ന്യൂഡൽഹി: കേരളത്തിൽനിന്ന് ഡൽഹിയിലേക്ക് ചരക്കുമായിവന്ന ലോറിയിൽ ഡ്രൈവർക്കൊപ്പമെത്തിയ പാലക്കാട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മരിച്ചു. ലോറി ഡ്രൈവർ മനോജിന്റെ സുഹൃത്തായ ചിറ്റൂർ നല്ലേപ്പിള്ളി സ്വദേശിയായ സതീശനാണ് (42) മരിച്ചത്. അവിവാഹിതനാണ്. ആഗ്രയ്ക്ക് സമീപമെത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സതീശൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്ധ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചപ്പോൾ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഗാസിയാബാദിൽവെച്ച് സതീശന് നാട്ടിലേക്കുപോകാനുള്ള ടിക്കറ്റെടുക്കാൻ മനോജ് റെയിൽവേ സ്റ്റേഷനിലേക്കുപോയി തിരിച്ചെത്തിയപ്പോൾ സതീശനെ ലോറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മനോജ് സുഹൃത്തുക്കൾവഴി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ഭാരവാഹികളുടെ സഹായം തേടി. തുടർന്ന് എയ്മ ഉത്തർപ്രദേശ് ഘടകത്തിന്റെ നേതാക്കൾ സ്ഥലത്തെത്തി സഹായങ്ങൾ നൽകി.
ഡൽഹി പാലക്കാടൻ കൂട്ടായ്മയും സഹായത്തിനു കൈകോർത്തു. സംഘടനകളിടപെട്ട് മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വിമാനമാർഗം നാട്ടിലെത്തിച്ചു. ബാബു പണിക്കർ, ജയരാജ് നായർ, ചന്ദ്രദാസ്, ആർ.വി. നായർ, സുന്ദരേശൻ, ഡെൽവിൻ, ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..