ഗുണ്ടാബന്ധം, സ്വഭാവദൂഷ്യം: പോലീസുകാര്‍ കേസില്‍ പ്രതിയായാല്‍ അന്വേഷണവുമില്ല, അറസ്റ്റുമില്ല


വിവേക് ആര്‍. ചന്ദ്രന്‍

4 min read
Read later
Print
Share

നഗരത്തില്‍ പ്രധാന ചുമതലകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ അസാന്‍മാര്‍ഗിക പ്രവര്‍ത്തനം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡന പരാതികളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥര്‍ക്കെതിരേയുള്ള കേസുകളില്‍ അന്വേഷണവും അറസ്റ്റുമില്ല. ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും അടക്കം ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ട പോലീസുകാരെപ്പോലും സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്.

മുന്‍കൂര്‍ ജാമ്യം വരെ അന്വേഷണം നീട്ടും

പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അയിരൂര്‍ പോലീസ് സ്റ്റേഷന്‍ മുന്‍ എസ്.എച്ച്.ഒ. ജയസനിലിന് എതിരേ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇയാളുടെ ജാമ്യാപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി പത്ത് ദിവസം കഴിഞ്ഞിട്ടും പോലീസ് അനങ്ങിയിട്ടില്ല.

റിസോര്‍ട്ടുകളില്‍ നിന്നു വ്യാപകമായി കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നപ്പോഴാണ് സി.ഐ.ക്കെതിരേ പുതിയ പരാതി വന്നത്. വിദേശത്തായിരുന്ന പോക്‌സോ കേസിലെ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടുമെന്ന് ഭീഷണിപ്പെടുത്തിയാണ് നാട്ടിലെത്തിച്ചത്. റൂറല്‍ എസ്.പി.യുടെ കീഴിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് ഇപ്പോള്‍ ശ്രമം.

രണ്ട് പീഡനം, എന്നിട്ടും അറസ്റ്റില്ല

നെടുമങ്ങാട് സി.ഐ. എ.വി.സൈജുവിനെതിരേ രണ്ട് ലൈംഗിക പീഡനക്കേസുണ്ടായിട്ട് പോലും അറസ്റ്റ് ഒഴിവാക്കി സംരക്ഷിക്കുകയായിരുന്നു. ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിട്ടും സഹപ്രവര്‍ത്തകന്റെ അറസ്റ്റ് ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈ.എസ്.പി. അടക്കമുള്ളവര്‍ ശ്രമിച്ചത്. റൂറല്‍ പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്നു സൈജു. മലയിന്‍കീഴ് സ്റ്റേഷനിലിരിക്കുമ്പോള്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലും, നെടുമങ്ങാട്ട് വച്ച് പനവൂര്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലുമാണ് ഇയാള്‍ പ്രതിയായത്.

ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ ജാമ്യം ലഭിക്കാനായി സ്റ്റേഷനിലെ ലാപ്ടോപ്പുപയോഗിച്ച് വ്യാജരേഖ ചമച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മലയിന്‍കീഴ് കേസിലെ മുന്‍കൂര്‍ ജാമ്യവും കോടതി റദ്ദാക്കി. തുടര്‍ന്ന് ഇയാളെ താത്കാലികമായി അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് ലഭിക്കുന്നതുവരെ പോലീസ് മറ്റ് നടപടികളെല്ലാം വൈകിപ്പിച്ചു. ഈ കേസുകള്‍ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സൈജുവിന്റെ സഹപ്രവര്‍ത്തകരായ പോലീസുകാരും രാഷ്ട്രീയക്കാരും ഇപ്പോഴും പരാതിക്കാരിയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സഹപ്രവര്‍ത്തകരെ പറ്റിച്ചാലും നടപടിയില്ല

പോലീസുകാരില്‍ നിന്നുള്‍പ്പെടെ ഒരുകോടിയിലധികം രൂപ തട്ടിയെടുത്ത പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ രവിശങ്കറിനെതിരേയുള്ള പരാതിയും നെടുങ്ങാട് സ്റ്റേഷനില്‍ വിശ്രമത്തിലാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി. തന്നെയാണ് ഇതിന്റേയും അന്വേഷണം.

ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പോലീസുകാരുള്‍പ്പെടെ രവിശങ്കര്‍ പലരില്‍ നിന്നായി പണം തട്ടിച്ചത്. പഴകുറ്റി കല്ലമ്പാറയില്‍ ആലീസ് ബ്ലൂഗ്രോത്ത് ഇന്‍വൈറ്റബിള്‍ എന്ന പേരില്‍ സാമ്പത്തിക സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളും സസ്‌പെന്‍ഷനിലാണ്.

