ആസ്തികൾ തട്ടിയെടുത്ത സംഭവം: കുറ്റക്കാർക്കെതിരേ മലയാളിസമാജം നിയമനടപടികളിലേക്ക്


Caption

മുംബൈ : മുംബൈയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഏതാനും മലയാളി സമാജങ്ങളുടെ കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ കൈക്കലാക്കിയവർക്കെതിരേ, സിവിൽ, ക്രിമിനൽ വകുപ്പുകളനുസരിച്ച് നിയമ നടപടികളിലേക്ക് നീങ്ങാൻ, വാഷി കേരള ഹൗസിൽചേർന്ന സമാജം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. 48 സംഘടനകളിൽനിന്ന് പങ്കെടുത്ത ഭാരവാഹികളുടെ യോഗത്തിൽ പ്രശസ്തമായ ഒരു നിയമസ്ഥാപനത്തിന് കേസ് ഏൽപ്പിച്ചുകൊടുക്കാൻ യോഗത്തിൽവെച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സബ് കമ്മിറ്റിയെ നിയോഗിച്ചു.

കേരളീയ കേന്ദ്ര സംഘടനയാണ് യോഗം സംഘടിപ്പിച്ചത്. വിവിധ കാരണങ്ങളാൽ സജീവമല്ലാത്ത സംഘടനകളുടെ ബാലൻസ്ഷീറ്റ്, ഓഡിറ്റ് റിപ്പോർട്ട്, ചെയിഞ്ച് റിപ്പോർട്ട് തുടങ്ങിയവ സമയാനുസൃതമായി സമർപ്പിക്കുന്നതിനായി ഉപദേശനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിന് യോഗം തീരുമാനിച്ചു. അതിനായി ഒരു സബ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. സമാജങ്ങളിൽ അംഗത്വമുൾപ്പെടെയുള്ള രേഖകൾ ഡിജിെറ്റെസ് ചെയ്ത് സമാജങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുന്ന വെബ് സർവീസ് തുടങ്ങുവാനും തീരുമാനിച്ചു.

മലയാളിസമാജങ്ങൾ നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജുമെന്റുകളുടെ ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുന്നതാണ്.

നിയമപരവും ഭരണപരവുമായ ആശയക്കൈമാറ്റങ്ങൾക്കും പരസ്പരസഹായത്തിനും ഇത് ഏറെ ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. സമാജങ്ങൾ തളർച്ചയിലേക്കും തകർച്ചയിലേക്കും നീങ്ങുന്നതിന് പ്രധാന കാരണം പുതിയ തലമുറ മാറ്റി നിർത്തപ്പെടുന്നതാണെന്ന് സംഘടനാ ഭാരവാഹികൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. യുവതയെ സ്വത്വബോധത്തോടടുപ്പിക്കുവാനും നിലനിർത്താനും ഉതകുന്നവിധത്തിൽ എന്തെല്ലാം ആസൂത്രണംചെയ്യണം എന്നതിനെക്കുറിച്ചു ശ്രുതി മോഹൻ യോഗത്തിൽ ഒരു കരടുരേഖ അവതരിപ്പിച്ചു.

ഈ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അവ നടപ്പാക്കുന്നതിനെക്കുറിച്ചും ഡോ. വേണുഗോപാൽ, ദിനേശ് പൊതുവാൾ, പി.ഒ. തോമസ്, സാന്താക്രൂസ്, കെ.ടി. നായർ, കെ.എ. കുറുപ്പ്, ശ്രീകുമാർ ടി, സാജേഷ് നമ്പ്യാർ, ഡോ. വിവേകാനന്ദൻ, സുരേന്ദ്ര ബാബു, ശ്രീനിവാസ് ഉണ്ണിത്താൻ, രാജഗോപാൽ, അഡ്വ. ജി.എ.കെ. നായർ, രാധാകൃഷ്ണൻ പി, ഗിരീഷ്, ഷാജ് സോമരാജൻ, ഒ. പ്രദീപ്, പവിത്രൻ കെ, ശ്രീകാന്ത് നായർ, മോഹൻദാസ്, രാധാകൃഷ്ണൻ, റെജി വർഗീസ്, അനിൽ പ്രകാശ്, ഷീജ മാത്യു, സപ്ന ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. യുവ പ്രതിനിധികളായി ശ്രീജിത്ത് മോഹൻ, അനുപം ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരെ തിരഞ്ഞെടുത്തു: രജിസ്ട്രേഷൻ നടപടികൾ-ദിനേശ് പൊതുവാൾ, ഡിജിെറ്റെസേഷൻ-ശ്രീകുമാർ ടി., നിർജീവ സമാജങ്ങളുടെ പുനഃസംഘടന-സുരേന്ദ്രബാബു വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സഹവർത്തിത്വം-ഒ. പ്രദീപ്, അന്യാധീനപ്പെട്ടുപോകുന്ന സമാജങ്ങൾ വീണ്ടെടുക്കൽ -തോമസ് ഓലിക്കൻ എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ് ടി.എൻ. ഹരിഹരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മാത്യു തോമസ് സ്വാഗതവും ട്രഷറർ ശ്രീകുമാർ ടി. നന്ദിയും പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..