പ്രധാന വകുപ്പുകൾ ബി.ജെ.പി.ക്ക്‌: ഷിന്ദേയെ നഗരവികസനത്തിലൊതുക്കി; ആഭ്യന്തരം, ധനകാര്യം ദേവേന്ദ്ര ഫഡ്നവിസിന്


മുംബൈ : മഹാരാഷ്ട്രയിൽ സുപ്രധാനവകുപ്പുകൾ ബി.ജെ.പി. സ്വന്തമാക്കി. ആഭ്യന്തരം, ധനകാര്യം, ആസൂത്രണം എന്നിവ ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് കൈകാര്യംചെയ്യും. നിയമം, ജലവിഭവം, ഭവനനിർമാണം, ഊർജം എന്നിവയുടെ ചുമതലയും അദ്ദേഹം വഹിക്കും.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയെ നഗരവികസനവകുപ്പിലൊതുക്കി. പൊതുമരാമത്ത്, ഗതാഗതം എന്നിവയുടെ ചുമതലകൂടി മുഖ്യമന്ത്രി വഹിക്കും. പ്രധാന വകുപ്പുകളെല്ലാം ബി.ജെ.പി.ക്കാണ്. മന്ത്രിമാരുടെ വകുപ്പു വിഭജനത്തോടെ ഷിന്ദേയെ ബി.ജെ.പി. ഒതുക്കിയെന്ന് ആക്ഷേപമുയർന്നു. ബി.ജെ.പി. മുൻ സംസ്ഥാനപ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ ഉന്നതവിദ്യാഭ്യാസ-പാർലമെന്ററികാര്യ മന്ത്രിയാകും. ബി.ജെ.പി.യുടെ രാധാകൃഷ്ണ പാട്ടീൽ റവന്യൂമന്ത്രിയും സുധീർ മുൻഗന്തിവാർ വനംമന്ത്രിയുമാകും. ഷിന്ദേ പക്ഷത്തുള്ള ദീപക് കേസർകർ വിദ്യാഭ്യാസമന്ത്രിയും അബ്ദുൽ സത്താർ കൃഷിമന്ത്രിയുമാകും.

പൊതുഭരണം, ഐ.ടി., ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, ദുരന്തനിവാരണം, മണ്ണ് - ജല സംരക്ഷണം, പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും, ന്യൂനപക്ഷ-വഖഫ് കാര്യം തുടങ്ങി മറ്റുമന്ത്രിമാർക്ക് വിഭജിച്ചുനൽകാത്ത വകുപ്പുകളുടെ ചുമതലയും നിലവിൽ മുഖ്യമന്ത്രിക്കാണ്.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉൾപ്പെടെ 20 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിനുശേഷമാണ് ഷിന്ദേ സർക്കാർ മന്ത്രിസഭ വികസിപ്പിച്ചത്. ഷിന്ദേയെ മുഖ്യമന്ത്രി കസേരയിലിരുത്തി മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ പീൻസീറ്റ് ഭരണമാണ് നടക്കുന്നതെന്നാണ് വിമർശനം.

രണ്ടാംഘട്ട മന്ത്രിസഭാവികസനത്തിൽ കൂടുതൽ പേർക്ക്‌ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഷിന്ദേ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..