മുംബൈ : വിമത ശിവസേന നേതാക്കൾക്കെതിരേ ആഞ്ഞടിച്ച് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സർക്കാരിന് എന്താണ് കുഴപ്പമെന്ന് വിമതർ പറയണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും മുഖത്തുനോക്കി സംസാരിക്കണമെന്നും അദ്ദേഹം വിമത എം.എൽ.എ.മാരോട് പറഞ്ഞു. ശിവസേന നയിക്കുന്ന മഹാവികാസ് അഘാഡി സർക്കാരും എം.എൽ.എ. മാരും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് ആദിത്യ താക്കറെയുടെ പരാമർശം.
ഷിന്ദേ നയിക്കുന്ന സംഘത്തെ വിമതരെന്നല്ല, ചതിയന്മാരെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏക് നാഥ് ഷിന്ദേയുടെ കീഴിലുള്ള സംഘത്തെ വിമതർ എന്നല്ല വിളിക്കേണ്ടത്, ചതിയന്മാർ എന്നാണ്. ചതിയന്മാർ എവിടേയും വിജയിച്ചിട്ടില്ല. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പലയിടത്തുനിന്നും ഞങ്ങൾക്ക് സ്നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചേരിതിരിവ് സംബന്ധിച്ച വാദം സുപ്രീംകോടതി കേൾക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ആദിത്യ താക്കറെയുടെ പ്രതികരണം. മഹാവികാസ് അഘാഡി സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഞായറാഴ്ച മഹാരാഷ്ട്രമന്ത്രി ഉദയ് സാമന്ത് ഗുവാഹട്ടിയിലെത്തി ഏക് നാഥ് ഷിന്ദേയോടൊപ്പം ചേർന്നിരുന്നു. ഷിന്ദേയോടൊപ്പം ചേരുക എന്നത് സാമന്തിന്റെ മാത്രം തീരുമാനമാണെന്നായിരുന്നു വിഷയത്തിൽ ആദിത്യ താക്കറെയുടെ പ്രതികരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..