വൈദ്യുതിനിരക്ക്വർധന


വ്യവസായങ്ങൾക്കുള്ള നിരക്കുവർധന 6.6 ശതമാനമല്ല, 11.6 ശതമാനം വരെ

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ‘സംരംഭക വർഷം’ ആഘോഷിക്കുന്നതിനിടെ വൈദ്യുതി നിരക്ക് വീണ്ടും ഉയർത്തിയത് ഇവിടെയുള്ള വൻകിട വ്യവസായങ്ങൾക്കുള്ള കൊലക്കയറാകും. 2002 മുതൽ ഇതുവരെ മൂന്നു മടങ്ങിലധികം വർധനയാണ് വൈദ്യുതിനിരക്കിലുണ്ടായത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉയർന്ന കൂലി എന്നിവയ്ക്കൊപ്പം ഉയർന്ന വൈദ്യുതിനിരക്ക് കൂടിയായപ്പോൾ കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ പ്രതിസന്ധിയിലായത് നിരവധി വൻകിട വ്യവസായ സംരംഭങ്ങളാണ്. വ്യവസായ കേരളത്തിൽ ഒരുകാലത്ത് തലയെടുപ്പോടെ നിന്ന ബിനാനി സിങ്ക്, ഹിൻഡാൽകോ എന്നിവ ഉദാഹരണങ്ങൾ മാത്രം. സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി വാങ്ങിയിരുന്ന സംരംഭങ്ങളാണ് ഇവ.

കോവിഡ് പ്രതിസന്ധി, വിലക്കയറ്റം എന്നിവ മൂലം നട്ടംതിരിയുന്ന വ്യവസായ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇപ്പോഴത്തെ നിരക്കുവർധന. 6.6 ശതമാനമാണ് നിരക്കുവർധനയെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പറയുമ്പോഴും ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കുള്ള നിരക്കുവർധന ഇതിന്റെ ഇരട്ടിയുടെയടുത്തുവരും. കെ.എസ്.ഇ.ബി. ലിമിറ്റഡ് നിർദേശിച്ചിരുന്ന താരിഫ് വർധന അതേപടി നടപ്പാക്കുകയായിരുന്നു ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കളുടെ കാര്യത്തിൽ. മറ്റു മേഖലകളിൽ, നിർദേശിച്ച നിരക്കുവർധനയുടെ പകുതിയോ, അതിൽ താഴെയോ മാത്രം നടപ്പാക്കിയ സ്ഥാനത്താണ് ഇത്.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി.സി.സി.), കാർബോറാണ്ടം, ഫാക്ട്, കെ.എം.എം.എൽ., മലബാർ സിമന്റ്‌സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഏറ്റവുമധികം വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽ ചിലത്. ഇതിൽ ഭൂരിഭാഗവും പൊതുമേഖലാ സ്ഥാപനങ്ങളാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട്‌സ് എന്ന് പുനർനാമകരണം ചെയ്ത പഴയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് മാത്രം പഴയനിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഏഴു കോടി രൂപയുടെ അധികബാധ്യതയാണ് നിരക്കുവർധന മൂലമുണ്ടാകുമെന്ന്‌ കണക്കാക്കുന്നത്. പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറുന്ന കേന്ദ്ര പൊതുമേഖലാ വളംകമ്പനിയായ ഫാക്ടിന് പ്രതിവർഷം ഒമ്പതു കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് പറയുന്നു.

ജലവൈദ്യുതി ഉത്പാദനം റെക്കോഡ് ഉയരത്തിൽ

:കഴിഞ്ഞ സാമ്പത്തികവർഷം (2021-22) സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 26,608 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 9,859 ദശലക്ഷം യൂണിറ്റ്‌ സംസ്ഥാനത്ത് ഉത്പാദിപ്പിച്ച ജലവൈദ്യുതിയിലൂടെയാണ് നിറവേറ്റിയത്. 2020-21-ലെ കണക്കനുസരിച്ച് സംസ്ഥാനം പുറമേനിന്ന് വാങ്ങുന്നതും ആഭ്യന്തര ഉത്പാദനവും കൂടി കൂട്ടിയാൽ ശരാശരി 3.22 രൂപയാണ് ഒരു യൂണിറ്റ് വൈദ്യുതിയുടെ ചെലവ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ ചെലവാകട്ടെ, ഒരു രൂപയിൽ താഴെ മാത്രം. ചെലവുകുറഞ്ഞ ജലവൈദ്യുതിയുടെ ഉത്പാദനം റെക്കോഡ് ഉയരത്തിലെത്തിനിൽക്കെ, നിരക്കുവർധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ. സതീഷ് പറഞ്ഞു.

വ്യവസായസംരംഭകർ വലിയ നിക്ഷേപങ്ങൾ നടത്തി ആസൂത്രണംചെയ്ത പദ്ധതികളുടെ താളംതെറ്റാൻ വൈദ്യുതിനിരക്ക് വർധന ഇടയാക്കുമെന്ന് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വികാസ് അഗർവാൾ അഭിപ്രായപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനായി വ്യവസായങ്ങളെ ആകർഷിക്കേണ്ടതിന് പകരം, നിലവിലുള്ള വ്യവസായങ്ങളെപ്പോലും കേരളം വിടാൻ ഇടയാക്കുന്നതാണ് ഇപ്പോഴത്തെ നിരക്കുവർധന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..