മാറൻ മാർ ഗീവർഗീസ് തൃതീയൻ യോനൻ അനുഗ്രഹപ്രഭാഷണം നടത്തുന്നു
അങ്കവാ (ഇറാഖ്) : അങ്കവാ മഹാപട്ടണത്തിലെ മാർത്ത് മറിയം കത്തീഡ്രലിൽ പൂർവിക പൗരസ്ത്യ സഭയുടെ 110-ാം കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ഗീവർഗീസ് തൃതീയൻ യോനൻ അഭിഷിക്തനായി.
മുതിർന്ന മെത്രാപ്പോലീത്ത മാർ തോമ പ്രധാന കാർമികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ മാർ യാകൂബ് ഡാനിയേൽ, മാർ സയ്യ, എപ്പിസ്കോപ്പമാരായ മാർ ഷിമോൺ ഡാനിയേൽ, മാർ പത്രോസ് എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയുടെ മധ്യത്തിൽ പട്ടാഭിഷേക ശുശ്രൂഷയ്ക്ക് തുടക്കമായി. നിയുക്ത പാത്രിയർക്കീസ് സത്യപ്രതിജ്ഞ ചൊല്ലി കൈയൊപ്പിട്ട് പ്രധാന കാർമികൻ മാർ തോമ മെത്രാപ്പോലീത്തയ്ക്ക് സമർപ്പിച്ചു. തുടർന്നാണ് പ്രാർഥനാ ശുശ്രൂഷകൾ ആരംഭിച്ചത്. തുടർന്ന് പാത്രിയർക്കീസ് പൊതുസമൂഹത്തോട് കൃതജ്ഞത രേഖപ്പെടുത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രഥമ വിശുദ്ധകുർബാനയ്ക്ക് പാത്രിയർക്കീസ് പ്രധാന കാർമികത്വം വഹിച്ചു. വിശുദ്ധകുർബാനയ്ക്കുശേഷം വിശ്വാസസമൂഹത്തെ ആശിർവദിക്കുകയും ചെയ്തു. ഫെബ്രുവരി 11-ന് കാലംചെയ്ത മാറൻ മാർ അദ്ദായ് രണ്ടാമൻ കാതോലിക്കോസ് പാത്രിയർക്കീസിന്റെ പിൻഗാമിയാണിദ്ദേഹം.
പുതിയ പാത്രിയർക്കീസിന്റെ അംശവടി മരംകൊണ്ട് തൃശ്ശൂരിൽ നിർമിച്ചതാണ്. മാറൻ മാർ ആവേ കാതോലിക്കോസ് പാത്രിയർക്കീസിന്റെ പ്രിതിനിധിയായി മാർ ബെന്യമിൻ എലിയാ എപ്പിസ്കോപ്പ ആശംസയർപ്പിച്ചു. ഇറാഖ് സർക്കാർ പ്രിതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..