കരുതൽമേഖലയിൽ ഇളവുനൽകിയത് നിരാശാജനകം -പരിസ്ഥിതിസംഘടനകൾ


Caption

നവിമുംബൈ

: വനാതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർ ചുറ്റളവിൽ കരുതൽമേഖലയാക്കണമെന്ന വിധിയിൽനിന്ന് സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനും താനെ ക്രീക്ക് രാജഹംസ ഉദ്യാനത്തിനും ഇളവുനൽകിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണെന്ന് പരിസ്ഥിതിസംഘടനകൾ.വനങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുമെന്നുകാണിച്ച് സഞ്ജയ് ഗാന്ധി ദേശീയോദ്യാനമേഖലയിൽ മെട്രോ കാർഷെഡ് പണിയാനുള്ള നീക്കത്തിനെതിരേ പരിസ്ഥിതിസംഘടനകൾ പ്രക്ഷോഭം സംഘടിപ്പിക്കുകയും കഴിഞ്ഞസർക്കാർ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കരുതൽമേഖലയിൽ ഇളവുനൽകിക്കൊണ്ടുള്ള ഉത്തരവുവന്ന പശ്ചാത്തലത്തിൽ നിർമാണപ്രവർത്തനങ്ങൾക്കായി വനങ്ങൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പരിസ്ഥിതിപ്രവർത്തകർ.

രാജഹംസങ്ങളുടെയും അതുപോലുള്ള മറ്റു ദേശാടനപ്പക്ഷികളുടെയും പ്രജനനകേന്ദ്രമായ താനെ കടലിടുക്കിന്റെ തീരത്തുള്ള കണ്ടൽവനങ്ങൾ നശിപ്പിക്കുന്നതിനെതിരേ പരിസ്ഥിതിസംഘടനകൾ കാലങ്ങളായി പ്രക്ഷോഭം നടത്തിവരികയാണ്. ഇതിനിടയിൽ സുപ്രീംകോടതിയുടെ ഇളവുവന്നതോടെ കണ്ടൽക്കാടുകൾ വൻതോതിൽ നശിപ്പിക്കാൻ സാഹചര്യമൊരുങ്ങുമെന്നും പരിസ്ഥിതിപ്രവർത്തകർ പറയുന്നു. കടലിടുക്കിനോടു ചേർന്നുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോലമേഖലയാണെന്നും സംരക്ഷിക്കേണ്ട പ്രദേശങ്ങളാണെന്നും വാദിച്ച് സമരംചെയ്യുന്ന പരിസ്ഥിതിപ്രവർത്തകരുടെ ശ്രമങ്ങൾക്ക് ഇളവുനൽകിക്കൊണ്ടുള്ള ഉത്തരവ് തിരിച്ചടിയായിരിക്കുകയാണ്.

നവിമുംബൈയിലെ വികസനഏജൻസിയായ സിഡ്‌കോയ്ക്ക് റിയൽഎസ്‌റ്റേറ്റ് വികസനത്തിൽ മാത്രമാണ് ശ്രദ്ധയെന്നും പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിൽ ശ്രദ്ധയില്ലെന്നും നാറ്റ് കണക്ട്, വനശക്തി തുടങ്ങിയ പരിസ്ഥിതിസംഘടനകൾ ആരോപിക്കുന്നതിനിടയിലാണ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്മെന്റ് അസോസിയേഷന്റെ കോൺഫെഡറേഷൻ നൽകിയ അപേക്ഷയിൽ കരുതൽമേഖലയിൽ ഇളവുനൽകിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. കോൺഫെഡറേഷൻ നൽകിയ അപേക്ഷയെ മഹാരാഷ്ട്രസർക്കാർ പിന്തുണച്ചത് ദൗർഭാഗ്യകരമായിപ്പോയെന്നും പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..