ഹെറോയിൻ കടത്ത്: തലസ്ഥാനത്തൊരുക്കിയത് ഒളിയിടം


പ്രതീകാത്മക ചിത്രം | Screengrab: Mathrubhumi News

തിരുവനന്തപുരം: ബാലരാമപുരത്തുനിന്നു കണ്ടെടുത്ത 22.5 കിലോ ഹെറോയിൻ ഡൽഹിയിലേക്കു കടത്താൻവേണ്ടി സൂക്ഷിച്ചതാണെന്നു കണ്ടെത്തി. സിംബാബ്‌വേയിൽനിന്ന്‌ മുംബൈയിലെത്തിച്ച മയക്കുമരുന്ന്, സുരക്ഷിതമായി കൈമാറാൻ കഴിയാത്തതിനെ തുടർന്നാണ് തീവണ്ടിമാർഗം ബാലരാമപുരത്തെ ലോഡ്ജിലെത്തിച്ചത്.

ഇത്രയും വലിയ അളവിലെ മയക്കുമരുന്ന് കേരളത്തിൽ ചെറുകിട കച്ചവടം നടത്തുക ബുദ്ധിമുട്ടാണ്. ഡൽഹിയിലെ വൻകിട കച്ചവടക്കാർക്കു കൈമാറാനായിരുന്നു നീക്കം. അതിനുള്ള സാവകാശം ലഭിക്കുന്നതു വരെ സൂക്ഷിക്കാൻ പിടിയിലാവർക്കു നിർദേശം ലഭിച്ചിരുന്നു. ഡി.ആർ.ഐ. പിടികൂടിയ തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

ഇരുവർക്കും മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട് മറ്റു കേസുകളില്ല. എക്സൈസ് കേസുകളിലും ഇവർ പ്രതികളല്ല. ഇരുവരും കടത്തുകാരാണെന്ന സൂചന മാത്രമാണ് ഉദ്യോഗസ്ഥർക്കുള്ളത്. ചികിത്സയ്ക്കെത്തിയവരെന്ന വ്യാജേനയാണ് ഇവർ മുറിയെടുത്തിരുന്നത്. മയക്കുമരുന്നു വിൽക്കാൻ ശ്രമിച്ചപ്പോൾ വിവരം പുറത്തറിയുകയായിരുന്നു. അന്വേഷണസംഘം മുറി പരിശോധിച്ചപ്പോഴാണ് ബാഗിൽ മയക്കുമരുന്നു കണ്ടെത്തിയത്. ഡി.ആർ.ഐ.യുടെ തിരുവനന്തപുരം യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാനത്തു നടന്നിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണിത്.

പ്രതികളെ പിടികൂടിയത് വീട്ടിൽനിന്ന്

നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ ഡി.ആർ.ഐ.(ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) നടത്തിയ ഹെറോയിൻ വേട്ടയിലെ പ്രതികളെ പിടികൂടിയത് തിരുവനന്തപുരത്തെ വീടുകളിൽനിന്ന്.

നെയ്യാറ്റിൻകര പത്താംകല്ല് ആറാലുംമൂട്ടിലെ സ്വകാര്യ ലോഡ്ജിൽ നിന്നുമാണ് പ്രതികളുമായെത്തി ഡി.ആർ.ഐ. സംഘം ഹെറോയിൻ പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി പത്തരയ്ക്കു ശേഷമാണ് പ്രതികളുമായെത്തി സംഘം ഹെറോയിൻ പിടിച്ചെടുത്തത്. അറസ്റ്റിലായ തിരുമല, കൈരളി നഗർ, ടി.സി. 40/191, രേവതി ഭവനിൽ രമേശ്(33), ശ്രീകാര്യം സ്വദേശി സന്തോഷ്(35) എന്നിവരെയാണ് ചൊവ്വാഴ്ച പിടികൂടിയിരുന്നത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയോടെ പോലീസിനെയോ, എക്‌സൈസിനെയോ അറിയിക്കാതെ ഡി.ആർ.ഐ. സംഘം അതിയന്നൂർ യു.പി. സ്‌കൂളിന് എതിർവശത്തെ സ്വകാര്യ ലോഡ്ജിലെത്തിയത്. പ്രതികൾ ഇവിടെ രണ്ടു മാസം മുൻപാണ് മുറിയെടുത്തിരുന്നത്. ആശുപത്രി ആവശ്യത്തിനായാണ് മുറിയെടുത്തതെന്ന് ഇവർ ലോഡ്ജുകാരെ ധരിപ്പിച്ചിരുന്നത്.

22 കിലോയോളം ഭാരമുള്ള ബിസ്‌കറ്റ് രൂപത്തിലാക്കിയ ഹെറോയിനാണ് ഇവർ കൈവശം വെച്ചിരുന്നത്. വൻ ലഹരിവേട്ട സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനു ശേഷമാണ് ലോഡ്ജിനു തൊട്ടടുത്തുള്ളവർപോലും വിവരമറിയുന്നത്.

ബാലരാമപുരം മംഗലത്തുകോണം സ്വദേശി ശ്രീധരന്റെ ഉടമസ്ഥതയിലുള്ളതാണ് ലോഡ്ജ്. ഇദ്ദേഹത്തിന്റെ മൊഴി വ്യാഴാഴ്ച ഡി.ആർ.ഐ. സംഘം രേഖപ്പെടുത്തി.

Content Highlights: 23 kg heroin seized in Thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..