വിരാർ-അലിബാഗ് ഇടനാഴിനിർമാണം അതിവേഗത്തിൽ


മുംബൈ : വിരാറിൽനിന്ന് അലിബാഗ് ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കുന്ന ഇടനാഴിയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. റോഡുകൾ, മെട്രോ ട്രെയിൻ പാത, വാഹനം പോകാത്ത പാത, ജലവാഹിനി കുഴലുകൾ, വാതക ലൈനുകൾ, മലിനജല പൈപ്പുകൾ എന്നിവയെല്ലാം അടങ്ങുന്ന ഇടനാഴിയാണിത്.

വിരാർ, വസായ്, ഭിവൺഡി, ഡോംബിവ്‌ലി, കല്യാൺ, തലോജ, പൻവേൽ എന്നീ മേഖലകളിലൂടെ പോകുന്ന ഇടനാഴിക്ക് 127 കിലോമീറ്ററാണ് ദൂരം. വിരാറിലെ നവഘറിൽനിന്നാരംഭിക്കുന്ന ഇടനാഴി ഉറണിലെ ചിർണർ വരെ നീളുന്നതാണ്. പദ്ധതി സഫലമാകുന്നതോടെ ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാസമയം പകുതിയായി കുറയും. മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ (എം.എം.ആർ.) ഉൾപ്പെടുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയാണിത്.

മുംബൈ, താനെ, നവിമുംബൈ, പാർഘർ, റായ്ഗഢ് ജില്ലകൾ ഉൾപ്പെടുന്നതാണ് എം.എം.ആർ. നവിമുംബൈ നിർദിഷ്ട രാജ്യാന്തര വിമാനത്താവളം, ശിവ്‌രി-നാവസേവ ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ-ഡെൽഹി ചരക്ക് പാത, ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇടനാഴിയുടെ നിർമാണമെന്ന്‌ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അറിയിച്ചു. ഇടനാഴിയുടെ നിർമാണത്തിന് പാൽഘർ, താനെ, റായ്ഗഢ് എന്നീ ജില്ലകളിലായി 221 ഹെക്ടർ വനഭൂമി വേണ്ടിവരും.

331 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. 5000 മരങ്ങൾ മുറിച്ചുമാറ്റണം. 83 ഹെക്ടറിലെ കണ്ടൽക്കാടുകളും നീക്കംചെയ്യേണ്ടിവരും. തുംഗാരേശ്വർ വന്യമൃഗകേന്ദ്രത്തിനും സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനും ഇടയ്ക്ക് നംഗല വനത്തിനടുത്ത് വന്യമൃഗങ്ങളുടെ സഞ്ചാരപാതയുണ്ട്. മൃഗസഞ്ചാരത്തിന്‌ തടസ്സമുണ്ടാകാത്ത തരത്തിൽ ഈ മേഖലയിൽ ഇടനാഴി നിർമിക്കേണ്ടിവരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..