മുംബൈ: ശിവസേന വിമതനേതാവ് ഏക്നാഥ് ഷിന്ദേക്കും സംഘത്തിനും മുന്നോട്ടുള്ള നീക്കം അത്ര എളുപ്പമാകില്ല. ഭരണസഖ്യമായ മഹാവികാസ് അഘാഡിയിലേക്ക് തിരികെപ്പോകാനുള്ള സാധ്യത വിരളമായതോടെ ഇവരുടെ ഏകമാർഗം ബി.ജെ.പി.യോടൊപ്പം ചേർന്നുനിൽക്കുക എന്നതാണ്. തങ്ങൾ ഇപ്പോഴും ശിവസേനക്കാരാണെന്ന് ഊന്നിപ്പറയുമ്പോൾ ശിവസേന എന്നപേര് ഉപേക്ഷിക്കാനും ഇവർക്കുകഴിയില്ല. അതിനാൽ, ബി.ജെ.പി.യിൽ ലയിക്കുക എന്നത് ആത്മഹത്യാപരമാകും.
പുതിയ പാർട്ടിയുണ്ടാക്കിയാലും ‘ശിവസേന’യെന്ന പേരുലഭിക്കുക എന്നത് എളുപ്പമാവില്ല. ശിവസേന എന്ന പാർട്ടി ബാലാ സാഹേബ് താക്കറെയുടെ പേരുമായി ചേർന്നുനിൽക്കുന്നതിനാൽ താക്കറെ കുടുംബത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ശിവസേനയ്ക്ക് മഹാരാഷ്ട്രയിൽ നിലനിൽപ്പുതന്നെ ഉണ്ടാകില്ല. ശിവസേന എന്ന പേരും ഒപ്പം ബാൽ താക്കറെയുടെ വികാരവുമില്ലാതെ മുന്നോട്ടുപോകുക റിബലുകൾക്ക് എളുപ്പമാകില്ലെന്നർഥം.
ഗ്രാമപ്രദേശങ്ങളിൽ ശിവസേന വളർന്നത് ബാൽതാക്കറെയുടെ വാക്കുകൾ നെഞ്ചോടുചേർത്താണ്. ഏറ്റവുംകൂടുതൽ എം.എൽ.എ.മാരും എം.പി.മാരും ഒപ്പമുള്ളതിനാൽ യഥാർഥ ശിവസേന തങ്ങളാണെന്ന് വാദിക്കാൻ ഷിന്ദേക്കും സംഘത്തിനും കഴിഞ്ഞേക്കും. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ഇതിനുലഭിക്കാൻ ചുരുങ്ങിയത് ഒരുമാസമെങ്കിലും എടുക്കും. മുലായംസിങ് യാദവിൽനിന്ന് സമാജ്വാദി പാർട്ടി മകൻ അഖിലേഷ് യാദവിലേക്ക് എത്തിയത് ഇതേരീതിയിലാണ്. പ്രശ്നം കോടതിയിലെത്തിയാൽ തർക്കം പരിഹരിക്കാൻ മാസങ്ങൾത്തന്നെ വേണ്ടിവരും. അതുവരെ വിമതരെ സ്വന്തംപക്ഷത്തുതന്നെ നിലനിർത്തുക എന്നതും ഷിന്ദേയെ സംബന്ധിച്ച് പ്രയാസകരമാവും.
എം.എൽ.എ.മാരിൽ കുറച്ചുപേരെ അയോഗ്യരാക്കാനുള്ള നടപടി വരുന്നതോടെ ‘വേലിയിൽ ഇരിക്കുന്നവർ’ മറുഭാഗത്തേക്ക് ചാടാതെ നോക്കേണ്ടതും ഷിന്ദേസംഘത്തിന് പ്രധാനമാണ്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ ഷിന്ദേപക്ഷത്തിന് മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമാകില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..