റെയിൽവേ ഓണം പ്രത്യേകവണ്ടി ഓടിക്കുന്നത് ഓണംകഴിഞ്ഞ്


ഒാടുന്നത് പനവേലിൽനിന്ന്‌ മംഗളൂരുവരെ മാത്രം

മുംബൈ: ഒാണംപ്രമാണിച്ച് െറയിൽവേ മുംബൈയിൽനിന്ന് കേരളത്തിലേക്ക്‌ പ്രത്യേകവണ്ടി ഓടിക്കുന്നത് തിരുവോണം കഴിഞ്ഞ് രണ്ടാംദിവസം. ട്രെയിൻ ഓടുന്നതോ പനവേലിൽനിന്ന് മംഗളൂരുവരെ മാത്രം. ഓണം കഴിഞ്ഞശേഷം എന്തിനാണ് ഈ വണ്ടി എന്ന് മധ്യറെയിൽവേ അന്വേഷിച്ചപ്പോൾ തങ്ങൾക്ക്‌ വണ്ടി ഓടിച്ചേപറ്റൂ എന്ന്‌ മറുപടിനൽകിയും ദക്ഷിണറെയിൽവേ ഏവരെയും അമ്പരപ്പിച്ചു.

കുർളയിൽനിന്ന്‌ പുറപ്പെടണമെന്ന് ദക്ഷിണറെയിൽവേ നിർദേശിച്ചെങ്കിലും പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന് മധ്യറെയിൽവേ അറിയിച്ചതോടെയാണ് വണ്ടി പനവേലിൽനിന്ന് പുറപ്പെടാൻ തീരുമാനിച്ചത്.

തിരുവോണം സെപ്റ്റംബർ എട്ടിനാണ്. ആറിനെങ്കിലും പുറപ്പെട്ടാൽ മാത്രമേ മുംബൈക്കാർക്ക് കേരളത്തിലെത്തി ഓണമുണ്ണാനാകൂ.

എന്നാൽ സെപ്റ്റംബർ 10-ന് കാലത്ത് 10.45-ന് പനവേലിൽ നിന്ന്‌ പുറപ്പെടുന്ന വണ്ടി (നമ്പർ:06049) അടുത്തദിവസം പുലർച്ചെ ആറുമണിക്കാണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഓണത്തിനുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വണ്ടി ഓടിക്കുന്നതെന്നാണ് റെയിൽവേ വിജ്ഞാപനത്തിലുള്ളത്.

ഓണമാഘോഷിക്കുന്നവരിൽ കൂടുതൽ പേർക്കും കേരളത്തിലേക്കാണ് യാത്രചെയ്യേണ്ടത്.

ഇതൊക്കെയറിഞ്ഞിട്ടും റെയിൽവേ പ്രത്യേകവണ്ടിയുടെ ഓട്ടം മംഗളൂരുവിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് മലയാളിക്ക് ബുദ്ധിമുട്ടാകുന്നത്.

വേളാങ്കണ്ണിയിൽനിന്ന് മുംബൈവരെ ഇപ്പോൾ സ്പെഷ്യൽവണ്ടി ഓടിക്കുന്നുണ്ട്.

ഈ റേക്ക് വെറുതേ ഇടേണ്ട എന്നുകരുതിയാണ് പനവേലിൽനിന്ന്‌ മംഗളൂരുവരെ ഓടിക്കുന്നതെന്നൊരു സൂചനയും റെയിൽവേ നൽകുന്നുണ്ട്.

മംഗളൂരുവിൽനിന്ന് സെപ്റ്റംബർ 11-ന് വൈകീട്ട് ഏഴിന് ചെന്നൈയിലേക്കും ഓണം സ്പെഷ്യൽ (നമ്പർ:06050) ഓടിക്കുന്നുണ്ട്.

ഈ വണ്ടി 12-ന് ഉച്ചയ്ക്ക് 1.45-ന് താംബരത്ത് യാത്ര അവസാനിപ്പിക്കും.

പ്രത്യേക വണ്ടിയായതിനാൽ ഇതിന്റെ ടിക്കറ്റ് നിരക്കും കൂടും.

മുംബൈയിൽനിന്ന് മംഗളൂരുവിലെത്തിക്കുന്ന യാത്രക്കാരെ തിരിച്ച് മുംബൈയിൽ എത്തിക്കാനോ താംബരം പ്രത്യേകവണ്ടിയിൽ ചെന്നൈയിൽ എത്തുന്നവരെ തിരികെ എത്തിക്കാനോ പ്രത്യേക തീവണ്ടി പ്രഖ്യാപിച്ചിട്ടുമില്ല.

മംഗളൂരുനിന്ന് ചെന്നൈ യിലേക്ക് ഓണം സ്പെഷ്യൽ തീവണ്ടി ഓടിക്കാൻ ദക്ഷിണറെയിൽവേ നേരത്തേ തീരുമാനിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..