നവരാത്രി വിഗ്രഹങ്ങൾ തലസ്ഥാനത്ത്‌


പൂജവയ്പ് ഇന്നു തുടങ്ങും

• പദ്‌മനാഭപുരത്തുനിന്ന് നവരാത്രി പൂജയ്ക്കായി എഴുന്നള്ളിച്ച വിഗ്രഹങ്ങൾ കരമന ആവടി അമ്മൻ കോവിലിൽ നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ചപ്പോൾ ഫോട്ടോ: എസ്‌. ശ്രീകേഷ്‌

തിരുവനന്തപുരം : ആഘോഷവും ഭക്തിയും സമന്വയിച്ച് മൂന്നുദിവസത്തെ യാത്രയ്ക്കൊടുവിൽ നവരാത്രി വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച പദ്മനാഭപുരത്തു നിന്ന്‌ ആരംഭിച്ച ഘോഷയാത്രയെ ഞായറാഴ്ച സന്ധ്യയ്ക്ക് തലസ്ഥാനം ഭക്ത്യാദരപൂർവം വരവേറ്റു. കരമനയിൽനിന്നു ഭക്തിതരംഗിതമായ ആവേശത്തിരയിലേറിയാണ് ഘോഷയാത്ര കിഴക്കേക്കോട്ടയിലെത്തിയത്.

ആനപ്പുറത്ത് സരസ്വതി ദേവിയും വേലുത്തമ്പി ദളവ നടയ്ക്കുവച്ച വെള്ളിക്കുതിരപ്പുറത്ത് കുമാരസ്വാമിയും പല്ലക്കിൽ ശുചീന്ദ്രം മുന്നൂറ്റിനങ്കയെയുമാണ് പൂജയ്ക്കിരുത്താൻ എഴുന്നള്ളിച്ചത്. കിഴക്കേക്കോട്ടയിലെത്തിയ ഘോഷയാത്രയെ കവടിയാർ രാജകുടുംബാംഗങ്ങൾ ആചാരപരമായി വരവേറ്റു. തിങ്കളാഴ്ച രാവിലെ നവരാത്രി മണ്ഡപത്തിലും മറ്റു ക്ഷേത്രങ്ങളിലും വിഗ്രഹങ്ങളെ പൂജയ്ക്കിരുത്തും.നെയ്യാറ്റിൻകരയിൽനിന്ന്‌ ഞായറാഴ്ച രാവിലെ ആരംഭിച്ച എഴുന്നള്ളത്തിനു നഗരാതിർത്തിയായ നേമത്ത് റവന്യൂവകുപ്പിന്റെ സ്വീകരണം ഉണ്ടായിരുന്നു. തുടർന്ന് കരമന ആവടിയമ്മൻ കോവിലിലെത്തിച്ച വിഗ്രഹങ്ങൾക്ക് ഇറക്കിപൂജയും സരസ്വതിദേവിക്ക് ആറാട്ടും നടത്തി. ഇവിടെനിന്ന് കുമാരസ്വാമിയെ അലങ്കരിച്ച വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിച്ചു. വൈകുന്നേരം കിള്ളിപ്പാലത്തെത്തിയ ഘോഷയാത്രയ്ക്ക് ഭക്തർ കമനീയമായ വരവേൽപ്പാണ് നൽകിയത്. ചാലക്കമ്പോളത്തിൽ പുഷ്പവൃഷ്ടിയും ഭക്തജനത്തിരക്കും മൂലം ഘോഷയാത്ര പതുക്കെയാണ് നീങ്ങിയത്. വിവിധ നവരാത്രി സംഘടനകളുടെ പ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു.

ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ നവരാത്രിമണ്ഡപത്തിനു മുന്നിൽ രാജകുടുംബം സ്ഥാനി മൂലം തിരുനാൾ രാമവർമ ഏറ്റുവാങ്ങി. കവടിയാർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതിബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി, അവിട്ടം തിരുനാൾ ആദിത്യവർമ, നവരാത്രി ട്രസ്റ്റ് ഭാരവാഹികളായ ആർ.രാജരാജവർമ, ഡി.വെങ്കിടേശ്വര അയ്യർ, ശ്രീപദ്മനാഭസ്വാമിക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ്‌കുമാർ, മാനേജർ ബി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സരസ്വതിദേവിക്ക് പദ്മതീർഥക്കുളത്തിൽ ആറാട്ട് നടത്തി. വിഗ്രഹത്തെ ഞായറാഴ്ച നവരാത്രിമണ്ഡപത്തിലെ നല്ലിരുപ്പ് മുറിയിലാണ് പൂജയ്ക്കിരുത്തിയത്.

