ഉദ്ധവ് താക്കറെക്ക് പിന്തുണയുമായി മാതോശ്രീക്ക് മുന്നിൽ ശിവസേനയുടെ വനിതാ പ്രവർത്തകർ
മുംബൈ : നിയമസഭയിലാണെങ്കിലും റോഡിലാണെങ്കിലും തങ്ങൾ വിജയിക്കും. വിട്ടുപോയവർക്ക് ഞങ്ങൾ അവസരം നൽകി, ഇപ്പോൾ വളരെവൈകി. മഹാരാഷ്ട്ര നിയമസഭയിലേക്ക് വരാൻ അവരെ വെല്ലുവിളിക്കുന്നു. ശേഷിക്കുന്ന രണ്ടരവർഷം മഹാവികാസ് അഘാഡി സർക്കാർ മഹാരാഷ്ട്രയിൽ ഭരണം പൂർത്തീകരിക്കുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. നാസികിൽ ഏക്നാഥ് ഷിന്ദേയുടെ ചിത്രമുള്ള ബാനറുകളിൽ ശിവസേന പ്രവർത്തകർ കരിഓയിൽ ഒഴിച്ച് അദ്ദേഹത്തിനെതിരേ മുദ്രവാക്യം വിളിച്ചു. ശിവസേന വിമത എം.എൽ.എ. മാരുടെ ഓഫീസുകൾക്ക് നേരെ വിവിധയിടങ്ങളിൽ അക്രമമുണ്ടായി. മംഗേഷ് കുടാൽക്കറിന്റെ കുർളയിലെ ഓഫീസ് ശിവസേന പ്രവർത്തകർ അടിച്ചുതകർത്തു. ശിവസേനാ പ്രവർത്തകർ ഇനിയും റോഡിലിറങ്ങിയിട്ടില്ലെന്ന് ഞങ്ങളെ വെല്ലുവിളിക്കുന്ന ഷിന്ദേ വിഭാഗം തിരിച്ചറിയണം. നിയമത്തിലൂടെയോ റോഡിലോ ആണ് ഇത്തരം പോരാട്ടങ്ങൾ നടക്കുന്നത്. വേണമെങ്കിൽ ഞങ്ങളുടെ പ്രവർത്തകർ റോഡിലിറങ്ങുമെന്ന് സഞ്ജയ് റാവുത്ത് മുന്നറിയിപ്പ് നൽകി. ഇതിനുശേഷം വിമത എം.എൽ.എമാരുടെ വസതികളിലേക്ക് ശിവസേന പ്രവർത്തകർ പ്രകടനം നടത്തി.
ശിവസേനാ പ്രവർത്തകർ തെരുവിലെത്തിയതോടെ മുംബൈ ഉൾപ്പെടെയുള്ള നഗരത്തിൽ പോലീസ് അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അനിഷ്ടസംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മുംബൈ പോലീസ് കമ്മിഷണർ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി. അതേസമയം മഹാരാഷ്ട്രയിൽ ശിവസേന-എൻ.സി.പി. - കോൺഗ്രസ് പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് സർക്കാരിന്റെ അടിത്തറ തകരാൻ കാരണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു ആശയപരമായ പാപ്പരത്വം ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയിലെ പ്രശ്നങ്ങളിൽ പങ്കില്ലെന്ന് ബി.ജെ.പി. അധ്യക്ഷൻ
പുണെ : ഒരു ദേശീയപാർട്ടി തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ശിവസേനയുടെ വിമത എം.എൽ.എ.മാരുടെ സംഘത്തിന്റെ തലവനായ ഏക്നാഥ് ഷിന്ദേ കഴിഞ്ഞദിവസം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ, നിലവിൽ അസമിലെ ഗുവാഹാട്ടിയിലുള്ള വിമതവിഭാഗത്തെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വെള്ളിയാഴ്ച പറഞ്ഞു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപവത്കരിക്കാൻ വിമത ശിവസേന ഗ്രൂപ്പിൽനിന്ന് ബി.ജെ.പി.ക്ക് വാഗ്ദാനം ലഭിച്ചുവെന്ന റിപ്പോർട്ടുകളും പാട്ടീൽ നിഷേധിച്ചു.
ശിവസേനയിൽ എന്ത് സംഭവിച്ചാലും ബി.ജെ.പി.ക്ക് അതിൽ യാതൊരുപങ്കുമില്ല. രാജ്യത്ത് ഒട്ടേറെ ദേശീയപാർട്ടികളുണ്ട്. ഏത് പാർട്ടിയാണ് അവരെ പിന്തുണയ്ക്കുന്നതെന്ന് നിങ്ങൾക്ക് ഷിന്ദേയോട് ചോദിക്കേണ്ടിവരും,” -പാട്ടീൽ വെള്ളിയാഴ്ച കോലാപുരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിമത ഗ്രൂപ്പിൽനിന്ന് ഞങ്ങൾക്ക് ഒരു ഓഫറും ലഭിച്ചിട്ടില്ല. ഞങ്ങൾക്ക് അത്തരമൊരു ഓഫർ ലഭിച്ചാൽ, ഞങ്ങളുടെ 13 അംഗ കോർഗ്രൂപ്പ് അത് വിശദമായി ചർച്ചചെയ്യുകയും അന്തിമതീരുമാനമെടുക്കാൻ കേന്ദ്രപാർലമെന്ററി ബോർഡിന് നിർദേശം അയക്കുകയും ചെയ്യും. -അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..