അയല്‍ക്കാര്‍ക്കും രക്ഷയില്ല

ഇപ്പോള്‍ ഇടുക്കിയില്‍ ജോലിചെയ്യുന്ന ഒരു ഡിവൈ.എസ്.പി.ക്കെതിരേ 2019-ല്‍ പൂജപ്പുര പോലീസ് അയല്‍ക്കാരനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് കേസെടുത്തിരുന്നു. ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണം. പക്ഷേ പരാതിക്കാരേയും സാക്ഷികളേയും ഭീഷണിപ്പെടുത്തി പിന്‍മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്.

സാക്ഷികള്‍ പലരും ഇയാളുടെ ഭീഷണികള്‍ കാരണം മാറിതാമസിക്കുകയും ചെയ്തു. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ ക്രിമിനല്‍ കേസ് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷിക്കുന്നത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും അന്വേഷണ സംഘം തയാറായിട്ടില്ല.

ഗുണ്ടാബന്ധത്തിനൊപ്പം സ്വഭാവദൂഷ്യവും പല പോലീസുകാര്‍ക്കെതിരേയും റിപ്പോര്‍ട്ട്

തിരുവനന്തപുരം: നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മണ്ണ് മാഫിയ-ഗുണ്ടാബന്ധങ്ങള്‍ സ്ഥിരീകരിച്ചതിനൊപ്പം പോലീസില്‍ തുടരാന്‍ അനുയോജ്യമായ സ്വഭാവശുദ്ധിയില്ലെന്നതും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

നഗരത്തില്‍ പ്രധാന ചുമതലകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥരുടെ അസാന്‍മാര്‍ഗിക പ്രവര്‍ത്തനം സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡന പരാതികളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരുന്നു.

ജില്ലയില്‍ വിവിധ ഡിവിഷനുകളിലുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ കുടുംബക്കാര്‍തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പരാതികള്‍ ഉന്നതതലങ്ങളില്‍ നല്‍കിയിരുന്നു. ഒരു ഉദ്യോഗസ്ഥന്റെ ഭാര്യതന്നെ ഇത്തരം പരാതിയുമായി ഉന്നതരെ സമീപിച്ചു. വനിതാ കോണ്‍സ്റ്റബിളുമായി വഴിവിട്ട ബന്ധമെന്ന പരാതിയായിരുന്നു ഉയര്‍ന്നത്. എന്നാല്‍, ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന വാദമുയര്‍ത്തിയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്.

ജില്ലയിലെ മലയോരമേഖലയിലുള്ള ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുണ്ടകളുമായി അടുത്ത ബന്ധമുള്ളപ്പോള്‍ത്തന്നെ സ്വഭാവദൂഷ്യത്തിന്റെ കുപ്രസിദ്ധിയുമുണ്ട്. നഗരപ്രദേശത്ത് നടപടി നേരിട്ട ഒരു പോലീസ് ഉദ്യോഗസ്ഥനെതിരേയും ഇതേ ആരോപണം ഉയര്‍ന്നിരുന്നു.

നടപടികള്‍ സ്വീകരിക്കാന്‍ ശേഷിയുള്ള ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്കു ബോധപൂര്‍വം മാറ്റിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ജില്ലയിലെതന്നെ കണ്ണായ ഡിവിഷനുകളില്‍ കാര്യപ്രാപ്തിയില്ലാത്തവരെയും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയും നിയോഗിക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുന്നുണ്ടെന്ന ആക്ഷേപവും നേരത്തെതന്നെ നിലനില്‍ക്കുന്നുണ്ട്. ഭരണപക്ഷാനുകൂലികളായ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നാണ് ആരോപണം.

ക്രമസമാധാന വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് വിജിലന്‍സ് ശുപാര്‍ശചെയ്ത ഉദ്യോഗസ്ഥനെ തലസ്ഥാനത്തെ പ്രധാന ഡിവിഷനുകളിലൊന്നില്‍ അവരോധിച്ചതും ഈ ഉദ്യോഗസ്ഥന്റെ ശ്രമഫലമായാണെന്നാണ് ആരോപണം. മികച്ച് അന്വേഷണ ഉദ്യോഗസ്ഥരെന്നു പേരുകേട്ട ചിലരെ മറ്റു പാര്‍ട്ടിക്കാരെന്നു മുദ്രകുത്തി അപ്രധാന യൂണിറ്റുകളിലേക്കു മാറ്റിച്ചുവെന്ന ആക്ഷേപവുമുണ്ട്.

അതേസമയം, ഗുണ്ടാബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥതലത്തിലുള്ള ചില അഭിപ്രായഭിന്നതകളുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍നിന്ന് ആരോപണമുയരുന്നു. മുന്‍പുണ്ടായിരുന്ന ഉദ്യോഗസ്ഥരേക്കാള്‍ ഇക്കാര്യത്തില്‍ തങ്ങളാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നു വരുത്താനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്.

