അപകടത്തിൽപ്പെട്ട യുവാവ് മെഡിക്കൽ കോളേജിൽ മരിച്ചു; ആറരമണിക്കൂർ വിദഗ്ധ ചികിത്സ നൽകിയില്ലെന്ന് ആരോപണം


3 min read
Read later
Print
Share

ഗിൽജിത്ത്

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു മണിക്കൂറിലധികം വരാന്തയിൽ കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. കൊല്ലം പാരിപ്പള്ളി മുക്കട കാറ്റാടിമുക്ക് സസ്പുൽ ഹവേലിയിൽ പരേതനായ അജികുമാർ-നിഷ ദമ്പതിമാരുടെ മകൻ ഗിൽജിത്തിന്റെ (21) അപകടമരണത്തിലാണ് ചികിത്സപ്പിഴവ് പരാതി ഉയർന്നത്.

23ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം കൊട്ടിയത്തുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ഗിൽജിത്ത് സഞ്ചരിച്ച ബൈക്ക് ലോറിയിൽ തട്ടി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. കൊല്ലത്തെ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിയായിരുന്നു.

അപകടമുണ്ടായ ഉടനെ ഗിൽജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കൈകാലുകൾക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. സി.ടി.സ്‌കാനിൽ കുഴപ്പങ്ങൾ കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറയുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ സാമ്പത്തിക പ്രശ്‌നമുള്ളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു വരുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുന്ന സമയത്തും പിന്നീടും ഗിൽജിത്ത് സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. വെള്ളം ചോദിച്ചിട്ടും കൊടുക്കാൻ ഡോക്ടർമാർ സമ്മതിച്ചില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി എട്ടുമണിയോടെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തി വേദന സംഹാരി കൊടുത്തു വരാന്തയിലേക്ക് സ്ട്രക്ചറിൽ മാറ്റിയിട്ടതായാണ് ബന്ധുക്കളുടെ പരാതി.

ഗിൽജിത്തിന്റെ അമ്മയെ ആദ്യം ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും സഹായികളെ കയറ്റിയില്ല. ഇവരെ സെക്യൂരിറ്റി തടയുകയും അസഭ്യം വിളിക്കുകയും ചെയ്തെന്നും പരാതിയുണ്ട്. പല തവണ അവസ്ഥ ബോധിപ്പിച്ചതോടെയാണ് ഇവരെ അകത്തേക്ക് കയറ്റിയത്.

മെഡിക്കൽ കോളേജിൽ എത്തിക്കുന്ന സമയത്തും പിന്നീടും ഗിൽജിത്ത് സംസാരിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ച റിപ്പോർട്ടുകൾ തങ്ങളുടെ പക്കലുണ്ടായിട്ടും ഇത് നോക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് ഏറെ വൈകി എക്സ്‌റേയും സി.ടി. സ്‌കാനും എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ എടുക്കാൻ താഴത്തെ നിലയിലേക്ക് പലതവണ കൊണ്ടുവന്നു. പുലർച്ചെ രണ്ടുമണി വരെ റിപ്പോർട്ടുകൾക്കായി ഓടിച്ചെന്നും ഗിൽജിത്തിന്റെ കൂട്ടുകാർ പരാതിപ്പെട്ടു.

2.50 ഓടെ ഗിൽജിത്തിന്റെ ബോധം പോയി. ഇതോടെ ഐ.സി.യു.വിലേക്കും വെന്റിലേറ്ററിലേക്കും മാറ്റണമെന്ന നിർദേശവുമായി ഡോക്ടർ എത്തി. ഇതിനു തൊട്ടു മുൻപ് വരെയും ഒരു ചികിത്സയും നൽകിയില്ല. വെന്റിലേറ്ററിലേക്ക് മാറ്റിയതിനു പിന്നാലെ രോഗി മരിച്ചതായി ആശുപത്രി ജീവനക്കാർ അറിയിച്ചതായി ബന്ധുക്കളും കൂട്ടുകാരും പറയുന്നു. ആശുപത്രിയിൽ ആരും പരാതി നൽകിയില്ല. അപകടത്തിൽ പോലീസ് കേസെടുത്തിരുന്നു. മിഥുനാണ് ഗിൽജിത്തിന്റെ സഹോദരൻ.

സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചതിന് രേഖകൾ

:ഗിൽജിത്തിന്റെ പരിശോധനകൾ സ്വകാര്യ ആശുപത്രിയിൽ നേരത്തെ നടത്തിയതിന് രേഖകൾ. നെഞ്ചിന്റെയും തലച്ചോറിന്റെയും മറ്റ് അവയവങ്ങളുടെയും സി.ടി.സ്‌കാൻ പരിശോധനയും എക്സ്‌റേ പരിശോധനയും 23-ന് വൈകീട്ട് നാലിന് നടത്തിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലായിരുന്നു പരിശോധന. വീണ്ടും ഇതേ പരിശോധനകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചെയ്തിട്ടുണ്ട്. എന്നാൽ, മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലെയും പരിശോധനയിൽ തലയ്ക്ക് പരിക്കേറ്റതായി പറയുന്നില്ല. മുൻ റിപ്പോർട്ടുകൾ കണ്ട് മെഡിക്കൽ കോളേജ് അധികൃതർ നേരത്തെ ചികിത്സിച്ചിരുന്നെങ്കിൽ ഗിൽജിത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കൂട്ടുകാർ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇവർക്ക് നൽകിയിട്ടില്ല.

ഡോക്ടർമാർ പറയുന്നത് വ്യത്യസ്ത കാരണങ്ങളെന്ന് കൂട്ടുകാർ

ഗിൽജിത്തിന്റെ മരണം തലയ്ക്ക് പരിക്കേറ്റല്ല എന്ന് വ്യക്തമായതോടെ പല കാരണങ്ങളാണ് ഡോക്ടർമാർ പറയുന്നതെന്ന് കൂട്ടുകാർ പറയുന്നു.ഹൃദയാഘാതം കാരണമാണ് മരണമെന്ന് ഒരു ഡോക്ടർ പറഞ്ഞപ്പോൾ രക്താധിസമ്മർദ്ദമാണെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞതായി കൂട്ടുകാർ ആരോപിച്ചു. കഴുത്തിനേറ്റ പരിക്കേറ്റാണ് കാരണമെന്ന് വേറൊരു ഡോക്ടറും അറിയിച്ചതായാണ് കൂട്ടുകാരുടെ ആരോപണം.

ഓർത്തോ വിഭാഗത്തിനു വീഴ്ചയെന്നു പ്രാഥമിക കണ്ടെത്തൽ

  • ഡോക്ടർമാർക്കെതിരേ നടപടിയുണ്ടായേക്കുംമെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ അന്വേഷിക്കും
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചതിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നിട്ടും രോഗിയെ പരിശോധിക്കാൻ എത്തിയില്ല. പകരം പി.ജി. റസിഡന്റ്‌ ഡോക്ടറാണ് പരിശോധിച്ചത്. എന്തുകൊണ്ടാണ് ഇദ്ദേഹം എത്താത്തതെന്നും ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാർക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. സാധാരണയായി ഗുരുതരാവസ്ഥയിൽ വരുന്ന രോഗിയെ റെഡ്‌സോൺ വിഭാഗത്തിൽക്കയറ്റി പരിശോധിക്കണമെന്നാണ്‌ ആശുപത്രി അധികൃതർ എമർജൻസി വിഭാഗത്തിനു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഗിൽജിത്തിനെ റെഡ്‌സോണിൽ കയറ്റിയതിനു രേഖയില്ല.

ഓർത്തോ വിഭാഗത്തിന്റെ അനാസ്ഥ കാരണമാണ് രോഗി മരിച്ചതെന്നാണ് പ്രാഥമികമായി ആശുപത്രി അധികൃതർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണമുണ്ടായേക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകും.

സി.സി.ടി.വി. പരിശോധിച്ചതിൽ രോഗിയെ ആറരമണിക്കൂർ സ്ട്രക്ടചറിൽ വരാന്തയിൽ കിടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യം നൽകാൻ സെക്യൂരിറ്റി ഓഫീസറോട് ആശുപത്രി ഉന്നതനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പരാതിക്കാർ പറയുന്നതിൽ വസ്തുതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഡ്യൂട്ടി ഡോക്ടർ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ടുകൾ രോഗിയുടെ ബന്ധുക്കളുടെ പക്കലുണ്ടായിട്ടും അതു നോക്കാതെ പുതിയ റിപ്പോർട്ട് എടുക്കാൻ പറഞ്ഞയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ട് പ്രകാരം രോഗിക്ക്‌ തുടർ ചികിത്സ നൽകാമായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Content Highlights: accident victim dies at thiruvananthapuram medicalcollege relatives alleges lack of better treatment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..