവർത്തനത്തിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. ഇനി ഇത്തരം ഔദ്യോഗികരേഖകളെല്ലാം ഒരു വിഭാഗത്തിൽനിന്ന് മറ്റൊന്നിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് കൈമാറുകയും സ്വീകരിക്കുകയും ചെയ്യുക.

ഫിസിക്കൽ ഫയൽ സംവിധാനം പരിമിത നിരക്കിൽ ഒഴിവാക്കി പേപ്പർ രഹിത പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ ഇ-ഓഫീസ് തീരുമാനം. പദ്ധതി സുഗമമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും അതീവ രഹസ്യസ്വഭാവമുള്ളതും ഗൗരവമേറിയതുമായ ഫയലുകൾ ഒരു ഉദ്യോഗസ്ഥനിൽനിന്നോ വകുപ്പിൽനിന്നോ മറ്റൊന്നിലേക്ക് ഫിസിക്കൽരീതിയിൽ മാത്രം അയക്കുന്നത് തുടരുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. പുതിയസംവിധാനം കൂടുതൽ ഉപയോക്തൃ സൗഹൃദമായിരിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ ഡിജിറ്റൽ ഒപ്പുകളോ ഉപയോക്തൃനാമവും പാസ്‌വേഡുകളും ഉപയോഗിച്ച് ലോഗിൻ ചെയ്തിരുന്ന ഉദ്യോഗസ്ഥർക്ക് ബയോമെട്രിക്സ് സൗകര്യത്തിലൂടെ ലോഗിൻ ചെയ്യാൻ കഴിയും. ഓരോഫയലിനും പ്രത്യേകം നൽകിയ ഫയൽ നമ്പർ ഉപയോഗിച്ച് എല്ലാ ഫയലുകളുടെയും ചലനം ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ കഴിയും. എല്ലാ ഉദ്യോഗസ്ഥർക്കും ജൂനിയർ സ്റ്റാഫുകൾക്കും ഓരോ ഫയലിന്റെയും നിലവിലെ സ്ഥാനവും തത്‌സ്ഥിതിയും ഓൺലൈനിൽ പരിശോധിക്കാനാകും. എന്നാൽ ഫയലുകളിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയില്ല. നിരീക്ഷണങ്ങളും ഫയൽ കുറിപ്പുകളും ഫിസിക്കൽ ഫയലിൽ മാത്രമേ കാണാൻ കഴിയൂ. വകുപ്പുകളിൽ പുതുതായി സൃഷ്ടിക്കുന്ന ഫയലുകളെല്ലാം ഡിജിറ്റൽ രൂപത്തിലാണ് നിർമിക്കുക. അതിനിടയിൽ, എല്ലാ പഴയ ഫയലുകളും ഡിജിറ്റൈസ് ചെയ്യും.

തയ്യാറെടുപ്പുകൾ ഇങ്ങനെ

രേഖകൾ സ്കാൻ ചെയ്യുന്നതിനും ഇ-ഓഫീസിൽ അപ്പ്‌ലോഡ് ചെയ്യുന്നതിനുമായി അതിവേഗ സ്കാനറുകളും കംപ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉൾപ്പെടെയുള്ള സെൻട്രൽ റെക്കോർഡ് യൂണിറ്റ് സ്ഥാപിക്കാൻ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഇലക്‌ട്രോണിക് ഫയലുകൾക്കും ഫിസിക്കൽ ബാക്കപ്പുകളും ഉണ്ടായിരിക്കും. പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ഓരോ വകുപ്പിൽനിന്നും നോഡൽ ഓഫീസർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ജൂനിയർ ജീവനക്കാർ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് പ്രത്യേകപരിശീലനം നൽകുകയാണ്.

-ൽ തുടങ്ങിയ പരിഷ്‌കരണം

സ്വയംഭരണസ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലും ഉൾപ്പടെയുള്ള എല്ലാ സർക്കാർ വകുപ്പുകളിലും ഇ-ഓഫീസ് പദ്ധതി നടപ്പാക്കാൻ 2015-ൽ ഡൽഹി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ ചില വകുപ്പുകൾ സംവിധാനം കുറച്ചുകാലം ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ചിലർ പദ്ധതി ആരംഭിച്ചതേയില്ല. മറ്റു ചിലർ പദ്ധതി പൂർണരൂപത്തിൽ നടപ്പാക്കുന്നുമുണ്ട്.ഈ മാസം ആദ്യം ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നരേഷ് കുമാർ സർക്കാർ ഓഫീസുകളിൽ ഇ-ഓഫീസ് സംവിധാനം പൂർണമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ കൈയെഴുത്തുകുറിപ്പുകളും ഉത്തരുവുകളും പ്രിന്റുചെയ്ത ഔദ്യോഗിക രേഖകളും ഓഫീസിന് പുറത്താക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനെത്തുടർന്നാണ് ജൂലായ് ഒന്നുമുതൽ ഇത് എല്ലാ വകുപ്പുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..