വിഴിഞ്ഞത്ത് 320 കുടുംബങ്ങൾ തിങ്കളാഴ്ച മുതൽ പുതിയ ഫ്ളാറ്റിൽ; മുഖ്യമന്ത്രി താക്കോൽ കൈമാറി


2 min read
Read later
Print
Share

• തിങ്കളാഴ്ച താക്കോൽ കൈമാറുന്ന ഫ്ളാറ്റിൽ നഗരസഭയുടെ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ എസ്.സലീമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനത്തിനെത്തിയപ്പോൾ

വിഴിഞ്ഞം: ഹാർബർ റോഡിലെ വലിയപറമ്പ് മരുന്നുതോട്ടം വളപ്പിലെ താത്‌കാലിക തകരഷെഡ്ഡിലും മറ്റിടങ്ങളിലെ വാടക വീടുകളിലും കഴിയുന്ന 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിങ്കളാഴ്ച മുതൽ അടച്ചുറപ്പുള്ള പുതിയ ഫ്ളാറ്റുകളിൽ താമസിക്കും. ഈ കുടുംബങ്ങൾക്കായി വിഴിഞ്ഞം മതിപ്പുറം ഭാഗത്ത് നിർമിച്ച ഫ്ളാറ്റുകളുടെ നിർമാണം പൂർത്തിയായി. ഫ്ളാറ്റിനുവേണ്ടി കുടിയൊഴിപ്പിച്ച കുടുംബങ്ങളിൽ 60 കുടുംബങ്ങളിലുള്ള 200 പേർ ഹാർബർ റോഡിലെ മരുന്നുതോട്ടം വലിയപറമ്പിലുള്ള താത്‌കാലിക തകര ഷെഡ്ഡിലാണ് താമസിപ്പിച്ചിരുന്നത്. ഇടുങ്ങിയ മുറിയിലെ ഇവരുടെ ദുരിതത്തെക്കുറിച്ച്‌ മാതൃഭൂമി തുടർവാർത്തകൾ നൽകിയിരുന്നു. ഇത് അധികൃതരുടെ കണ്ണുതുറപ്പിച്ചു.

ഇഴഞ്ഞുനീങ്ങിയിരുന്ന ഫ്ളാറ്റുകളുടെ നിർമാണം അതിവേഗത്തിലാക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും മേയർ ആര്യാ രാജേന്ദ്രനും കരാറുകാരന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഫ്ലാറ്റ്‌ പൂർത്തിയായത്. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശികളായ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റുകളുടെ താക്കോൽ കൈമാറും. ഇതോടെ ഇവർക്ക് സ്വന്തം വീട്ടിൽ താമസിക്കാം. നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ എസ്.സലീം, വിഴിഞ്ഞം സോണലിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഫ്ളാറ്റ് സമുച്ചയത്തിലെത്തി കാര്യങ്ങൾ വിലയിരുത്തി.

രാജീവ് ആവാസ് യോജന പ്രകാരം പൂർത്തിയായ 222 ഫ്ളാറ്റുകൾ നേരത്തെ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. സംസ്ഥാനത്തിന്റെ 40 ശതമാനവും കേന്ദ്രത്തിന്റെ 50 ശതമാനവും നഗരസഭയുടെ 10 ഉൾപ്പെടെ 71 കോടി 86 ലക്ഷം രൂപയുപയോഗിച്ചാണ് ഫ്ളാറ്റുകൾ നിർമിക്കുന്നത്. എന്നാൽ, ഫ്ളാറ്റ് ലഭിക്കണമെങ്കിൽ ഓരോ കുടുംബവും ഗുണഭോക്തൃ വിഹിതമായി 54,000 രൂപ നഗരസഭയ്‌ക്ക് നൽകണമായിരുന്നു. കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് മീൻപിടിത്തത്തിനു പോകാനാകാതെ കുടുംബങ്ങൾക്ക് ഗുണഭോക്ത്യ വിഹിതം നൽകാനായില്ല. ഇതേക്കുറിച്ച് മാതൃഭൂമി നൽകിയ വാർത്തയ്ക്കും ഫലംകണ്ടു. ഗുണഭോക്തൃ വിഹിതം നൽകാൻ കഴിയാത്ത കുടുംബങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീയുൾപ്പെട്ട ഏജൻസികളിൽനിന്ന് വായ്പയും തരപ്പെടുത്തി നൽകി. ഓരോ കുടുംബങ്ങളും നിശ്ചിക തുക വായ്പയുടെ തിരിച്ചടവായി നൽകണമെന്നാണ് വ്യവസ്ഥ. തുടർന്നാണ് അവകാശികൾക്ക് ഫ്ളാറ്റ് കൈമാറാൻ തീരുമാനിച്ചത്. നിരവധി തടസ്സങ്ങളെ അതിജീവിച്ചാണ് ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കിയത്. 490 ഫ്ളാറ്റുകളുടെ നിർമാണം നടത്താനുണ്ട്. നിർധനരായ 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ളാറ്റ് കൈമാറുന്നതിൽ സന്തോഷമുണ്ടെന്ന് കൗൺസിലർ എം.നിസാമുദീൻ പറഞ്ഞു.

Content Highlights: new flat have been developed in vizhinjam for 320 families

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..