മുഖ്യമന്ത്രിക്കുനേരേ യുവമോർച്ചയുടെ കരിങ്കൊടി; കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ


Caption

നെയ്യാറ്റിൻകര : ധനുവച്ചപുരം ഗവ. ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരേ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

ഉദ്ഘാടനച്ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കാനിരിക്കേ ഡി.സി.സി. ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ളവരെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് ധനുവച്ചപുരത്തിനു സമീപത്തുവച്ച് യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷും ഖജാൻജി വിനോദ് ലക്ഷ്മണയുമാണ് കരിങ്കൊടി കാട്ടിയത്. ഉടനെ എസ്കോർട്ടിലുണ്ടായിരുന്ന പോലീസ് ഇവരെ പിടികൂടി. ഇവർക്കെതിരേ കേെസടുക്കുകയും പോലീസ് കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തു.

ധനുവച്ചപുരം ഗവ. ഐ.ടി.ഐ.യിൽ ആയുധം നിർമിക്കുന്നെന്നാരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടിപ്രതിഷേധവുമായി രംഗത്തെത്തിയത്.

ഐ.ടി.ഐ.യിൽ നിർമിക്കുന്ന ആയുധങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സമരങ്ങളും നടത്തിയിരുന്നു. എന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം നേരത്തേ കോൺഗ്രസ് നേതൃത്വം ബഹിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി നോട്ടീസിൽ പേരുണ്ടായിരുന്ന ശശി തരൂർ എം.പി.യും എം.വിൻസെന്റ് എം.എൽ.എ.യും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തിരുന്നില്ല.

മാത്രവുമല്ല, മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധപരിപാടികൾ നടത്താനും നേതൃത്വം തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി മഞ്ചവിളാകം ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ, മണ്ഡലം പ്രസിഡന്റ് മഞ്ചവിളാകം ജയകുമാർ, കൊല്ലയിൽ രാജൻ എന്നിവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ധനുവച്ചപുരത്തു നിൽക്കുകയായിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പൊഴിയൂർ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.

മുൻകരുതലിന്റെ ഭാഗമായി യൂത്ത്‌ കോൺഗ്രസ് നേതാക്കളായ ചെങ്കൽ റജി, പ്രമോദ് കാരോട്, അനു എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.

ഐ.ടി.ഐ.കളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റും -മുഖ്യമന്ത്രി

തിരുവനന്തപുരം : ഐ.ടി.ഐ.കളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ.യെ അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ. ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം. 16 കോടി ചെലവിൽ നിർമിച്ച ഐ.ടി.ഐ.യിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയതോതിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിൽദാതാക്കളെ ഐ.ടി.ഐ.കളുമായി നേരിട്ടു ബന്ധപ്പെടുത്തുന്നരീതിയിൽ മാറ്റം ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

എം.എൽ.എ.മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ജി.സ്റ്റീഫൻ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ട്രെയിനിങ് വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..