ഗർഭനിരോധനവും ഛിദ്രവും


സ്കൂളുകളിൽ ശൗചാലയശുചിത്വവും സാനിറ്ററി പാഡുകളും വേണമെന്ന വിദ്യാർഥിനിയുടെ നിർദേശത്തിന്, ഗർഭനിരോധനസാമഗ്രിയും വേണമോ എന്നാണ്‌ ഒരു വനിതാകളക്ടർ പ്രതികരിച്ചത്. ഈ ചോദ്യം പരിഹാസമല്ലായിരുന്നെങ്കിൽ, അത് ആൺകുട്ടികൾക്കും കൂടി നൽകാൻ പെൺകുട്ടികൾ ആവശ്യപ്പെടുമായിരുന്നു എന്നാണ് തോന്നുന്നത്. ഇന്നത്തെ കാലത്ത് ഒമ്പതു വയസ്സുള്ള ബാലികമാർവരെ ഋതുമതികളായിക്കൊണ്ടിരിക്കുന്നതിനാൽ സ്കൂളുകളിൽ അത്യാവശ്യസമയത്ത് ഉപകരിക്കാനായെങ്കിലും സാമഗ്രികൾ ലഭ്യമാകേണ്ടതുണ്ട്. പല സ്കൂളുകളിലും അത് നിലവിലുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളത്. ആ കുട്ടി ആവശ്യം ഉന്നയിച്ചത് തെറ്റാണോ? സ്കൂളുകളിലും കോളേജുകളിലും ലൈംഗിക വിദ്യാഭ്യാസമെന്നപോലെ ആർത്തവശുചിത്വത്തെക്കുറിച്ചുള്ള ബോധവത്കരണവും പാഡുകളോ, കപ്പുകളോ ലഭ്യമാക്കുന്നതും അനിവാര്യമാണ്. കേരളത്തിൽ മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇൻസിനിറേറ്റർ സ്ഥാപിച്ചതെന്ന് കേട്ടിരുന്നു. എന്നിട്ടും ഈ വനിതാകളക്ടർ പെൺകുട്ടിയോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചുവല്ലോ! ഗർഭ നിരോധനത്തെക്കുറിച്ചാണെങ്കിൽ ലൈംഗിക വിദ്യാഭ്യാസത്തിൽ അതിനെക്കുറിച്ചും ബോധവത്കരണം നൽകുന്നത് പരിഗണിക്കാവുന്നതാണ്. അവിവാഹിതയുടെ അഞ്ചുമാസത്തിലേറെവളർന്ന ഭ്രൂണത്തെ ഇല്ലാതാക്കാൻ അനുമതി നൽകിക്കൊണ്ട് അന്താരാഷ്ട്ര ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29-ന് സുപ്രീംകോടതി ഗർഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശമുണ്ടെന്ന സുപ്രധാനവിധി പുറപ്പെടുവിച്ചു. വിധിയെല്ലാം സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ളതാണെന്നത് ശരിതന്നെ. അവിവാഹിതകളായാലും വിവാഹിതകളായാലും അനാവശ്യവും അവിഹിതവും അപ്രതീക്ഷിതവുമായ പ്രജനനം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാൻ സ്ത്രീകളും പുരുഷന്മാരും ബാധ്യസ്ഥരാണെന്ന ബോധവത്‌കരണമാണാവശ്യം. പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളുടെ സ്കൂൾ ബാഗുകളിൽ അമ്മമാർ നിരോധന സാമഗ്രി വെക്കുന്നതായി വളരെക്കാലംമുമ്പ് കേട്ടിട്ടുണ്ട്. പാശ്ചാത്യരെ അനുകരിക്കുന്നതെന്തിന്? പൗരസ്ത്യ സംസ്കാരത്തിന്റെ മാറ്റു കൂട്ടുവാൻ ഓരോ മുതിർന്ന പെൺകുട്ടിയും വിവാഹപൂർവഗർഭം നിരോധിക്കുക തന്നെ വേണം. മേൽപറഞ്ഞ വിധിയിൽ അവിവാഹിത വിവാഹം കഴിക്കാമെന്നു പറഞ്ഞ പുരുഷനിൽനിന്നാണ് ഗർഭിണിയായതെന്നു പറയുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ വഴങ്ങുന്നതിനു പകരം ഒന്നുകിൽ വിവാഹശേഷം ബന്ധപ്പെടുക, അല്ലെങ്കിൽ തനിക്കുംകൂടി താത്‌പര്യമുണ്ടെങ്കിൽ മാത്രം നിരോധന ഉപാധിയോടെ ബന്ധപ്പെടാമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തന്റേടം കാണിക്കണം.

വിജയാ മേനോൻ (എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമാണ് ലേഖിക)Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..