84000 രൂപയും മൊബൈൽ ഫോണുകളും തട്ടിയെടുത്തു: തൊഴിലാളി ക്യാമ്പിൽ പോലീസ് ചമഞ്ഞെത്തി കൂട്ടക്കവർച്ച


2 min read
Read later
Print
Share

നൂർ അലമിയ, ശ്രീഹരി

വിഴിഞ്ഞം : പോലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം, മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ എത്തി കൂട്ടക്കവർച്ച നടത്തി. മലയാളികളും മറുനാടൻ തൊഴിലാളികളുമുൾപ്പെട്ട സംഘം തൊഴിലാളികളെ ഭീഷണിപ്പെടുത്തി അവരുടെ പക്കൽനിന്ന്‌ 84000 രൂപയും മൊബൈൽഫോണുകളും തട്ടിയെടുക്കുകയായിരുന്നു.

തൊഴിലാളികൾ പിന്തുടർന്നതോടെ ഓടിരക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രണ്ട് മലയാളികളും രണ്ട് മറുനാടൻ തൊഴിലാളികളും രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ(27), ചാല ഫ്രണ്ട്‌സ് നഗറിൽ ടി.സി. 34/222 ൽ ശ്രീഹരി(27) എന്നിവരാണ് അറസ്റ്റിലായത്. ക്യാമ്പിൽനിന്ന് രക്ഷപ്പെട്ടുള്ള ഓട്ടത്തിനിടയിൽ റോഡിൽ വീണ് പ്രതികളിൽ ഒരാളുടെ തലയിൽ ഗുരുതര പരിക്കേറ്റു.

ശനിയാഴ്ച രാത്രി പത്തരയോടെ വെങ്ങാനൂർ നെല്ലിവിള മുള്ളുവിളയിൽ ജ്ഞാനശീലൻ നടത്തുന്ന തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം.

30 പേർ താമസിക്കുന്ന ക്യാമ്പിലെത്തിയ സംഘം അവിടെ ചീട്ടുകളിക്കുകയായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി. പണംവെച്ച് ചീട്ടുകളിക്കുന്നുണ്ടോയെന്നു ചോദ്യം ചെയ്തുകൊണ്ട് ഓരോരുത്തരിൽനിന്നായി പണം പിടിച്ചുപറിച്ചു. മൊബൈൽഫോണുകളും പിടിച്ചുവാങ്ങി. തുടർന്ന് ക്യാമ്പിന് പുറത്തേക്കുപോയ സംഘത്തെ തൊഴിലാളികളും പിന്തുടരുകയായിരുന്നു.

കവർച്ചക്കാർ ഓടാൻ ശ്രമിച്ചതോടെ തൊഴിലാളികളും പുറകെ ഓടി. ഇവർ നിലവിളിച്ചപ്പോൾ നാട്ടുകാരും ഓടിയെത്തി രണ്ടുപേരെ പിടികൂടി.

സംഭവമറിഞ്ഞെത്തിയ വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, ഹർഷകുമാർ എന്നിവരുൾപ്പെട്ട സംഘമെത്തി പ്രതികളെ അറസ്റ്റു ചെയ്തു.

പ്രതികൾക്കെതിരേ കൂട്ടക്കവർച്ചയ്ക്ക് വിഴിഞ്ഞം പോലീസ് കേസെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.

പ്രതികൾ മുൻപും കവർച്ച നടത്തിയിരിക്കാമെന്ന് പോലീസ്

ലേബർ ക്യാമ്പിലെത്തി പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൂട്ടക്കവർച്ച നടത്തിയ കേസിൽ പ്രതികൾ ഇത്തരത്തിൽ നേരത്തേയും ഇതേരീതിയിൽ കവർച്ച നടത്തിയിരിക്കാമെന്ന് പോലീസ്.

സംഭവദിവസം സംഘത്തിലെ ഒരാൾ ഇതേ ക്യാമ്പിലെത്തി പരിസരം നിരീക്ഷിച്ചിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് രാത്രിയോടെ ക്യാമ്പിലെത്തിയത്. എല്ലാ ശനിയാഴ്ചയും തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും കിട്ടുമെന്ന് സംഘത്തിലുള്ളവർക്ക് അറിയാമായിരുന്നു. ഇതനുസരിച്ചാണ് ആറംഗസംഘം പോലീസ് ചമഞ്ഞ് തൊഴിലാളികളുടെ പണം തട്ടിയെടുത്തത്. പണംവെച്ച് ചീട്ടുകളിക്കുന്നതിനാവാം തൊഴിലാളികൾ ഇത്തരം സംഭവങ്ങൾ പുറത്തുപറയാത്തതെന്നും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ തുടരാതിരിക്കാൻ ലേബർ ക്യാമ്പുകളിൽ പോലീസ് പട്രോളിങ്ങുമുണ്ടാകുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

Content Highlights: A six-member group arrived arrived at the labor camp and looted it

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..