തിരുവനന്തപുരം കോർപ്പറേഷനിലും കെട്ടിടനമ്പർ തട്ടിപ്പ്


കണ്ടെത്തിയത് ആഭ്യന്തര അന്വേഷണത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലും കെട്ടിടനമ്പർ ക്രമക്കേട് കണ്ടെത്തി. വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടത്തിനാണ് അനധികൃതമായി കെട്ടിടനമ്പർ നൽകിയത്. കോർപ്പറേഷൻ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

കേശവദാസപുരം വാർഡിലെ ബിൽ കളക്ടറുടെ സംശയത്തെത്തുടർന്നുണ്ടായ പരാതിയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡേറ്റാ എൻട്രി ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തി. കോഴിക്കോട് കോർപ്പറേഷനിലും സമാനരീതിയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തിയത്.

കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിന് ഔദ്യോഗികമായി ഉപയോഗിക്കുന്ന സഞ്ചയ സോഫ്റ്റ്‌വേർ അനധികൃതമായി ഉപയോഗിച്ചാണ് വ്യാജ കെട്ടിടനമ്പർ നൽകിയത്. കേശവദാസപുരം വാർഡിൽ മരപ്പാലത്തുള്ള അജയ്‌ഘോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള രണ്ട് വാണിജ്യ കെട്ടിടങ്ങൾക്കാണ് നമ്പർ നൽകിയത്.

ഈ വർഷം ജനുവരി 28-നായിരുന്നു തട്ടിപ്പ് നടന്നത്. ഇതുസംബന്ധിച്ച് സൈബർ പോലീസിന് പരാതി നൽകിയതായി മേയർ ആര്യാ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബിൽ കളക്ടർ, റവന്യൂ ഇൻസ്പെക്ടർ, റവന്യു ഓഫീസർ എന്നിവരുടെ സഞ്ചയ യൂസർ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ആദ്യഘട്ട അന്വേഷണത്തിനായി പോലീസ് ഉദ്യോഗസ്ഥർ കോർപ്പറേഷനിലെത്തി മൊഴിയെടുത്തു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.

ഓഫീസിലെ ആറുമാസം മുമ്പുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ലഭ്യമല്ല. ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സി-ഡാക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം വരെയുള്ള ദൃശ്യങ്ങൾ മാത്രമാണ് സൂക്ഷിക്കാൻ കഴിയുന്നത്. ജീവനക്കാർ തെറ്റായ പ്രവണത കാണിച്ചാൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..