ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി സി.എസ്.ടി. സ്റ്റേഷനിലെത്തിയ വന്ദേഭാരത് എക്സ്‌പ്രസ്
മുംബൈ : സി.എസ്.ടി.യിൽനിന്ന് ഓട്ടംതുടങ്ങുന്ന ആദ്യ വന്ദേഭാരത് തീവണ്ടി വ്യാഴാഴ്ച രാത്രി മുംബൈയിൽ എത്തി. ഇതിന്റെ പരീക്ഷണയോട്ടം ശനിയാഴ്ച ആരംഭിക്കുമെന്ന് മധ്യ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. സി.എസ്.ടി.യിൽനിന്ന് ശിർദ്ദിയിലേക്കും സോലാപുരിലേക്കുമാണ് ഇത് സർവീസ് നടത്തുക.
ഫെബ്രുവരി പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ തീവണ്ടികൾ ഫ്ളാഗ്ഓഫ് ചെയ്യും. രണ്ടുറൂട്ടിലും ചുരം കയറാനുള്ളതുകൊണ്ട് ഇതിന്റെ പരീക്ഷണയോട്ടം പ്രധാനമാണ്. ഏതുരീതിയിലായിരിക്കും വന്ദേഭാരത് എക്സ്‌പ്രസ് ചുരം കയറുക എന്നതാണ് പ്രധാനമായും നിരീക്ഷിക്കുക.
ഇതാദ്യമായാണ് എൻജിനില്ലാത്ത വന്ദേഭാരത് എക്‌സ്‌പ്രസ് വലിയ മലകളുള്ള റൂട്ടിൽ ഓടിക്കുന്നത്. അതിനാൽത്തന്നെ ഈ പരീക്ഷണയോട്ടം ഏറെ പ്രധാന്യത്തോടെയാണ് റെയിൽവേ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നത്.
നിലവിൽ മെയിൽ എക്സ്‌പ്രസ് ട്രെയിനുകൾ രണ്ടുഎൻജിനുകൾ ഘടിപ്പിച്ചാണ് ചുരംകയറുന്നത്. മുന്നിലെ എൻജിൻ തീവണ്ടിയെ വലിക്കുമ്പോൾ പിന്നിലെ എൻജിൻ മുന്നോട്ടുതള്ളുകയാണ് ചെയ്യുന്നത്. എന്നാൽ, എൻജിനില്ലാതെ പ്രവർത്തിക്കുന്ന വന്ദേഭാരത് വരുന്നതോടെ ഭാവിയിൽ മെയിൽഎക്സ്‌പ്രസ് ട്രെയിനുകൾക്ക് എൻജിൻ വേണ്ട എന്ന അവസ്ഥവരും.
ചെന്നൈയിലെ ഇന്റഗ്രൽകോച്ച് ഫാക്ടറിയിൽ നിർമിച്ച വന്ദേഭാരത് മുംബൈയിലേക്കുള്ള യാത്രയിൽ കർജത്തിന് സമീപമുള്ള ഭോർ ചുരം അനായാസം കയറിയെന്നതാണ് റെയിൽവേക്ക് ആശ്വാസം പകരുന്നത്. സോലാപുരിലേക്കുള്ള യാത്രയിൽ ഭോർചുരമാണ് പ്രധാന വെല്ലുവിളിയെങ്കിൽ ശിർദ്ദിയിലേക്കുള്ള യാത്രയിൽ താൾ ചുരമാണുള്ളത്. ആഴ്ചയിൽ ആറുദിവസമായിരിക്കും ഈ രണ്ടുതീവണ്ടികളും ഓടുക.
സി.എസ്.ടി.-സോലാപുർ എക്‌സ്‌പ്രസ് ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും ഓടും. സോലാപുരിൽനിന്ന് വ്യാഴാഴ്ച ഈ വണ്ടി ഉണ്ടായിരിക്കില്ല.
സോലാപുരിൽനിന്ന് കാലത്ത് 6.05-ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 12.35-ന് സി.എസ്.ടി.യിലെത്തും. സി.എസ്.ടി.യിൽനിന്ന് വൈകീട്ട് 4.10-ന് പുറപ്പെടുന്ന വണ്ടി രാത്രി 10.40-ന് സോലാപുരിലെത്തും.
ഇതേ റൂട്ടിൽ ഓടുന്ന സിദ്ദേശ്വർ എക്‌സപ്രസ് ലക്ഷ്യസ്ഥാനത്തെത്താൻ എട്ടുമണിക്കൂറോളം എടുക്കുമ്പോൾ വന്ദേഭാരത് എക്‌സ്‌പ്രസ് ആറരമണിക്കൂർ കൊണ്ടെത്തും. ദാദർ, താനെ, ലോണാവാല, കുർദ്‌വാഡി എന്നിവിടങ്ങളിൽ നിർത്തും.
ചൊവ്വാഴ്ചകൾ ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സി.എസ്.ടി.-ശിർദ്ദി എക്സ്‌പ്രസ് ഓടുക. സി.എസ്.ടി.യിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടുന്ന വണ്ടി ശിർദ്ദിയിൽ ഉച്ചയ്ക്ക് 12.10-ന് എത്തും. വൈകീട്ട് 5.25-ന് അവിടെനിന്ന് പുറപ്പെട്ട് രാത്രി 11.18-ന് സി.എസ്.ടി.യിൽ എത്തും. ദാദർ, താനെ, നാസിക് റോഡ് എന്നിവിടങ്ങളിലാണ് ഇത് നിർത്തുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..