രാഷ്ട്രീയത്തിനപ്പുറം ഫണ്ട്‌ വിവാദവും


•മുഖ്യമന്ത്രിക്ക്‌ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല •എൻ.സി.പി. പിന്നിൽനിന്ന് കുത്തി -വിമത എം.എൽ.എ.

ശിവസേന ദേശീയനിർവാഹകസമിതി യോഗത്തിൽ പങ്കെടുക്കാൻ ദാദറിലെ ശിവസേന ഭവനിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എത്തിയപ്പോൾ

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആയിരുന്നെങ്കിലും ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവ് അജിത് പവാർ ആയിരുന്നു ഭരണകാര്യത്തിൽ മുഴുവൻ നിയന്ത്രണങ്ങളുമെന്ന് ശിവസേനാ വിമത എം.എൽ.എ. മഹേഷ് ഷിന്ദേ. എൻ.സി.പി. ശിവസേനയെ പിന്നിൽനിന്നും കുത്തുകയായിരുന്നെന്നും ഇക്കാര്യം പലതവണ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും സത്താറ ജില്ലയിൽനിന്നുള്ള കോരെഗാവ് എം.എൽ.എ. മഹേഷ് ഷിന്ദേ പറയുന്നു.

എം.എൽ.എ.മാർക്കുള്ള വികസന ഫണ്ട് വിതരണത്തിലാണ് ഏറെ വേർതിരിവ് കാണിച്ചത്. ശിവസേനാ എം.എൽ.എ.മാർക്ക് 50 മുതൽ 55 കോടി രൂപവരെ വിതരണം ചെയ്തപ്പോൾ എൻ.സി.പി. എം.എൽ.എ.മാർക്ക് 700 മുതൽ 800 കോടി രൂപ വരെയാണ് നൽകിയത്. മുഖ്യമന്ത്രിയുമായുള്ള ഒരു യോഗത്തിൽ ഞങ്ങൾ ഇക്കാര്യം ചർച്ചചെയ്തു. എന്നാൽ ഉദ്യോഗസ്ഥർ അപ്പോൾ തെറ്റായ വിവരങ്ങളാണ് മുഖ്യമന്ത്രിക്ക്‌ നൽകിക്കൊണ്ടിരുന്നത്.

ഞങ്ങൾ യഥാർഥ വിവരം വെളിപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി ഞെട്ടി. മുമ്പ് ശിവസേനയോട് തോറ്റിരുന്ന ഇപ്പോഴത്തെ എൻ.സി.പി. എം.എൽ.എ.മാർക്കാണ് കൂടുതൽ ഫണ്ട് ലഭിച്ചത്. മണ്ഡലം എന്നന്നേക്കുമായി കൈക്കലാക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും ഷിന്ദേ പറഞ്ഞു. ഉപമുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള തെറ്റായ തീരുമാനങ്ങൾ പലതും മുഖ്യമന്ത്രി സ്റ്റേ ചെയ്തു. പക്ഷേ, അത്തരം ഉത്തരവുകളെല്ലാം ചവറ്റുകുട്ടയിലിട്ട് അജിത് പവാർ തന്റെ തീരുമാനങ്ങൾ നടപ്പാക്കുകയായിരുന്നു.

ഫണ്ടുകൾ മുഴുവൻ അങ്ങനെ എൻ.സി.പി. എം.എൽ.എ.മാരിലേക്ക് ഒഴുകി. ശിവസേനാ എം.എൽ.എ.മാരുടെ മണ്ഡലങ്ങളിൽ എത്തി എൻ.സി.പി. നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞത് അടുത്ത തവണ ഇത് എൻ.സി.പി. മണ്ഡലമായിരിക്കുമെന്നാണെന്നും ഷിന്ദേ കൂട്ടിച്ചേർത്തു. സാഹചര്യങ്ങളെക്കുറിച്ച് വിശദമായി തന്നെ മുഖ്യമന്ത്രിയുമായി ഞങ്ങൾ സംസാരിച്ചു.

എന്നാൽ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് ശിവസേനാ എം.എൽ.എ.മാർ തങ്ങളുടെ പരാതികൾ ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ മുന്നിൽ അവതരിപ്പിക്കാൻ തുടങ്ങിയത്. അദ്ദേഹത്തോട് ചേർന്നുനിന്ന്‌ പ്രവർത്തിക്കാൻ തുടങ്ങിയതും ഇതുകാരണമാണെന്ന് മഹേഷ് ഷിന്ദേ പറയുന്നു.

