സർക്കാർ രൂപവത്കരണം സംബന്ധിച്ച് ഉടൻ തീരുമാനമെന്ന് വിമതർ


മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം സംബന്ധിച്ച് മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുത്ത് മഹാരാഷ്ട്രയിൽ തിരിച്ചെത്തുമെന്ന് ഗുവാഹാട്ടിയിലെ ഹോട്ടലിൽക്കഴിയുന്ന വിമത എം.എൽ.എ. ദീപക് കേശർകർ പറഞ്ഞു.

ഒന്നു രണ്ടു എം.എൽ.എ. മാർ കൂടി ഞങ്ങൾക്കൊപ്പം കൂടാൻ തയാറായി നിൽക്കുന്നുണ്ട്. അവരുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടിയാകുമ്പോൾ അംഗബലം 51 ആകും -ദീപക് കേശർകർ അവകാശപ്പെട്ടു.

ശിവസേനക്ക് 55 എം.എൽ.എ. മാരാണുള്ളത്. അതിൽ 40- ലേറെ പേരും വിമത ക്യാമ്പിലാണ്. മന്ത്രിയായ ഉദയ് സാവന്ത് ഞായറാഴ്ച വിമതർക്കൊപ്പം ചേർന്നിരുന്നു. വിമത ക്യാമ്പിലെത്തിയ എട്ടാമത്തെ മന്ത്രിയാണിദ്ദേഹം. ബി.ജെ.പി. യുമായി സഖ്യം ചേരണമെന്ന ഏക് നാഥ് ഷിന്ദേയുടെ നയത്തിൽ എതിർപ്പുള്ള 20 വിമതർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

ഏക്‌നാഥ് ഷിന്ദേ തിരികെ എത്തണമെന്ന ഹർജി കേൾക്കാതെ ബോംബെ ഹൈക്കോടതി

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ അസമിലേക്ക് പോയ 37 എം.എൽ.എ. മാരടക്കം തിരികെ വരണമെന്നും ചുമതലകൾ നിർവഹിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. നിലവിലുള്ള 'രാഷ്ട്രീയ നാടകം' പൊതുജനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 268-ാം വകുപ്പ് പ്രകാരം ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ഹർജി ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അസ്ഥിരത കാരണം പൗരന്മാർക്കിടയിലുള്ള അരക്ഷിതാവസ്ഥ തിരിച്ചറിയുകയും പരിഹാരമുണ്ടാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നഗരവികസന വകുപ്പ് മന്ത്രിയായ ഏക്‌നാഥ് ഷിന്ദേയെ നിശിതമായി ഹർജിയിൽ വിമർശിക്കുന്നുണ്ട്. മഴക്കാലത്ത് നാട്ടിൽ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യത്തിൽ മന്ത്രി സംസ്ഥാനത്തുനിന്ന് പോയത് ഉത്തരവാദിത്വം ഇല്ലായ്മയാണെന്ന് ഹർജിയിൽ പറയുന്നു. ഈ മാസങ്ങളിൽ കർഷകരെ കൂടുതൽ പരിഗണിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ കൃഷി മന്ത്രി ദാദ ഭൂസെയും ഗുവാഹാട്ടിയിലാണെന്ന് പൊതുതാല്പര്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..