കുംഭകർണന്റെ പതനം


1 min read
Read later
Print
Share

രാമകഥാസാരം

Caption

അതിഗംഭീരമായിരുന്നു പടപ്പുറപ്പാട്. സേനാപതിമാർ, മന്ത്രിസത്തമന്മാർ, ബന്ധുജനങ്ങൾ തുടങ്ങി അകമ്പടിക്കാർ, കുതിരകളായിരം വലിക്കുന്ന വായുവേഗരഥം, സകലവിധ രാജചിഹ്നങ്ങളാലും അലംകൃതനായി ഇരുപതു കൈകളിലും ആയുധങ്ങളുമായി പെരുതായൊരു നീലമലകണക്കെ രാവണൻ.

മേഘനാദൻ മുതൽ കുംഭനികുംഭന്മാർ വരെയുള്ളവരുടെ ഗുണവിശേഷങ്ങൾ വിഭീഷണൻ രാമനെ ധരിപ്പിച്ചു. രാവണനോട് എതിരിടാൻ അനുവാദം ചോദിച്ച ലക്ഷ്മണനോട്, രാവണന്റെ മായാപ്രയോഗങ്ങളെക്കുറിച്ചും ശിവാനുഗ്രഹത്താൽ നേടിയ ചന്ദ്രഹാസം എന്ന വാളിനെക്കുറിച്ചും ഓർമവേണമെന്ന് രാമൻ അനുഗ്രഹിച്ചയച്ചു. ഇതിനിടയിൽ ഹനുമാനും ഒപ്പം നീലനും രാവണനെ പ്രകോപിപ്പിച്ചു. തുടർന്ന് ലക്ഷ്മണ-രാവണയുദ്ധം മുറുകുന്നു. രാവണന്റെ മയദത്തമായ വേൽകൊണ്ട് ലക്ഷ്മണൻ ബോധഹീനനായി. ഹനുമാന്റെ തോളിൽ കയറിയിരുന്ന്‌ ശ്രീരാമൻ രാവണനോട് നേരിട്ട് എതിരിട്ടു. രാമബാണമേറ്റു ശക്തി ക്ഷയിച്ച് വില്ലുകൈവിട്ട രാവണന്റെ രഥം തകർത്ത് തേരാളിയെയും കുതിരകളെയും രാമൻ വധിക്കുകയും പിറ്റേന്ന് യുദ്ധത്തിന് തയ്യാറായി വരാനാവശ്യപ്പെട്ട് കൊട്ടാരത്തിലേക്കു തിരിച്ചയക്കുകയും ചെയ്യുന്നു.

പരാജയഭീതിയാൽ കുംഭകർണനെ ഉറക്കത്തിൽ നിന്നുണർത്തി യുദ്ധസന്നദ്ധനാക്കി. ഗത്യന്തരമില്ലാതെ കുംഭകർണൻ യുദ്ധത്തിന് പുറപ്പെടുന്നു. ആയിരക്കണക്കിന് വാനരന്മാരെ കാലപുരിക്കയച്ചെങ്കിലും സുഗ്രീവ-സൗമിത്രിമാരോട് അതിഘോരമായി പോരാടിയെങ്കിലും ഒടുവിൽ രാമനെയ്ത ഇന്ദ്രാസ്ത്രം കുംഭകർണന്റെ ശിരസ്സറക്കുകതന്നെ ചെയ്തു.

അനുജന്റെ മരണത്തിൽ വല്ലാതെ ഉലഞ്ഞുപോയ രാവണനെ സമാശ്വസിപ്പിച്ചുകൊണ്ട് ത്രിശിരസ്സ്, അതികായൻ തുടങ്ങി എട്ടു രാക്ഷസവീരന്മാർ യുദ്ധത്തിനായൊരുങ്ങിയെത്തി. വീറോടെയും വാശിയോടെയും നടന്ന ആ യുദ്ധത്തിലും രാക്ഷസസേനയ്ക്കായിരുന്നു നഷ്ടം. എട്ടുപേരും ഓരോരുത്തരായി വധിക്കപ്പെട്ടു. രാവണന്റെ കഠിനദുഃഖം കണ്ട്‌ ഇഷ്ടദേവതയ്ക്കു ഹോമാർച്ചനകൾ ചെയ്തശേഷം യുദ്ധക്കളത്തിലിറങ്ങിയ ധീരനായ ഇന്ദ്രജിത്തിന്റെ ചതുരംഗപ്പട മുഴുവൻ ശ്രീരാമസൈന്യം നശിപ്പിച്ചു. മേഘനാദൻ മറഞ്ഞു പ്രയോഗിച്ച ബ്രഹ്മാസ്ത്രം വാനരസൈന്യത്തെ മൂർച്ഛാധീനരാക്കി. ഇന്ദ്രജിത്ത് ശംഖമൂതി വിജയം ഘോഷിച്ചു. വാനവലോകം നിരാശയിലും നിസ്സഹായതയിലും മുങ്ങിനിന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..