വർക്കല പാപനാശത്ത് കരകൗശലകടയിൽ : തീപ്പിടിത്തം


2 min read
Read later
Print
Share

തീകെടുത്തിയത് മൂന്നുമണിക്കൂറോളം പണിപ്പെട്ട് സാധനങ്ങളെല്ലാം കത്തിനശിച്ചു

• വർക്കല പാപനാശം കുന്നിലെ കരകൗശലക്കടയിലെ തീപ്പിടിത്തം

വർക്കല : പാപനാശംകുന്നിലെ കരകൗശലക്കടയിൽ ഞായറാഴ്ച പുലർച്ചെ 3.30-ഓടെ തീപിടിച്ചു. കട ഭാഗികമായും കടയ്ക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. അഗ്നിരക്ഷാസേന മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്. അടുത്തുള്ള സ്ഥാപനങ്ങളിലേക്ക് തീപടരാതിരുന്നത് വലിയ അപകടമൊഴിവാക്കി. വർക്കല ഹെലിപ്പാഡിൽനിന്ന്‌ 400 മീറ്ററോളം വടക്ക് മാരിഗോൾഡ് റസ്റ്റോറന്റിനു താഴെ പ്രവർത്തിച്ചുവന്ന ബാലാജി ഹാൻഡിക്രാഫ്റ്റ്‌സ് എന്ന സ്ഥാപനമാണ് കത്തിയത്.

കരകൗശല ഉത്പന്നങ്ങൾ, ബാഗ്, ചെരിപ്പ്, തുണികൾ, പിത്തള സാധനങ്ങൾ എന്നിവയാണ് കടയിലുണ്ടായിരുന്നത്. പുലർച്ചെ പ്രദേശവാസികളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. അവർ ടൂറിസം പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അപ്പോഴേക്കും തീ ആളിപ്പടരാനും വലിയതോതിൽ പുക ഉയരാനും തുടങ്ങി.

വഴിയില്ലാത്തത്

രക്ഷാപ്രവർത്തനത്തിനു

തടസ്സമായി

:അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങൾക്ക് സംഭവസ്ഥലത്തേക്ക് എത്താനുള്ള വഴിയില്ലാത്തത് തടസ്സമായി. ഫസ്റ്റ് റസ്പോൺസ് വെഹിക്കിളിനു മാത്രമാണ് അടുത്തെത്താനായത്.

ഇതിൽ വെള്ളം കുറവായതിനാൻ സമീപത്തെ വീട്ടിൽനിന്ന് വെള്ളമെടുത്തും തീകെടുത്താൻ ശ്രമിച്ചു. പരവൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ യൂണിറ്റ് സ്ഥലത്തെത്തി. അവർ എത്തിച്ച ഫ്ളോട്ടിങ് പമ്പുപയോഗിച്ച് സമീപത്തെ റിസോർട്ടിലെ നീന്തൽക്കുളത്തിൽനിന്നു വെള്ളം പമ്പ് ചെയ്തുതുടങ്ങി. ഇതോടെയാണ് തീ നിയന്ത്രിക്കാൻ കഴിഞ്ഞത്. സമീപത്തെയും മുകൾനിലയിലെയും സ്ഥാനങ്ങളിലേക്ക് തീ പടരാതിരിക്കാൻ അതീവശ്രദ്ധ ചെലുത്തി. രാവിലെ ഏഴുവരെ പരിശ്രമിച്ചാണ് തീ പൂർണമായി കെടുത്തിയത്. വർക്കല പോലീസും നാട്ടുകാരും സ്ഥലത്തെത്തി സഹായിച്ചു. കടലിനോട് അഭിമുഖമായി നടപ്പാതയോടു ചേർന്നുള്ള കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചുവന്നത്.

കാരണം അവ്യക്തം

: കർണാടക സ്വദേശി വിറ്റൽ എന്നയാളാണ് കഴിഞ്ഞ 20 വർഷമായി കട നടത്തിവന്നത്. ഇവിടെ മൂന്ന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. രാത്രി 11 മണിയോടെ ഇവർ കടയടച്ചു പോയിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അപകടകാരണം അറിവായിട്ടില്ല. വർക്കല ഫയർ സ്റ്റേഷൻ ഓഫീസർ എ.അരുൺ മോഹൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ രാംലാൽ, ശംഭു, വിപിൻരാജ്, സുഭാഷ്, വിനോദ് കുമാർ, റെജി ജോസ്, അഞ്ജിത്ത്, റെജികുമാർ എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.

Content Highlights: Fire in Handicradt shop at Varkkala

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..