വഴി മുടങ്ങിപ്പോയ ശാരദാദേവിക്ക്‌ കുഴി കടന്നെത്തി ഇന്റർവ്യൂ


ശാരദാദേവി

തിരുവനന്തപുരം: ശാരദയുടെ ചക്രക്കസേരയ്ക്കു മുന്നിൽ വലിയൊരു ഗർത്തം ‘മടങ്ങിപ്പൊയ്ക്കോ’ എന്നുപറഞ്ഞാണ്‌ കണ്ണുരുട്ടിയത്. ജോലി എന്ന സ്വപ്നം വഴിയിലുപേക്ഷിച്ചു മടങ്ങാൻ തുനിെഞ്ഞങ്കിലും ഇന്റർവ്യൂ ബോർഡ് കുഴി കടന്ന് ശാരദയുടെ അടുത്തേക്കെത്തി. അങ്ങനെ കാറിനുള്ളിലിരുന്ന് സർവകലാശാലാ അധികൃതർ ഒരു ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യുന്ന അപൂർവത വഞ്ചിയൂരിലെ റോഡുവക്കിൽ സംഭവിച്ചു.

വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന റോഡിൽ, ശാരീരികപരിമിതി നേരിടുന്ന ഓരാൾ നേരിട്ട വെല്ലുവിളിയും അതിനെ അനുഭാവപൂർവം മറികടന്ന അനുഭവവുമാണിത്. ജീവിതം വീൽച്ചെയറിലായിട്ടും ക്ലാസ്‌ മുറികളിൽ എന്നും മുൻബെഞ്ചിലായിരുന്ന വഞ്ചിയൂർ ഋഷിമംഗലം സ്വദേശി ശാരദാദേവി, ഇംഗ്ലീഷ് സാഹിത്യ ഗവേഷക വിദ്യാർഥിനിയാണ്. വിമെൻസ് കോേളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം ക്ലാസോടെ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ ശാരദ, എം.ഫില്ലും നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വഞ്ചിയൂർ റീജണൽ സെന്ററിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയപ്പോഴായിരുന്നു കുത്തിക്കുഴിച്ചിട്ടിരിക്കുന്ന റോഡ് തടസ്സം സൃഷ്ടിച്ചത്. അംബുജവിലാസം-മാതൃഭൂമി റോഡ് മാസങ്ങളായി കുഴിച്ചിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾ ദൂരെ പാർക്കുചെയ്ത ശേഷം നടന്നാണ് റീജണൽ സെന്ററിലും വഞ്ചിയൂർ സ്കൂളിലുമൊക്കെ എല്ലാവരും എത്തുന്നത്. ബുധനാഴ്ച രാവിലെ അഭിമുഖത്തിനു തയ്യാറായി അച്ഛൻ വിജയകുമാറിനും അമ്മ വത്സലയ്ക്കുമൊപ്പം ശാരദ ഇവിടേക്കെത്തുമ്പോഴാണ് റോഡ് കുഴിച്ചിട്ടിരിക്കുന്നതു കാണുന്നത്.

വീൽച്ചെയർ ഉരുട്ടി സെന്ററിൽ എത്താൻ കഴിയാത്ത വിധം മൺകൂനയും ഗർത്തങ്ങളും നിറഞ്ഞ റോഡ്‌. ഒടുവിൽ അഭിമുഖത്തിൽ പങ്കെടുക്കേണ്ടെന്നുവച്ച് മടങ്ങാനൊരുങ്ങി. ഈ വിവരമറിഞ്ഞ അധികൃതർ തങ്ങൾ അങ്ങോട്ടെത്തി ഇന്റർവ്യൂ ചെയ്യാമെന്ന അനുഭാവപൂർവമായ നിലപാടെടുക്കുകയായിരുന്നു. ശ്രീശങ്കര സെന്റർ ഡയറക്ടർ ഡോ. ഓമനയും കേരള സർവകലാശാല ഇംഗ്ലീഷ്‌ വിഭാഗം മേധാവി ഡോ. ബി.ഹരികുമാറും ഉൾപ്പെടെയുള്ള ഇന്റർവ്യൂ ബോർഡ്, ശാരദ കാത്തിരുന്ന കാറിനടുത്തെത്തി. കാറിനുള്ളിലിരുന്ന് അരമണിക്കൂറോളം നീണ്ട ഇന്റർവ്യൂ നടത്തുകയും ചെയ്തു.

താൻ നേരിട്ട അനുഭവം വിവരിച്ച് ശാരദ സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയിരുന്നു. വഴിയടച്ചുള്ള ഇത്തരം പണികൾ നടത്തുമ്പോൾ, തങ്ങളെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ബുദ്ധിമുട്ടുകൾകൂടി പരിഗണിക്കണമെന്നാണ് ശാരദയുടെ ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..