ലോക വയോജന ദിനം ഇന്ന് : ഹാപ്പി ഹോമിൽ ‘ഹാപ്പി’യാണ്


വാർധക്യത്തിൽ തണലൊരുക്കി കവളാകുളം ഹാപ്പി ഹോം

• കവളാകുളത്തെ ഹാപ്പി ഹോമിലെ മട്ടുപ്പാവിൽ കൃഷിയിലേർപ്പെട്ടിരിക്കുന്ന ഇവിടത്തെ താമസക്കാർ

നെയ്യാറ്റിൻകര : വാർധക്യത്തിൽ കുടുംബാംഗങ്ങൾ ഒപ്പമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ 18 പേർ കവളാകുളം ഹാപ്പി ഹോമിൽ ‘ഹാപ്പി’യാണ്. ഒറ്റപ്പെട്ടെന്ന ആശങ്കയോ, പരിഭവമോയില്ലാതെ ഇവർ കൃഷി ചെയ്തും വായിച്ചും കഴിയുകയാണ്.

സർക്കാർ സർവീസിൽനിന്നു വിരമിച്ചവർ, അഭിഭാഷകർ, അധ്യാപകർ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഹാപ്പി ഹോമിൽ താമസിച്ചിട്ടുള്ളത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന രവീന്ദ്രവർമയുടെ ഭാര്യ മംഗൾവർമയുടെ ജീവിതത്തിലെ അവസാന കാലഘട്ടം ചെലവിട്ടത് ഹാപ്പി ഹോമിലായിരുന്നു.എൽഡേഴ്‌സ് വെൽഫെയർ അസോസിയേഷനാണ് അൻപതുപേർക്ക് താമസിച്ച് കഴിയുന്നതിന് ഹാപ്പി ഹോം കവളാകുളത്ത് നിർമിച്ചത്. നാല് ബ്ലോക്കുകളിലായി എ.കെ.ആന്റണി എം.പി.യായിരുന്നപ്പോൾ അനുവദിച്ച അൻപത് ലക്ഷം രൂപയും വായ്പയും സംഭാവനയും സ്വരൂപിച്ചാണ് ഒന്നേകാൽക്കോടി രൂപ ചെലവിട്ട് ഹാപ്പി ഹോം നിർമിച്ചത്.

അസോസിയേഷൻ പ്രസിഡന്റ് വി.കെ.എൻ.പണിക്കരുടെയും ജനറൽ സെക്രട്ടറി കെ.വിജയകുമാറിന്റെയും ഖജാൻജി പി.മുരളീധരൻനായരുടെയും മേൽനോട്ടത്തിലാണ് ഹാപ്പി ഹോമിന്റെ പ്രവർത്തനം. ഭക്ഷണച്ചെലവിനുള്ള പണം മാത്രമാണ് ഇവിടെ എത്തുന്നവരിൽനിന്നും ഈടാക്കുന്നത്. ഇതിനുപോലും കഴിയാത്തവരെ അസോസിയേഷൻ ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ട്.

ലോക വയോജന ദിനമായ ഒക്ടോബർ ഒന്നിന് ഹാപ്പിഹോമിൽ മുതിർന്ന പൗരന്മാരെ ആദരിക്കലും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവും ചികിത്സാ ധനസഹായ വിതരണവും നടക്കും. രാവിലെ 11-ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ.മാരായ കെ.ആൻസലൻ, എം.വിൻസെന്റ് എന്നിവർ പങ്കെടുക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..