: ശിവസേനയിൽ ഇത്രയധികം വിമത എം.എൽ.എമാർ ഉണ്ടാവുമോയെന്ന കാര്യം ശിവസേനയുടെ മേധാവി ഉദ്ധവ് താക്കറെയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത അനുയായിയും വിശ്വസ്തനുമായ ഏക്നാഥ് ഷിന്ദേ ഇത്രപെട്ടെന്ന് പാലംവലിച്ച് ഭരണത്തെ അക്കരെയും ഇക്കരെയും നിർത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എൻ.സി.പി. നേതൃത്വം നൽകുന്ന മഹാരാഷ്ട്ര അഭ്യന്തരവകുപ്പിനെ സമ്മതിക്കണം. ഏക്നാഥ് ഷിന്ദേയുമായി ദേവേന്ദ്ര ഫട്നാവിസ് ചങ്ങാത്തം കൂടിയിട്ട് മാസങ്ങളായി. പുറത്തും അകത്തും ഇവർ തമ്മിലുള്ള അന്തർധാര ശക്തമായിരുന്നു. എന്നാൽ ഇക്കാര്യം മഹാരാഷ്ട്ര പോലീസിലെ ഇന്റലിജൻസ് വിഭാഗത്തിന് ഒന്നും മനസ്സിലായില്ല. ഷിന്ദേ നടത്താനിരുന്ന മറിമായം അറിഞ്ഞിട്ടും കാണാതെ കണ്ണടയ്ക്കുകയായിരുന്നോ പോലീസിലെ ഇന്റലിജൻസ് വിഭാഗമെന്ന ചോദ്യമാണ് ഇപ്പോൾ എൻ.സി.പി. അധ്യക്ഷൻ ശരദ്പവാറിനുപോലും ചോദിക്കേണ്ടിവന്നത്. മുമ്പ് കോൺഗ്രസിനെ പിളർത്തി ജനതാപാർട്ടിയുടെ സഹായത്തോടെ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി എത്തിയ ആളാണ് ശരദ് പവാർ. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ ഉള്ളുകള്ളികൾ ശരദ്പവാറിനൊളം അറിയുന്ന മറ്റൊരാളില്ല. ഇവിടെയാണ് ഇരു ചെവിയറിയാതെ ഏക്നാഥ് ഷിന്ദേ പണി പറ്റിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് നടന്നുവെന്നത് ബി.ജെ.പി. വിജയം കാണിച്ചുതന്നു. എന്നാൽ അതിനുശേഷം നടന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ 12 ശിവസേനാ അംഗങ്ങൾ ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ ക്രോസ് വോട്ടുചെയ്തതുപോലും തിരിച്ചറിയാത്ത മായികലോകത്തായിരുന്നു എല്ലാവരും. ഷിന്ദേ സംഘം സുറത്തിലേക്കും അവിടെനിന്ന് രണ്ട് എം.എൽ.എമാർ കൊഴിഞ്ഞുപോയതിനെത്തുടർന്ന് സംരക്ഷണകേന്ദ്രം ഗുവാഹാട്ടിയിലേക്കും മാറ്റിയതോടെയാണ് ഉദ്ധവ് താക്കറെക്ക് നിൽക്കുന്ന തറനിരപ്പ് അത്ര സുരക്ഷിതമല്ലെന്ന് വ്യക്തമായത്. അതോടെയാണ് അധികാരം എന്റെതല്ലെന്നും ഇതിന് വലിയ മൂല്യമില്ലെന്നും വ്യക്തമാക്കി വർഷ ഉൾപ്പെടെ ഉപേക്ഷിച്ച് ഉദ്ധവ് താക്കറെ എല്ലാവരെയും വീണ്ടും ഞെട്ടിച്ച് ഒരു പോക്കുപോയത്. അതിന് ശേഷം ശരദ്പവാർ ഇടപെട്ടതോടെ കാര്യങ്ങൾ വ്യക്തമായ ഉദ്ധവ്, വിമതർക്കെതിരേ അതിശക്തമായി രംഗത്തെത്തിയത്. ശിവസേനയും ശിവസേനയുടെ പൈതൃകവും തനിക്കുമാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അച്ഛനുണ്ടാക്കിയ പാർട്ടി ഉദ്ധവിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ സംശയമില്ല. വിമതർക്ക് വേണമെങ്കിൽ അവരുടെ അച്ഛന്റെ പേരിൽ പാർട്ടിയുണ്ടാക്കാമെന്നും ഉദ്ധവ് തിരിച്ചടിച്ചു. വി.കെ. കൃഷ്ണമേനോൻ മുംബൈയിൽ മത്സരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസിൽ രൂപപ്പെട്ട വിരോധത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ആശിർവാദത്തോടെ ശിവസേന ഉണ്ടായതെന്നത് ചരിത്രം. നാഗ്പുർ മുനിസിപ്പാലിറ്റിയിലും മുംബൈ മുനിസിപ്പാലിറ്റിയിലും മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കി മത്സരിച്ച പാർട്ടിയാണ് ശിവസേന. അവിടെനിന്ന് ഹിന്ദുത്വപാർട്ടിയായിട്ട് അധികകാലമായില്ല. അവിടെനിന്ന് കോൺഗ്രസ്-എൻ.സി.പി. ഐക്യത്തോടെ വലിയ മതേതരപാർട്ടിയായ ശിവസേനയുടെ പൈതൃകം മാറിമറിയുന്നത് കണ്ടതാണ്. താക്കറെ കുടുംബം രാഷ്ട്രീയത്തിലെ കേന്ദ്രസ്ഥാനത്ത് നിൽക്കുവോളം പൈതൃകം ആ കുടുംബത്തോളം മറ്റാർക്കും അവകാശപ്പെടാനാവില്ല. സത്താറയിൽ ജനിച്ച് സാധാരണനിലയിൽനിന്ന് ഇപ്പോൾ മന്ത്രിപദവിയോളമെത്തിയ ഷിന്ദെയെക്കാൾ പൈതൃകത്തിന്റെ ഇണക്കം കൂടുക ഉദ്ധവ് താക്കറെക്ക് തന്നെയാവുമെന്നതിൽ സംശയമില്ല.
nsreejith1@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..