സ്ഥലമെടുത്തിട്ട് 40 വർഷംഅവനവഞ്ചേരി പോസ്റ്റോഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തിൽ


Caption

ആറ്റിങ്ങൽ : അവനവഞ്ചേരി പോസ്റ്റോഫീസിനുവേണ്ടി ഭൂമി വാങ്ങിയിട്ട് 40 വർഷം പിന്നിടുന്നു. ഇതുവരെ പോസ്റ്റോഫീസിന് സ്വന്തം കെട്ടിടമായില്ല. പ്രതിമാസം പതിനായിരം രൂപയ്ക്കു മുകളിൽ വാടക നല്കിയാണ് വർഷങ്ങളായി ഈ ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടം നിർമിക്കുന്നതിനുവേണ്ടി പോസ്റ്റൽ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ആറ്റിങ്ങൽ-അയിലം റോഡിൽ ഗ്രാമത്തുംമുക്കിനു സമീപത്തായാണ് പോസ്റ്റോഫീസിനായി 20 സെന്റ് ഭൂമി വാങ്ങിയിട്ടുള്ളത്. പോസ്റ്റോഫീസിനുള്ള ഭൂമിയാണെന്നും അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കാടുകയറിക്കിടക്കുന്ന ഈ ഭൂമിയിപ്പോൾ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമാണ്. ആളുകൾ മതിൽക്കെട്ടിനുള്ളിലേക്കു മാലിന്യങ്ങളും വലിച്ചെറിയുന്നുണ്ട്. ഭൂമി ശുചീകരിക്കാനുള്ള നടപടികൾപോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവനവഞ്ചേരി പോസ്റ്റോഫീസിലും ആറ്റിങ്ങൽ ഹെഡ് പോസ്റ്റോഫീസിലും പരാതിപറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാർ. ഗ്രാമത്തുംമുക്ക് വാട്ടർസപ്ലൈ റോഡിലെ കെട്ടിടത്തിലാണ് ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. ഗ്രാമത്തുംമുക്കിൽത്തന്നെയുള്ള ഒരു വീട്ടിലായിരുന്നു ഏറെക്കാലം ഓഫീസ് പ്രവർത്തിച്ചിരുന്നത്. അവിടെനിന്നാണ് വാട്ടർസപ്ലൈ റോഡിലുള്ള കെട്ടിടത്തിലേക്കു മാറിയത്.ആറ്റിങ്ങൽ നഗരസഭയുടെ പകുതിയോളം പ്രദേശവും മുദാക്കൽ പഞ്ചായത്തിന്റെ പകുതിയോളം ഭാഗവും അവനവഞ്ചേരി പോസ്റ്റോഫീസിന്റെ പരിധിയിലുണ്ട്. തപാൽവിതരണത്തിനു പുറമേ തപാൽ വകുപ്പിന്റെ പല സേവനങ്ങളും ഈ ഓഫീസ് വഴി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നിരവധിപ്പേർ ദിവസവും ഈ ഓഫീസിലെത്തുന്നു.

പരിമിതമായ സൗകര്യങ്ങളാണ് ഈ ഓഫീസിലുള്ളത്. ലക്ഷങ്ങൾ വിലയുള്ള ഭൂമി കാടുകയറിക്കിടക്കുമ്പോഴാണ് ഓരോ വർഷവും ഒന്നരലക്ഷത്തോളം രൂപ വാടക നല്കി ഓഫീസ് പ്രവർത്തിപ്പിക്കുന്നത്. ഏറ്റെടുത്ത ഭൂമിയിൽ കെട്ടിടം നിർമിച്ചാൽ വാടകയിനത്തിൽ ചെലവാകുന്ന തുക തപാൽവകുപ്പിന് ലാഭിക്കാം.

വാണിജ്യലക്ഷ്യംകൂടി മുന്നിൽക്കണ്ട് കെട്ടിടം നിർമിക്കുകയാണെങ്കിൽ വാടകയിനത്തിൽ വലിയൊരു തുകയും ലഭിക്കും. ഈ സാധ്യതകളൊന്നും പരിഗണിക്കാൻ തപാൽവകുപ്പ് തയ്യാറായിട്ടില്ല. ഭൂമിയിലെ കാട് നീക്കംചെയ്ത് ശുചീകരണം നടത്തണമെന്നും കെട്ടിടം നിർമിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..