വിമത എം.എൽ.എ.മാരുടെ ഓഫീസുകൾക്കുനേരെ പരക്കേ ആക്രമണം

മുംബൈ : മഹാരാഷ്ട്രയിൽ വിമത എം.എൽ.എ.മാരുടെ ഒാഫീസുകൾക്കും വീടുകൾക്കുംനേരെ വ്യാപക ആക്രമണങ്ങൾ. താനെയിൽ ഏക്‌നാഥ് ഷിന്ദേയുടെ ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ താനെയിലെ വസതിക്ക്‌ വൻ പോലീസ് സംഘമാണ് കാവൽനിൽക്കുന്നത്.

പുണെയിൽ വിമത എം.എൽ.എ. തനാജി സാവന്തിന്റെ ഓഫീസ് അടിച്ചുതകർത്തു. ഔറംഗാബാദിൽ വിമത എം.എൽ.എ. സന്ദീപ് ഭുംറെയുടെ പോസ്റ്ററുകൾ നശിപ്പിച്ചു. ഏക്‌നാഥ് ഷിന്ദേയുടെ മകനും കല്യാൺ എം.പി.യുമായ ഡോ. ശ്രീകാന്ത് ഷിന്ദേയുടെ ഉല്ലാസ് നഗറിലെ ഓഫീസ് ശിവസേനാ പ്രവർത്തകർ അടിച്ചുതകർത്തു. നവി മുംബൈയിലെ ഖാർഘറിലും ശിവസേനാ പ്രവർത്തകർ തെരുവിലിറങ്ങി വിമത എം.എൽ.എ.മാരുടെ കോലങ്ങൾ കത്തിക്കുകയും ഓഫീസുകൾക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു.

പുണെയിൽ എല്ലാ ശിവസേനാ എം.എൽ.എ. മാരുടെയും ഓഫീസുകൾക്ക് പോലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കയാണ്. ഏക്‌നാഥ് ഷിന്ദേ പറഞ്ഞതുകൊണ്ടുമാത്രമാണ് തങ്ങൾ തിരിച്ചടിക്കാത്തതെന്നും ഈ കാലം ഒന്ന് കഴിഞ്ഞാൽ ഞങ്ങൾ കണക്കുതീർക്കുമെന്നും വിമത എം.എൽ.എ. തനാജി സാവന്ത് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. അതേസമയം, ബുൽധാനയിൽ ഏക്‌നാഥ് ഷിന്ദേയ്ക്ക് അനുകൂലമായി ശിവസേനാ പ്രവർത്തകർ പ്രകടനം നടത്തി.

തങ്ങൾക്ക് മുംബൈയിലേക്ക് തിരികെയെത്തുന്നത് സുരക്ഷിതമല്ലെന്ന് തോന്നുന്നതായി വിമതക്യാമ്പിലുള്ള ശിവസേനാ നേതാവ് ദീപക് കെസർക്കർ വിമതരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഗുവാഹാട്ടിയിലെത്തിയ ശിവസേനാ നേതാക്കളുടെ വീടും ഓഫീസും ആക്രമിക്കുന്ന സംഭവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണെന്നും ക്രമസമാധാനനില സാധാരണനിലയിലേക്കെത്തിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

റായ്ഗഢിൽ നിന്നുള്ള മൂന്ന് എം.എൽ.എ.മാർ ഷിന്ദേ പക്ഷത്ത്

നവിമുംബൈ: റായ്ഗഢ് ജില്ലയിൽനിന്നുള്ള മൂന്ന് ശിവസേന എം.എൽ.എ.മാർ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്ത്. മഹാഡിൽനിന്നുള്ള എം.എൽ.എ. ഭരത് ഗോഗാവലെ, ആലിബാഗിൽനിന്നുള്ള എം.എൽ.എ. മഹേന്ദ്ര ധൽവി, കർജത്ത് എം.എൽ.എ. മഹേന്ദ്ര തോർവെ എന്നിവരാണ് ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തുള്ളത്. ഇതിൽ 2009 മുതൽ മഹാഡ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഭരത് ഗോഗാവലെയെയാണ് ഏക്‌നാഥ് ഷിന്ദേ വിമതപക്ഷത്തിന്റെ ചീഫ് വിപ്പായി പ്രഖ്യാപിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..