ഭീകരപ്രവർത്തനങ്ങൾക്കുപിന്നിൽ സംഘപരിവാർ: ആർ.എസ്.എസ്. പ്രവർത്തകന്റെ ഹർജിയിൽ സർക്കാരിന്റെ മറുപടിതേടി കോടതി


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം (Photo: canva)

മുംബൈ : രാജ്യത്തെ ഭീകരവാദപ്രവർത്തനങ്ങൾക്കു പിന്നിൽ സംഘപരിവാറാണെന്നാരോപിച്ച് ആർ.എസ്.എസ്. പ്രവർത്തകൻ നൽകിയ ഹർജി നാന്ദേഡ് സെഷൻസ്‌ കോടതി 22-ന് പരിഗണിക്കും. അന്നേദിവസം ഇക്കാര്യത്തിൽ മറുപടിനൽകാൻ സെഷൻസ് കോടതി ജഡ്ജി അശോക് ആർ. ധമേച്ച സർക്കാരിനോട് ആവശ്യപ്പെട്ടു.

2006-ലെ നാന്ദേഡ് സ്ഫോടനക്കേസിൽ തന്നെ കക്ഷിചേർക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസ്. പ്രവർത്തകൻ യശ്വന്ത് ഷിന്ദേ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണമുന്നയിച്ചത്. ഭീകരപ്രവർത്തനങ്ങൾക്കായി യുവാക്കളെ സൈനിക പരിശീലനത്തിനെത്തിക്കുകയും ബോംബ് നിർമാണ, സ്ഫോടനപരിശീലനത്തിൽ ഭാഗമാക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

പ്രോസിക്യൂഷൻ വാദത്തിനുശേഷം ഹർജി സ്വീകരിക്കുന്നകാര്യം കോടതി തീർപ്പാക്കുമെന്ന് യശ്വന്ത് ഷിന്ദേയുടെ അഭിഭാഷകർ പറഞ്ഞു. ബി.ജെ.പി.യുടെ രാഷ്ട്രീയനേട്ടത്തിനായി ആർ.എസ്.എസും ബജ്‌റംഗ്‌ദളും വി.എച്ച്.പി.യും രാജ്യത്ത് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആരോപിച്ചിട്ടുണ്ട്. ബി.ജെ.പി. നേതാവായ എൽ.കെ. അദ്വാനി, ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് എന്നിവരുടെ പേരുകളും യശ്വന്ത് ഷിന്ദേ തന്റെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

സത്യവാങ്മൂലത്തിൽ പരാമർശിച്ച സ്ഫോടനവിവരങ്ങൾ സർക്കാർരേഖകളിൽ കാണാമെന്നും ഹർജിയിൽ ആരോപണമുന്നയിച്ച നേതാക്കളുമായി മുഖാമുഖം ചോദ്യംചെയ്യലിന് സന്നദ്ധമാണെന്നും ആവശ്യമായ തെളിവുകൾ സമർപ്പിക്കാമെന്നും യശ്വന്ത് ഷിന്ദേ അവകാശപ്പെട്ടു.

2006-ൽ നന്ദേഡിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ മരിച്ച കേസിലെ വിചാരണയ്ക്കിടെയാണ് തന്നെ സാക്ഷിയാക്കണമെന്നും പ്രധാന ഗൂഢാലോചകരെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് യശ്വന്ത് ഷിന്ദേ കോടതിയെ സമീപിച്ചത്.

Content Highlights: RSS Worker Claims Top Right Wing Leaders Involved in terror activities

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..