വിമതർക്കെതിരേ ശിവസേനാ പ്രവർത്തകരുടെ പ്രതിഷേധം


എം.എൽ.എ. മാരുടെ ഓഫീസുകൾക്ക് സുരക്ഷ കൂട്ടി

ഏക്‌നാഥ് ഷിന്ദേയ്ക്കെതിരെ പുണെയിൽ ശിവസേന പ്രവർത്തകർ നടത്തിയ പ്രതിഷേധം

മുംബൈ : മഹാരാഷ്ട്രയിൽ പലയിടങ്ങളിലും വിമതർക്കെതിരേ ശിവസേനാപ്രവർത്തകരുടെ പ്രതിഷേധം. അക്രമസംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ വിമത എം.എൽ.എ. മാരുടെ ഓഫീസുകൾക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.

ഉദ്ധവ്താക്കറെയ്ക്ക് പിന്തുണയുമായി മുംബൈയിൽ ഞായറാഴ്ച വൻ ബൈക്ക് റാലി സംഘടിപ്പിച്ചു. സാന്താക്രൂസിൽ ആദിത്യതാക്കറേ പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്തു. വിമതർ പോയതോടെ പാർട്ടി ശുദ്ധീകരിക്കപ്പെട്ടെന്ന് അദ്ദേഹംപറഞ്ഞു. നാഗ്പുർ, പുണെ, നാസിക് എന്നിവടങ്ങളിൽ ശിവസേനാ പ്രവർത്തകർ പ്രകടനം നടത്തി.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിമതനേതാവ് ഏക്‌നാഥ് ഷിന്ദേയുടെ മകൻ ഡോ. ശ്രീകാന്ത് ഷിന്ദേയുടെ ഉല്ലാസനഗറിലുള്ള ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പട്ടുള്ളതാണ് ആദ്യത്തെ കേസ്. ഷിന്ദേയുടെ ശക്തികേന്ദ്രമാണ് താനെ. ഇവിടെ ഉദ്ധവ് താക്കറേയുടെ പോസ്റ്ററിൽ ഷിന്ദേപക്ഷം കരിഓയിൽ ഒഴിച്ചു. പുണെയിൽ വിമത എം.എൽ.എ. തനാജി ഷിന്ദേയുടെ സഹോദരന്റെ ഓഫീസ് ഒരു സംഘം ആക്രമിച്ചു.

നന്ദേഡിൽ വിമത എം.എൽ.എ. ബാലജി കല്യാൺകറുടെ ഓഫീസിനുനേരെയും ആക്രമണം നടന്നു. ഔറംഗബാദിൽ മന്ത്രി സന്ദീപ് ബുമ്‌റെയുടെ പോസ്റ്ററിൽ കരിഓയിൽ തേയ്ച്ചു. ഇവിടെ അമ്പതോളം ശിവസേനാ പ്രവർത്തകർ തലമൊട്ടയടിച്ച് പ്രതിഷേധിച്ചു.

വിമതപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള കർജത് എം.എൽ.എ. മഹേന്ദ്ര തോർവെയുടെ അനുയായികൾ ശിവസേന യൂണിറ്റ് പ്രസിഡന്റ് പ്രസാദ്‌സാവന്തിനെ മർദിച്ചു.

ഖാർഘറിൽ ശിവസേനാപ്രവർത്തകർ ഏക്‌നാഥ് ഷിന്ദേയുടെയും അദ്ദേഹത്തോടൊപ്പം പോയിട്ടുള്ള ഭാരത് ഗോഗാവാല, മഹേന്ദ്ര ദൽവി, മഹേന്ദ്ര തോർവെ എന്നീ എം.എൽ.എ.മാരുടെയും കോലം കത്തിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..