മലയോര ഹൈവേ പൂർത്തിയാകാൻ തമിഴ്നാട് കനിയണം


ഹൈവേ കടന്നുപോകുന്ന പളുകൽ മുതൽ കന്നുമാമൂട് വരെ തമിഴ്നാടിന്റെ പ്രദേശം ഈ ഭാഗത്ത് നിർമാണം നടക്കുന്നില്ല

Caption

വെള്ളറട : കേരളത്തിന്റെ സ്വപ്നപദ്ധതിയായ മലയോര ഹൈവേ പൂർത്തിയാകാൻ തമിഴ്നാട്‌ കനിയണമെന്ന അവസ്ഥ. പാറശ്ശാലയിൽ തുടങ്ങുന്ന മലയോര ഹൈവേ രണ്ടരകിലോമീറ്റർ പിന്നിട്ട് പളുകലിലെത്തുമ്പോഴാണ് പ്രതിസന്ധി. ഹൈവേയുടെ ഭാഗമായ പളുകൽ മുതൽ കന്നുമാമൂട് വരെയുള്ള രണ്ടരകിലോമീറ്റർ തമിഴ്നാടിന്റെ പ്രദേശമാണ്. പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ച് കടന്നുപോകുന്ന ഈ ഭാഗത്ത് നിർമാണ നടപടികളൊന്നും തുടങ്ങിയിട്ടില്ല. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ അനുമതികൾ വൈകുന്നതാണ് ഇവിടെ പണികൾ ചെയ്യാൻ സാധിക്കാത്തത്. ഇതിനുവേണ്ടി നാട്ടുകാരും സി.പി.എം. പ്രവർത്തകരും പലതവണ സമരം നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തമിഴ്‌നാട് സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് അവിടെ റോഡുപണി നടത്താമെന്നതാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.

ഇവിടെ റോഡിന് വീതിയും കുറവാണ്. എന്നാൽ ഒരുവശം മാത്രം തമിഴനാട് ഉൾപ്പെടുന്ന കന്നുമാമൂട് മുതൽ പനച്ചമൂട് വരെയുള്ള ഭാഗത്തുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അത് ഏറെക്കുറെ പൂർത്തിയായിട്ടുമുണ്ട്. ചൂണ്ടിക്കലിൽ പൊളിച്ചുമാറ്റിയ വലിയ കലുങ്കിന്റെ പുനർനിർമാണവും സമീപത്തെ തോടിന്റെ പാർശ്വഭിത്തി നിർമാണവും വേഗത്തിൽ നടക്കുകയാണ്. ഒന്നാം റീച്ചിന്റെ നിർമാണപൂർത്തീകരണ ഉദ്ഘാടനം ജനുവരിയിൽ നടത്താൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞില്ല. പണികൾ പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ കഴിയുമെന്നനിലയിലേക്കാണ് പണികൾ നീങ്ങുന്നത്.

കാരക്കോണത്ത് ഓടയിൽ അപാകം

മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് കാരക്കോണം കവലയിലെ ഓടനിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലെങ്കിൽ മലിനജലം കുളത്തിലേക്ക് ഒഴുകുന്നത് അധികമാകുമെന്നും നാട്ടുകാർ ആരോപിക്കുന്നു. ആഴ്ചകൾക്കു മുമ്പാണ് ഇവിടെ ഓട പണി തുടങ്ങിയത്. കന്നുമാമൂട് മുതൽ കാരക്കോണം വരെ നിർമിക്കേണ്ട ഓട സ്വകാര്യ ഇടപെടൽ മൂലം പകുതിക്ക് നിർത്തി സമീപത്തെ കലുങ്കിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഈ കലുങ്കിലൂടെ ഒഴുകുന്ന വെള്ളം കവലയ്ക്കു സമീപത്തെ ഇരട്ടക്കുളത്തിലേക്കാണ് പതിക്കുന്നത്. ചന്തയിലെയും മറ്റു കടകളിലെയും മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ മഴവെള്ളത്തിനോടൊപ്പം ഒഴുകിയെത്തുന്നതിനാൽ കുളത്തിലെ വെള്ളവും ഉപയോഗപ്രദമല്ലാത്തതരത്തിൽ മലിനപ്പെടുകയാണ്. ഒട്ടേറെപ്പേരുടെ ആശ്രയമായ ഈ കുളത്തിലേക്കുള്ള മാലിന്യമൊഴുക്ക് തടയാൻ കലുങ്ക് അടയ്ക്കണം. കൂടാതെ കന്നുമാമൂട്ടിൽനിന്ന്‌ ആരംഭിക്കുന്ന ഓട കാരക്കോണം കവലയിലെ ഓടയുമായി ബന്ധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

വെള്ളറട കവലയ്ക്കുസമീപം കുഴി

വെള്ളറട കവലയ്ക്കു സമീപം നിർമിച്ച ഓടയ്ക്കുസമീപം വൈദ്യുതത്തൂൺ സ്ഥാപിക്കാനെടുത്ത കുഴി അപകടത്തിനിടയാക്കുന്നു. ഒരാഴ്ചയ്ക്ക് മുമ്പാണ് ഇവിടെ കുഴിച്ചത്. സമീപത്തെ തൂണുകൾ എല്ലാം മാറ്റിസ്ഥാപിച്ചെങ്കിലും ഈ കുഴിക്കരികിലെ തൂണു മാത്രം സ്ഥാപിച്ചില്ല. സമീപത്തെ റേഷൻകടയിലും മറ്റു കടകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവർ ഇവിടെ അപകടത്തിൽപ്പെടുന്നതായും നാട്ടുകാർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..