ആഘോഷമായി ചട്ടമ്പിസ്വാമി ക്ഷേത്രപ്രതിഷ്ഠ


• ശ്രീ വിദ്യാധിരാജ ജന്മസ്ഥാന മണ്ഡപം ഉദ്‌ഘാടനം ചെയ്യാനെത്തിയ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് താലൂക്ക് യൂണിയന്റെ ഉപഹാരം പ്രസിഡന്റ് എം.സംഗീത് കുമാർ നൽകുന്നു

തിരുവനന്തപുരം : കണ്ണമ്മൂലയിൽ എൻ.എസ്.എസ്. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്ത് സ്ഥാപിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങുകൾ ആഘോഷത്തോടെയാണ് സമാപിച്ചത്. തിങ്കളാഴ്ച രാവിലെ 7.30-നും 8.15-നും ഇടയിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു നടന്ന സമ്മേളനം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ക്ഷേത്രസമുച്ചയത്തിന്റെ സമർപ്പണവും പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ അധ്യക്ഷനായി.

കണ്ണമ്മൂലയിൽ പത്തര സെന്റ് സ്ഥലത്താണ് ക്ഷേത്രം നിർമിച്ചത്. 80 സെന്റീമീറ്റർ ഉയരമുള്ള ചട്ടമ്പിസ്വാമി വിഗ്രഹത്തിന് 325 കിലോഗ്രാം ഭാരമുണ്ട്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാറിന്റെ നേതൃത്വത്തിൽ നഗരത്തിൽ വിഗ്രഹപ്രയാണ ഘോഷയാത്ര നടന്നിരുന്നു. ജൻമസ്ഥാന ക്ഷേത്രത്തിൽ നിത്യപൂജകളും പ്രത്യേക വഴിപാടുകളും ഉണ്ടാകും. ക്ഷേത്രത്തിനൊപ്പം നിർമിക്കുന്ന രണ്ടുനിലക്കെട്ടിടത്തിലാണ് പഠനഗവേഷണകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

മന്ത്രി ജി.ആർ.അനിൽ, കെ.മുരളീധരൻ എം.പി., ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി. ട്രഷറർ പ്രതാപചന്ദ്രൻ നായർ, എം.എം.ഹസൻ, വി.എസ്.ശിവകുമാർ, എം.എ.വാഹിദ്, ബി.ജെ.പി. നേതാക്കളായ എസ്.സുരേഷ്, കരമന ജയൻ, ജില്ലയിലെ വിവിധ കരയോഗം പ്രവർത്തകർ, പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമിക്കുകയെന്നത് തിരുവനന്തപുരത്തുകാരുടെ ആഗ്രഹമായിരുന്നുവെന്ന് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ പറഞ്ഞു. എന്നാൽ, പലകാരണങ്ങളാലും അത് യാഥാർഥ്യമായില്ല. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്നതോടെയാണ് താലൂക്ക് യൂണിയൻ ഇതിനായി രംഗത്തെത്തിയത്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പൂർണ പിന്തുണയോടെയാണ് താലൂക്ക് യൂണിയൻ പ്രവർത്തനങ്ങൾ നടത്തിയത്. ഏറെ കഷ്ടതകൾ സഹിക്കേണ്ടിവന്നതായും ഇത്രയധികം പ്രയാസം നേരിട്ട മറ്റൊരു സംരംഭം ഉണ്ടായിട്ടില്ലെന്നും സംഗീത്കുമാർ വേദിയിൽ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..