തിരുവനന്തപുരം : വനംവകുപ്പ് സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ചന്ദനവിഗ്രഹങ്ങൾ കാണാതായ സംഭവത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ മുൻ റെയ്ഞ്ച് ഓഫീസർ ദിവ്യ എസ്.എസ്.റോസ്, ഇപ്പോഴത്തെ റെയ്ഞ്ച് ഓഫീസർ ആർ.വിനോദ് എന്നിവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ വനം ഉപമേധാവിക്ക് നിർദ്ദേശം നൽകി.
വനം മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. റിപ്പോർട്ട് പ്രകാരം തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി കണ്ടെത്തി.
2016-ൽ പരുത്തിപ്പള്ളി റെയ്ഞ്ചിൽ പിടികൂടിയ ഒൻപത് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ വിഗ്രഹവും ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളാണ് കാണാതായത്. ഇതുസംബന്ധിച്ച് കാട്ടാക്കട പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊണ്ടിമുതലുകൾ ഹാജരാക്കാൻ വിചാരണ ആരംഭിച്ചശേഷം കോടതി ആവശ്യപ്പെട്ടെങ്കിലും തൊണ്ടി കാണാനില്ല എന്നാണ് കോടതിയെ അറിയിച്ചത്.
തൊണ്ടിമുതലുകൾ പരിശോധിച്ച് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും കൂടുതൽ ജാഗ്രത പാലിക്കുന്നതിനും എല്ലാ ഡി.എഫ്.ഒ.മാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കും സർക്കിൾ ഓഫീസർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വീഴ്ചകൾ നിസ്സാരമായി കാണാൻ കഴിയില്ലെന്നും തെളിവ് നശിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
പോലീസ് അന്വേഷണം തുടങ്ങി
കാട്ടാക്കട : വനംവകുപ്പിന്റെ പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിൽ തൊണ്ടിയായി സൂക്ഷിച്ചിരുന്ന ചന്ദനവിഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ കാണാനില്ലെന്ന റെയ്ഞ്ച് ഓഫീസറുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസ് സംഘം പരുത്തിപ്പള്ളി വനം ഓഫീസിലെത്തി തെളിവെടുത്തു.
സ്ട്രോങ് റൂം കൈകാര്യം ചെയ്യുന്ന വനം ആസ്ഥാനത്തെ എസ്റ്റേറ്റ് ഓഫീസിലേക്ക് തൊണ്ടി മുതൽ കൊണ്ടുപോകുന്നതായി രേഖയുണ്ടെങ്കിലും കൊണ്ടുപോയതായോ അവ സ്വീകരിച്ചതായി കാണിച്ച് എസ്റ്റേറ്റ് ഓഫീസിൽനിന്നു നൽകുന്ന രേഖയോ കിട്ടിയില്ല. എസ്റ്റേറ്റ് ഓഫീസിലേക്ക് കൊണ്ടുപോയിട്ടുള്ള മറ്റു തൊണ്ടിമുതലുകളുടെ രേഖകൾ ഓഫീസിലുണ്ട്.
2016-ൽ വനം വകുപ്പ് മുട്ടത്തറ സ്വദേശിയിൽനിന്നു കണ്ടെടുത്ത ഒൻപത് വിഗ്രഹങ്ങളും രണ്ട് ചന്ദന മുട്ടികളും 250 ഗ്രാം ചന്ദനച്ചീളുകളുമാണ് കാണാതായത്. വിലപിടിപ്പുള്ള ഇത്തരം തൊണ്ടിമുതലുകൾ സാധാരണ ഇരുമ്പുപെട്ടിയിലാക്കി വനം ആസ്ഥാനത്തെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുക. അവിടെ ഇത് കാണാത്തതിനാൽ, 2016 മുതൽ പരുത്തിപ്പള്ളിയിൽ റെയ്ഞ്ച് ഓഫീസർമാരായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഡി.എഫ്.ഒ. ചോദ്യം ചെയ്തെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി വീണ്ടും ആവശ്യപ്പെട്ടതോടെ കേസിനെ ബാധിക്കുന്ന വിഷയം എന്ന നിലയിലാണ് പോലീസിൽ പരാതി നൽകിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..