തിങ്കളാഴ്ച രാവിലെ നവരാത്രിമണ്ഡപത്തിൽ ഉടവാളിനൊപ്പം വിഗ്രഹവും പൂജയ്ക്കിരുത്തും. കോട്ടയ്ക്കകം വരെ കൊണ്ടുവന്ന വേളിമല കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലേക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലേക്കും കൊണ്ടുപോയി. ഒക്ടോബർ അഞ്ചിനാണ് പൂജയെടുപ്പ്. ആറിന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. ഏഴിന് മാതൃക്ഷേത്രങ്ങളിലേക്കുള്ള മടക്കയാത്ര പുറപ്പെടും.

നവരാത്രി ആഘോഷം ഇന്ന് തുടങ്ങും:നവരാത്രി മണ്ഡപത്തിൽ സഞ്ജയ് സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരി

തിരുവനന്തപുരം : അക്ഷരം, ശക്തിചൈതന്യം, ഐശ്വര്യം എന്നിവയുടെ ദേവതകളെ ഉപാസിക്കുന്ന നവരാത്രി ആഘോഷത്തിന് തിങ്കളാഴ്ച തുടക്കമാകും. ദേവീക്ഷേത്രങ്ങളിൽ നവരാത്രി നൃത്ത സംഗീതോത്സവങ്ങൾ ഇതോടൊപ്പം നടക്കും. വിജയദശമിവരെ കലയുടെയും സംഗീതത്തിന്റെയും അക്ഷരപൂജയുടെയും അലയൊലികളാണെങ്ങും. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ വൈകീട്ട് 6.30ന് സഞ്ജയ് സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരിയോടെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമാകും.

ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമി ദിനത്തിൽ പൂജവയ്ക്കും. നാലിന് നവരാത്രിപൂജ. അഞ്ചിന് രാവിലെ പൂജയെടുപ്പിനെത്തുടർന്ന് ക്ഷേത്രങ്ങളിൽ കുട്ടികൾക്ക് വിദ്യാരംഭം നടക്കും. ലക്ഷ്മി, ദുർഗ, സരസ്വതി എന്നീ ദേവതമാരെ ആരാധിക്കുന്ന കാലമാണ് നവരാത്രി. കന്നിമാസത്തെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള രാത്രികാലങ്ങളിലാണ് നവരാത്രി ആഘോഷം. ദുർഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ചതിന്റെ പേരിലാണ് വിജയദശമി ആഘോഷിക്കുന്നത്. അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടെയും അഭ്യാസ സംരംഭത്തിന് ചേർന്ന സമയമായി ഇതിനെ പരിഗണിക്കുന്നു.

ദുർഗയുടെ രൂപാന്തരസങ്കൽപ്പമാണ് സരസ്വതി. വിദ്യയുടെ ആവിർഭാവത്തോടുകൂടി അജ്ഞാനം നശിച്ചുവെന്ന സൂചനയാണ് മഹിഷാസുരവധം. അതിനാൽ ദേവിയുടെ വിജയദിനമായ വിജയദശമി, വിദ്യാരംഭത്തിന് പരിഗണിക്കപ്പെട്ടു. യോദ്ധാവ് തന്റെ ആയുധങ്ങളും, എഴുത്തുകാരൻ ഗ്രന്ഥങ്ങളെയും തൂലികയെയും, ഗായകൻ സംഗീതോപകരണങ്ങളെയും ദേവിയുടെ സമക്ഷത്തിൽ സമർപ്പിച്ച് പൂജിച്ചശേഷം വിജയദശമിയുടെ നല്ല മുഹൂർത്തത്തിൽ തിരിച്ചെടുക്കുന്നതാണ് ആചാരം. കേരളത്തിൽ പ്രാചീനകാലം മുതൽക്ക് വഞ്ചിരാജാക്കന്മാർ നവരാത്രി ആഘോഷിച്ചതായി ചരിത്രമുണ്ട്.

ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, പൂജപ്പുര സരസ്വതിമണ്ഡപം എന്നിവിടങ്ങളിൽ നവരാത്രി സംഗീതോത്സവം നടക്കും. അഗ്രഹാരങ്ങളിൽ തമിഴ് ആചാരപ്രകാരമുള്ള കൊലുവയ്‌പ്പോടെയാണ് നവരാത്രി ആഘോഷിക്കുന്നത്. കന്യാകുമാരി ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. വിജയദശമിക്ക് കടലിൽ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..