മുംബൈ : മുസ്‌ലിംസംവരണം പാടില്ലെന്നാണ് ബി.ജെ.പി.യുടെ വിശ്വാസമെന്നും മതാധിഷ്ഠിതമായ സംവരണം ഭരണഘടനാവിരുദ്ധമാണെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. നാന്ദേഡിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം പാടില്ല. മുസ്‌ലിം സംവരണം വേണമോ വേണ്ടയോ എന്നകാര്യത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങളോട് ഉദ്ധവ് താക്കറെ അഭിപ്രായം പറയണം. കർണാടകത്തിലെ സർക്കാർ പാഠപുസ്തകത്തിൽനിന്ന് സവർക്കറെ എടുത്തുമാറ്റുന്നതിനോട് യോജിക്കുന്നുണ്ടോ? അത്തരത്തിലുള്ള ഒരു സർക്കാരുമായി യോജിച്ചുപോകാനാണോ ഉദ്ദേശിക്കുന്നതെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് സമ്പ്രദായം നിർത്തലാക്കൽ, അയോധ്യയിൽ രാമക്ഷേത്രനിർമാണം എന്നീ തീരുമാനത്തെയും ഉദ്ധവ് അംഗീകരിക്കുന്നുണ്ടോ? പല ബി.ജെ.പി. സർക്കാരും പൊതു സിവിൽകോഡ് നടപ്പാക്കാനുള്ള പരിപാടിയിലാണ്. ഇക്കാര്യങ്ങളിലൊക്കെ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ഞങ്ങൾ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയല്ല. ശിവസേനയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചതുകൊണ്ട് ശിവസൈനികരാണ് താങ്കളുടെ സർക്കാരിനെ ഇല്ലാതാക്കിയത്. ശരദ് പവാറിനൊപ്പം ചേരുന്നത് അവർക്കിഷ്ടമല്ലായിരുന്നു. സ്വന്തം പാർട്ടിയെ ചതിച്ച വ്യക്തിയാണ് ഉദ്ധവ് താക്കറെയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..