ജന്മംകൊണ്ട് മുസ്‌ലിമല്ല : ജാതിസർട്ടിഫിക്കറ്റ് കേസിൽ സമീർ വാംഖഡെയ്‌ക്ക് ക്ലീൻ ചിറ്റ്


മുംബൈ : ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്ന കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) മുൻ മേധാവി സമീർ വാംഖഡെയ്ക്ക് ക്ലീൻ ചിറ്റ്. വാംഖഡെ ജന്മംകൊണ്ട് മുസ്‌ലിമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഡ്യൂൾഡ് കാസ്റ്റ് നാഷണൽ കമ്മിഷൻ കമ്മിറ്റി(കാസ്റ്റ് കമ്മിറ്റി) ക്ലീൻ ചിറ്റ് നൽകിയത്.

വാംഖഡെയും പിതാവും ഇസ്‌ലാം മതം സ്വീകരിച്ചതിന് തെളിവില്ലെന്നും ഇവർ പിന്നാക്കസമുദായമായ മഹർ-37 വിഭാഗത്തിൽപ്പെട്ടവരാണെന്നത് തെളിയിക്കപ്പെട്ട കാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. സർക്കാർ ജോലി നേടാൻ വ്യാജ ജാതിസർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന മഹാരാഷ്ട്ര മുൻമന്ത്രി നവാബ് മാലിക്കിന്റെ ആരോപണത്തോടെയാണ് വാംഖഡെ പ്രതിസന്ധിയിലായത്.

വാംഖഡെ മുസ്‌ലിമാണെന്നും ജോലി നേടിയത് സംവരണവിഭാഗത്തിലാണെന്നുമാണ് മാലിക് ആരോപിച്ചത്. വിവാദത്തെത്തുടർന്ന് കഴിഞ്ഞവർഷം നവംബറിൽ സമീർ വാംഖഡെ ഡൽഹിയിലെ ഷെഡ്യൂൾഡ് കാസ്റ്റ് നാഷണൽ കമ്മിഷനിൽ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.

മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ച ജാതി സർട്ടിഫിക്കറ്റാണ് വാംഖഡെ ഹാജരാക്കിയതെന്ന് കമ്മിഷൻ ചെയർമാൻ വിജയ് സാംപ്ല വ്യക്തമാക്കി. രേഖകൾ നിയമസാധുതയുള്ളതാണെങ്കിൽ ആർക്കും നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷെഡ്യൂൾഡ് കാസ്റ്റ് നാഷണൽ കമ്മിഷൻ വൈസ്‌ ചെയർമാൻ അരുൺ ഹൽദാർ കഴിഞ്ഞ ഒക്ടോബറിൽ വാംഖഡെയുടെ താമസ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ചിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ മയക്കുമരുന്നു കേസിൽ കുടുക്കി ജയിലിലാക്കിയതിനു പിന്നാലെയാണ് വാംഖഡെയ്ക്കെതിരെ ആരോപണവുമായി എൻ.സി.പി. നേതാവ് കൂടിയായ മാലിക് രംഗത്തുവന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..