നഗരത്തില്‍ ഗുണ്ടാ അക്രമം: കേസ് ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഗുണ്ടാ ആക്രമണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പാറ്റൂരില്‍ ഗുണ്ടാസംഘം കാര്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ശനിയാഴ്ച രാത്രി മുട്ടടയിലുണ്ടായ ഗുണ്ടാ ആക്രമണവുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഓംപ്രകാശും സംഘവുമാണ് പാറ്റൂരില്‍ അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.ഇതിനു തൊട്ടുമുന്‍പുള്ള ദിവസം മുട്ടടയിലും സമാനമായ ഗുണ്ടാ ആക്രമണമുണ്ടായിരുന്നു.

ഗുണ്ടാബന്ധം: മൂന്ന് പോലീസുകാര്‍ക്കെതിരേ അച്ചടക്കനടപടിക്ക് ഉത്തരവ്

തിരുവനന്തപുരം: ഗുണ്ടാ-മണ്ണ് മാഫിയ ബന്ധം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിക്ക് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി.യുടെ ഉത്തരവ്.

തിരുവല്ലം എസ്.ഐ. കെ.ആര്‍.സതീഷ്, മംഗലപുരം എസ്.എച്ച്.ഒ. എച്ച്.എല്‍.സജീഷ്, നേമം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ഉത്തരവായത്. ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതരമായ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്.

കെ.ആര്‍.സതീഷ് മണ്ണ് മാഫിയയ്ക്ക് അനധികൃതമായി മണ്ണ് കടത്തുന്നതിനു സഹായം നല്‍കി. വഞ്ചനാ കേസുകളുടെ വിവരങ്ങള്‍ ഓംപ്രകാശിനു ചോര്‍ത്തിക്കൊടുത്തു. ഇതുവഴി ഓംപ്രകാശ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനു വഴിയൊരുക്കി. കരുമം നെല്ലിയോട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അജിക്ക് കരുമം മധുപ്പാലത്തിനു സമീപമുള്ള വസ്തുവില്‍ മണ്ണടിക്കുന്നതിന് കെ.ആര്‍.സതീഷ് മൗനാനുവാദം നല്‍കി.

സാമ്പത്തികനേട്ടത്തിനായാണ് സതീഷ് രഹസ്യവിവരങ്ങള്‍ ഓംപ്രകാശിനു ചോര്‍ത്തി നല്‍കിയത്. ഈ ഉദ്യോഗസ്ഥനു നാട്ടിലെ സമൂഹവിരുദ്ധരുമായും ഗുണ്ടകളുമായും കൂട്ടുകെട്ടുണ്ടെന്നും എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇയാള്‍ക്കെതിരേ അന്വേഷണത്തിന് സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി. എന്‍.വിജുകുമാറിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

മംഗലപുരം എസ്.എച്ച്.ഒ. ആയ എച്ച്.എല്‍.സജീഷ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു കാലതാമസം വരുത്തിയെന്നും ഇതോടനുബന്ധിച്ചുണ്ടായ കേസില്‍ പ്രതികളെ അറസ്റ്റുചെയ്യാതിരുന്നതായും എ.ഡി.ജി.പി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇയാളുടെ ഭാഗത്തുനിന്നു കടുത്ത അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവും ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതുകാരണം നിരവധി അനിഷ്ടസംഭവങ്ങള്‍ ഈ പ്രദേശത്തുണ്ടായി. ഈ ഉദ്യോഗസ്ഥന് മണ്ണ്-മണല്‍ മാഫിയകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിനായി റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡെപ്യൂട്ടി സൂപ്രണ്ട് വി.ടി.റാസിത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേമം പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍നിന്ന് അറസ്റ്റുചെയ്ത ആദില്‍ എന്ന പ്രതി രക്ഷപ്പെട്ട സംഭവത്തിലാണ് ജയകുമാറിനെതിരേ നടപടി.

ഈ സംഭവത്തിലും തിരുവല്ലം എസ്.ഐ. കെ.ആര്‍.സതീഷിനെതിരേ നടപടിയുണ്ട്. ജയകുമാറിന്റെ ഭാഗത്തുനിന്നു കൃത്യവിലോപവും പെരുമാറ്റദൂഷ്യവും ഉണ്ടായതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സംഭവത്തില്‍ സതീഷ്, ജയകുമാര്‍ എന്നിവര്‍ക്കെതിരേ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.സുരേഷ്‌കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായും നിശ്ചയിച്ചിട്ടുണ്ട്.

Content Highlights: Police goonda nexus thiruvananthapuram case arrest

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..