ജെ.ഇ.ഇ. അഡ്വാൻസ്ഡ് : തോമസ് ബിജു ചീരംവേലിന് 360-ൽ 300 മാർക്ക്


1 min read
Read later
Print
Share

ജെ.ഇ.ഇ. അസ്വാൻസ്ഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ തോമസ് ബിജു ചീരംവേലിലിന് അമ്മ റീനി രാജൻ മധുരം നൽകി സന്തോഷം പങ്കിടുന്നു. അച്ഛൻ ബിജു സി.തോമസ്, സഹോദരൻ പോൾ ബിജു എന്നിവർ സമീപം

തിരുവനന്തപുരം : ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷയിൽ രാജ്യത്ത് മൂന്നാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ. 360-ൽ 300 മാർക്ക് നേടിയാണ് തോമസ് ബിജു അഭിമാനാർഹമായ നേട്ടം നേടിയത്. മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) യിൽ ചേർന്ന് കംപ്യൂട്ടർ സയൻസ് എൻജിനിയറിങ് പഠിക്കാനാണ് തോമസ് ബിജുവിന്റെ തീരുമാനം.

ജെ.ഇ.ഇ. മെയിൻ ആദ്യ സെഷനിലും രണ്ടാം സെഷനിലും മുഴുവൻ സ്‌കോറും നേടി സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു. എൻജിനിയറിങ് ലക്ഷ്യമാക്കിയാണ് പ്ലസ്ടു പഠനം ആരംഭിച്ചതെന്ന് തോമസ് ബിജു പറയുന്നു. ആദ്യസ്ഥാനത്ത് എത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനം തുടങ്ങിയത്. സിലബസ് കൃത്യമായി പിന്തുടർന്നതും പരീക്ഷകൾ സമയാസമയത്ത് എഴുതിയതും ഗുണംചെയ്തു. ദിവസവും 12 മണിക്കൂർ പഠനത്തിനായി മാറ്റിവെയ്ക്കുമെന്ന് തോമസ് ബിജു പറഞ്ഞു.

അന്നന്നത്തെ പാഠഭാഗങ്ങൾ കൃത്യമായി പഠിച്ചുതീർക്കുന്ന ശീലമാണ്. ഓർമിച്ചുവെക്കാനുള്ള കാര്യങ്ങൾ പ്രത്യേകം ചാർട്ടാക്കിവെയ്ക്കും. ദിവസവും 150 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാണ് പരിശീലനം. സംശയങ്ങൾ അപ്പപ്പോൾത്തന്നെ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കും. മൊബൈൽഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി. പഠനാവശ്യങ്ങൾക്കുമാത്രമാണ് ഇന്റർനെറ്റ് ഉപയോഗിച്ചത്- തോമസ് ബിജു പറഞ്ഞു.

തിരുമല വിശ്വപ്രകാശ് സെൻട്രൽ സ്‌കൂളിൽനിന്ന് പ്ലസ്ടുവിന് 99.4 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്. പാലാ ബ്രില്യന്റ്, തിരുവനന്തപുരം മാത് ഐ.ഐ.ടി. എന്നിവിടങ്ങളിലായിരുന്നു പ്രവേശനപരീക്ഷയ്ക്ക് പരിശീലനം.

കേശവദാസപുരം കാക്കനാട് ലെയിൻ 'കാവ്യാഞ്ജലി'യിലാണ് താമസം. വി.എസ്.എസ്.സി.യിൽ എൻജിനിയറായ ആലപ്പുഴ കുട്ടനാട് മുട്ടാർ ചീരംവേലിൽ ബിജു സി. തോമസിന്റെയും പത്തനംതിട്ട മല്ലശ്ശേരിമുക്ക് സ്വദേശിയും വഴുതയ്ക്കാട് വിമെൻസ് കോളേജിൽ അധ്യാപികയുമായ റീനി രാജന്റെയും മകനാണ്. സഹോദരൻ: പോൾ ബിജു.

ക്രൈസ്റ്റ് നഗർ, നിർമലാഭവൻ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : ടൂറിസം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച ക്രൈസ്റ്റ് നഗർ, നിർമലാഭവൻ സ്കൂളുകൾക്ക് പൂർണാവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നഗരത്തിൽ മൂന്നുമണി മുതൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..