മറാഠാസംവരണം: 50 ശതമാനം പരിധി കേന്ദ്രം നീക്കണമെന്ന് അജിത് പവാർ


• ശിവനേരി കോട്ടയിൽ നടന്ന ശിവജയന്തി ആഘോഷത്തിൽ അജിത് പവാർ, ദിലീപ് വൽസെ പാട്ടീൽ, ബാലാ സാഹേബ് തോറാട്ട്, ആദിത്യ താക്കറെ തുടങ്ങിയവർ

പുണെ : മറാഠാസമുദായത്തിന് സംവരണം നൽകുന്നതിനായി സുപ്രീംകോടതി നിർദേശിച്ച 50 ശതമാനം സംവരണപരിധി ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഇത് സുഗമമാക്കുന്നതിനായി നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മറാഠാസമുദായത്തിന് സംവരണം ലഭിക്കണം, എന്നാൽ മറ്റ് സമുദായങ്ങളുടെ നിലവിലുള്ള ക്വാട്ടയെ തടസ്സപ്പെടുത്താതെ അത് ചെയ്യണമെന്നും അജിത് പവാർ പറഞ്ഞു.

ഛത്രപതി ശിവജി മഹാരാജിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പുണെ ജില്ലയിലെ ജുന്നർ താലൂക്കിലുള്ള ശിവനേരി കോട്ടയിൽ നടന്ന ശിവജയന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1630-ൽ ഈ കോട്ടയിലാണ് ശിവാജി മഹാരാജ് ജനിച്ചത്. ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ, റവന്യൂ മന്ത്രി ബാലാ സാഹേബ് തോറാട്ട്, പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ എന്നിവരും ആഘോഷച്ചടങ്ങുകളിൽ പങ്കെടുത്തു.

എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായതിനാൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇത്തവണ പങ്കെടുത്തില്ല. മറാഠാ സമുദായത്തിനുള്ള സംവരണത്തിനായി ഞങ്ങളെല്ലാം ഒരേ നിലപാടിലാണെന്നും അതിനായി സംസ്ഥാന സർക്കാർ കമ്മീഷൻ രൂപവത്കരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ ബോംബെ ഹൈക്കോടതി അനുകൂലവിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും പവാർ പറഞ്ഞു. അജിത് പവാർ പ്രസംഗിക്കുന്നതിനിടെ മറാഠാ സംവരണ വിഷയം ഉയർത്തി പ്രസംഗം തടസ്സപ്പെടുത്തിയ യുവാവിനോട് താനും മറാഠാ വിഭാഗത്തിൽ പെട്ടയാളാണെന്ന് പവാർ പറഞ്ഞു.

ഞാനും ബാലാസാഹേബ് തോറാട്ടും ദിലീപ് വാൽസെ പാട്ടീലും മറാഠാ വംശത്തിൽ നിന്നുള്ളവരാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെ ഒരുമിച്ച് കൂട്ടിക്കൊണ്ടാണ് ശിവാജി മഹാരാജ് സ്വരാജ്യം സ്ഥാപിച്ചത്. നാമും അതേ തത്വങ്ങൾ അനുകരിക്കേണ്ടതുണ്ട്. മറ്റ് സമുദായങ്ങൾക്കുള്ള സംവരണം നമ്മൾ മൂലം ബാധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം പവാർ പറഞ്ഞു. സംവരണം 50 ശതമാനത്തിൽ കൂടരുത് എന്ന് സുപ്രീം കോടതി വിധിച്ചു. 50 ശതമാനത്തിൽ കൂടുതൽ സംവരണം ലഭിക്കാൻ കേന്ദ്രസർക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Need to remove 50% quota limit to facilitate reservation to Marathas, says Ajit Pawar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..